ഇടതു തരംഗത്തിൽ ആവേശത്തോടെ കേരളം

0
40

-കെ വി –

ചരിത്രം തിരുത്തിക്കുറിക്കുന്ന നിർണായക ജനവിധിക്കായുള്ള ആവേശച്ചുവടുകളിലാണ് കേരളം. സുസ്ഥിര വികസനത്തിനായി ഭരണത്തുടർച്ച ഉറപ്പാക്കാൻ ചുറുചുറുക്കോടെ പൊരുതിക്കയറുകയാണ് എൽ ഡി എഫ്. വീറുറ്റ പോർനിലങ്ങളിൽ ഉയർന്നുപൊങ്ങുന്ന ആരവങ്ങളിൽ എൽ ഡി എഫ് മേൽക്കൈ പ്രകടമാണ്. വികസനവിരുദ്ധ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരോട് കണക്കുതീർക്കാൻ കാത്തുനിൽക്കുകയാണ് നാടെങ്ങുമുള്ള പ്രബുദ്ധ വോട്ടർമാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനങ്ങളിൽ ഓരോ യിടത്തും തിങ്ങിനിറഞ്ഞ പതിനായിരങ്ങൾ ഇടതുപക്ഷ തരംഗത്തിന്റെ പ്രതീതി പരത്തുന്നു.

കോൺഗ്രസ്സിന്റെ നേതൃനിരയിൽനിന്ന് ദേശീയവക്താവായ പി സി ചാക്കോ ഉൾപ്പെടെ രാജിവെച്ച് എൽ ഡി എഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയത് നല്ല മതിപ്പുളവാക്കിയിട്ടുണ്ട്. സംസ്ഥാനതല നേതാക്കളായിരുന്ന അഡ്വ. പി എം സുരേഷ് ബാബു, കെ സി റോസക്കുട്ടി ടീച്ചർ എന്നിവരും നൂറുകണക്കിന് പ്രാദേശിക പ്രവർത്തക രും കോൺഗ്രസ് വിട്ട് ഇപ്പുറത്തേക്ക് വന്നവരിൽപെടും. പ്രചാരണ പ്രവർത്തനങ്ങളിൽ പരക്കെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് മികച്ചു നിൽക്കുന്നത്. സ്ഥാനാർത്ഥികളെ നേരത്തേ പ്രഖ്യാപിക്കാനായതും പടലപ്പിണക്കങ്ങളില്ലാത്തതും നല്ല മുന്നേറ്റത്തിന് വഴിയൊരുക്കി. ബൂത്തടിസ്ഥാനത്തിലുള്ള യോഗങ്ങളിൽവരെ മുമ്പൊരിക്കലുമില്ലാത്തത്ര ജനപങ്കാളിത്തമുണ്ട്. സംഘടനാപരമായ കെട്ടുറപ്പും ചിട്ടയായ പ്രവർത്തനവും മിക്ക മണ്ഡലങ്ങളിലും മുൻതൂക്കമുറപ്പിക്കുന്നു.

മറുപക്ഷത്താകട്ടെ, യു ഡി എഫും ബി ജെ പി യും വൈകിയാണ് പ്രചാരണ രംഗത്തിറങ്ങിയതു തന്നെ. സ്ഥാനാർത്ഥി നിർണയം അനിശ്ചിതമായി നീളുകയായിരുന്നു. പല മണ്ഡലങ്ങളിലും തർക്കം ഇനിയും തീർന്നിട്ടില്ല. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് കെ പി സി സി ഓഫീസിനു മുമ്പിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത് സ്ത്രീകൾക്കിടയിൽ ശക്തമായ വികാരമുയർത്തിയതാണ്. രാജ്യത്തിന്റെയും കോൺഗ്രസ്സിന്റെയും ചരിത്രത്തിൽ ആദ്യ മാണിത്തരം സംഭവം. അതിനിടയാക്കിയ നേതൃത്വത്തോടുള്ള അമർഷം കെട്ടടങ്ങിയിട്ടില്ല. അസ്വാരസ്യത്തിന്റെ സ്വാഭാവിക പ്രതികരണങ്ങൾ പ്രവർത്തനത്തെയും ബാധിക്കുന്നു. കോൺഗ്രസ്സിൽ എ കെ ആന്റണിയും രാഹുൽഗാന്ധിയും മുതൽ പ്രിയങ്ക വധേര വരെ എത്തിയിട്ടും ഇളക്കം സൃഷ്ടിക്കാനായിട്ടില്ല.

ബി ജെ പിയാകട്ടെ, തുടക്കമേ പിഴച്ചതിന്റെ ക്ഷീണം വിട്ടുമാറാത്ത നിലയിൽനിന്ന് കുതറിപ്പിടഞ്ഞെറ്റിട്ടേയുള്ളൂ. തലശ്ശേരി, ഗുരുവായൂർ, ദേവീകുളം എന്നീ മണ്ഡലങ്ങളിൽ അവർക്ക് സ്ഥാനാർത്ഥികളില്ല. നാമനിർദേശ പത്രികകൾ തള്ളിപ്പോകാൻ കാരണം കരുതിക്കൂട്ടിയുള്ള ഒത്തുകളിയാണെന്ന ആക്ഷേപം നിലനിൽക്കുകയാണ്. യു ഡി എഫുമായുള്ള രഹസ്യബന്ധം ബി ജെ പി യുടെ എം പികൂടിയായ സുരേഷ് ഗോപി സൂചിപ്പിരുന്നു. അതുസംബന്ധിച്ച വിവാദം ആളിപ്പടരുകയാണ്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അത് തിരുത്തിയെങ്കിലും ഗുരുവായൂർ- ദേവികുളം മണ്ഡലങ്ങളിൽ ആരെ പിന്തുണയ്ക്കുമെന്ന് ഇനിയും പറഞ്ഞിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി , ആഭ്യന്തരമന്ത്രി അമിത് ഷാ , ദേശീയ അധ്യക്ഷൻ ജെ പി നദ്ദ മുതലായ നേതാക്കൾ വന്നുപോയെങ്കിലും അവരുടെ പ്രസംഗം കേൾക്കാൻ ആളുകൾ നന്നേ കുറവായിരുന്നു.

ജനക്ഷേമ പ്രവർത്തനങ്ങളിലൂന്നിയുള്ള ഭരണമികവിന് ദേശീയതലത്തിൽ സംസ്ഥാനം ഒട്ടേറെ അംഗീകാരങ്ങൾ കരസ്ഥമാക്കിയതിന്റെ അഭിമാനത്തോടെയാണ് എൽ ഡി എഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തുടർച്ചയായുള്ള രണ്ട് കൊടുംപ്രളയവും നിപ്പയും ഓഖിയും കോവിഡ് മഹാമാരിയും മ്ലാനത പരത്തിയ നാളുകളിൽ നാടിന്റെ അതിജീവനത്തിന് താങ്ങും തണലുമായി ഒപ്പംനിന്നിട്ടുണ്ട് പിണറായി സർക്കാർ . പട്ടിണിയെ പടിയകറ്റി, ഉപജീവനവഴിയും കിടപ്പാടവും ഉറപ്പാക്കി , കേരളത്തെ സമഗ്രവളർച്ചയിലേക്ക് നയിച്ചുപോന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇക്കാര്യത്തിൽ ചാരിതാർത്ഥ്യമുണ്ടുതാനും. സമീപകാലത്ത് സംസ്ഥാനം കൈവരിച്ച കിടയറ്റ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാൻ പ്രതിപക്ഷവും ചില വാർത്താമാധ്യമങ്ങളും നുണപരമ്പരകളിൽ അഭിരമിക്കുകയാണെങ്കിലും ജനമനസ്സിൽ അതൊന്നും ഏശിയിട്ടില്ല.

അന്ധമായ രാഷ്ട്രീയവിരോധത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ സുപ്രധാന വികസനപദ്ധതികൾ ക്കുൾപ്പെടെ പാരവെക്കുന്ന സങ്കുചിതശക്തികൾക്കെതിരെ ശക്തമായ ജനവികാരമാണ് തദ്ദേശ ഭരണസമിതി തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. അപ്രതീക്ഷിത ദുരിത ഘട്ടങ്ങളിലും പൊതുവികസന പ്രശ്നങ്ങളിലും ഒരുമിച്ചുനിൽക്കേണ്ട ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഛിദ്രശക്തികളും യു ഡി എഫും ഇപ്പോളും ഒരേ ചേരിയിലാണ്. ഇടതുപക്ഷ ബദൽ വികസന നയങ്ങളോട് കടുത്ത എതിർപ്പുള്ള കോർപ്പറേറ്റ് കമ്പനികളുടെ സർവവിധ വിഭവപിന്തുണയും അവർക്കുണ്ട്. മൂലധനതാല്പര്യങ്ങളിൽ അധിഷ്ഠിതമായ കമ്യൂണിസ്റ്റ് വിരോധത്തിൽ മതിമറന്ന വാർത്താ മാധ്യമലോബിയും ഈ അവിശുദ്ധ സഖ്യത്തിന് കർസേവ ചെയ്യുകയാണ്. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന മേഖലയിൽ ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന ധനകാര്യസ്ഥാപനമായ കിഫ്ബിയെയും , സൗജന്യ നിരക്കിൽ ഇന്റർനെറ്റ് സേവനം വ്യാപിപ്പിക്കുന്ന കെ ഫോൺ പദ്ധതിയെയുമടക്കം കുതന്ത്രങ്ങളിലൂടെ തകർക്കാനാണ് കേന്ദ്രഭരണകക്ഷിയായ ബി ജെ പി കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ അതിരുവിട്ട രാഷ്ടീയ ദാസ്യവേലയെപോലും ഒക്കച്ചങ്ങാതിമാരായ കോൺഗ്രസ് നേതാക്കൾ പിന്തുണയ്ക്കുകയാണ്. അതുകൊണ്ടുതന്നെ നാടിനോടും ജനങ്ങളോടും കൂറുള്ളവർ മറ്റു ചെറിയ തർക്കങ്ങളെല്ലാം മാറ്റിവെച്ച് ഒരുമിച്ചണിനിരക്കേണ്ട സന്ദർഭമാണിത്.

 

യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ കോട്ടകളിൽവരെ മുമ്പൊരിക്കലുമില്ലാത്തത്ര ഇടതുപക്ഷാനുകൂല രാഷ്ട്രീയചലനങ്ങൾ അനുവപ്പെടുന്നുണ്ട്. എൽ ഡി എഫ് ഉയർത്തിപ്പിടിക്കുന്ന വികസനവും കരുതലും കക്ഷിരാഷ്രീയത്തിനതീതമായിതന്നെ ബഹുജനപിന്തുണ ആർജിച്ചുവരുന്നു. 2016 – ലെ തെരഞ്ഞെടുപ്പിലേതിനേക്കാൾ മെച്ചപ്പെട്ട ജനവിധിയുണ്ടാകുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

യു ഡി എഫും ബി ജെ പിയും പെരുംനുണകളുടെ കൂട്ടുകൃഷിയിലാണ് ഏർപ്പെട്ടിരിക്കുന്നത്. വികസന കാര്യങ്ങൾ പൊതുചർച്ചയിൽ വരുന്നത് ഒഴിവാക്കാനാണ് കൂട്ടായ ശ്രമം. പക്ഷേ, ആഞ്ഞുപിടിച്ച് ഉയർത്തിക്കൊണ്ടുവരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഒന്നൊന്നായി പൊളിയുകയാണ്. തദ്ദേശ സമിതി തെരഞ്ഞെടുപ്പിലേ ജനങ്ങൾ തള്ളിയ തുമ്പില്ലാത്ത ആരോപണങ്ങളാണ് ആവർത്തിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളും ഒരുകൂട്ടം വാർത്താ മാധ്യമങ്ങളും അതിന് അരുനിൽക്കുകയാണ്.

മുന്നണിയിലെ കക്ഷിബലം നോക്കിയാൽതന്നെ മുമ്പത്തേക്കാൾ തളർച്ചയിലാണ് യു ഡി എഫ്. കേരളാ കോൺഗ്രസ് മാണി വിഭാഗവും എം പി വീരേന്ദ്രകുമാർ നയിച്ചിരുന്ന എൽ ജെ ഡിയും ആ സഖ്യംവിട്ട് ഇപ്പുറം ചേർന്നത് നിസ്സാര മാറ്റമല്ല. കോട്ടയം, ഇടുക്കി, പത്തനംതിട്ട , ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലും വടക്കൻ കുടിയേറ്റ മേഖലകളിലും ജോസ് കെ മാണിയുടെ പാർട്ടിക്ക് വിപുലമായ ജനസ്വാധീനമുണ്ട്. എൽ ജെ ഡി ശ്രേയാംസ് കുമാർ പക്ഷത്തിന് മദ്ധ്യകേരളത്തിലെയും മലബാറിലെയും ചില പ്രദേശങ്ങളിൽ കരുത്തുണ്ട്. എൽ ഡി എഫിന് അനുകൂലമായ ഇത്തരം ഘടകങ്ങൾ തദ്ദേശ ഭരണസമിതി തെരഞ്ഞെടുപ്പിലേ വ്യക്തമായതാണ്.