SPECIAL REPORT : രാഹുലും മോദിയും വന്നിട്ടും ഏൽക്കുന്നില്ല, കേരളത്തിൽ പിണറായി തരംഗം

0
105

അനിരുദ്ധ്.പി.കെ

പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും, ദേശിയ നേതാക്കളെ ഉൾപ്പടെ രംഗത്ത് ഇറക്കിയിട്ടും ഇടതുപക്ഷത്തിന്റെ മുന്നേറ്റം തടയാനാകാതെ പ്രതിപക്ഷം. യു ഡി എഫ് ക്യാമ്ബുകളിൽ ആവേശം നിറക്കാൻ വേണ്ടിയാണ് രാഹുൽ ഗാന്ധിയെ കേരളത്തിലെത്തിച്ചതെങ്കിലും പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടായിട്ടില്ല.

രാഹുൽ വന്നിട്ടും പലയിടത്തും കോൺഗ്രസ്സിൽ നിന്നും കൊഴിഞ്ഞു പോകു തുടരുന്നു. പ്രതീക്ഷിച്ച രീതിയിൽ ആളുകൾ പൊതുസമ്മേളനങ്ങളിൽ എത്തുന്നുമില്ല, അതേസമയം പിണറായി വിജയന് കേരളത്തിലെ ക്രോഡഡ് പുള്ളർ നേതാവായി മാറി കഴിഞ്ഞു, ആർത്തിരമ്പുന്ന ജനസാഗരമാണ് മുഖ്യമന്ത്രിയുടെ പര്യടനത്തിലുടനീളം കാണുവാൻ കഴിയുന്നത്.

കേരളം ഇളകി മറിയുകയാണ് ; മീനച്ചൂടിനെയും മറികടക്കുന്ന ആവേശത്തോടെ. ഓർക്കാപ്പുറത്ത് വന്നുപെട്ട ദുരിതപർവം കടക്കാൻ കൂടെനിന്ന് നയിച്ച ക്യാപ്റ്റനെ കാണാനും കേൾക്കാനും ആബാലവൃദ്ധം ഒഴുകിയെത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സംസ്ഥാനതല പ്രചാരണപര്യടനം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ എങ്ങും റെക്കോഡ് ജനക്കൂട്ടം . എൽ ഡി എഫ് ഉറപ്പാണ് എന്ന പ്രഖ്യാപനത്തിൻ്റെ ജീവസ്സുറ്റ സഫലസാക്ഷ്യംപോലെ .

ഓഖിയും നിപ്പയും പ്രളയവും മഹാമാരിയും വിതച്ച കഷ്ടപ്പാടുകളുടെ കുത്തൊഴുക്കിലും പട്ടിണിയെ പടിയകറ്റാൻ തുണച്ച ഇടതുപക്ഷ ഭരണത്തോടുള്ള അതിരറ്റ കടപ്പാടാണ് ഓരോ ബഹുജനറാലിയും വിളിച്ചറിയിക്കുന്നത് . എത്ര ഭയങ്കര കാറ്റും കോളും നിറഞ്ഞ കടലിലും തികഞ്ഞ തൻ്റേടത്തോടെ, അളവറ്റ ആത്മവിശ്വാസത്തോടെ സഹയാത്രികരെ കരയടുപ്പിക്കാൻ കെല്പുള്ള കപ്പിത്താനെപ്പോലെയാണ് മുഖ്യമന്ത്രിയെ ജനങ്ങൾ കാണുന്നത്.

മുമ്പൊന്നും പിണറായിയോട് അത്ര പ്രിയമില്ലാതിരുന്നവരിലും കക്ഷിരാഷ്ട്രീയത്തിന് അതീതമായ നല്ലൊരാത്മബന്ധം വളർന്നുവന്നിട്ടുണ്ട്. ജനജീവിതത്തിൻ്റെ ഓരോ തുറയിലെയും നാഡീസ്പന്ദനങ്ങളും നെടുവീർപ്പുകളും കണ്ടറിഞ്ഞ് , ആശ്വാസത്തിൻ്റെയും പ്രതീക്ഷയുടെയും തിരിതെളിയിച്ച് സാധാരണക്കാർക്ക് താങ്ങൊരുക്കുന്ന കരുത്തനായ നേതാവ് എന്ന പൊതുധാരണ പ്രബലമാണ്.

അമിത് ഷായെയും മോദിയെയും ഇറക്കി മഹാസമ്മേളനങ്ങൾ നടത്തുന്ന ബി ജെ പി ക്ക് സംസ്ഥാനതലത്തിൽ ആളെ ഇറക്കിയിട്ടും ഇടതുപക്ഷത്തിന്റെ മണ്ഡലം പരിപാടികളെ കവച്ചു വെക്കാൻ കഴിയുന്നില്ല. അർഹമായ അവഗണ നൽകി കേരളം ബി ജെ പി യെ പുറത്ത് നിർത്തുന്നതിന്റെ നേർസാക്ഷ്യം കൂടിയാണ് ഈ ആളില്ലായ്മ.

ദേശിയ തലത്തിൽ ആളെക്കൂട്ടുന്ന ബി ജെ പി സ്റ്റാർ ക്യാമ്പയിനർമാരായ മോദിക്കും അമിത് ഷായ്ക്കും പിണറായി വിജയൻറെ ജനകീയതയ്ക്ക് മുന്നിൽ പിടിച്ച് നില്ക്കാൻ അഴിയുന്നില്ല എന്നതാണ് വസ്തുത. ഈ ജനകീയതയിൽ വിറളി പൂണ്ട ബി ജെ പി യും യു ഡി എഫും അണിയറയിൽ പൂഴിക്കടകൻ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. പക്ഷെ ജനം ഉറപ്പിച്ചു കഴിഞ്ഞു അവരെ പ്രതിസന്ധികളിൽ നിന്നും കരകയറ്റിയ അവർക്ക് ഭഗഹനവും മരുന്നും നൽകി മഹാമാരിയിൽ നിന്നും സംരക്ഷിക്കുന്ന കേരളത്തിന്റെ ക്യാപ്റ്റൻ വീണ്ടും നാടിന്റെ വികസനത്തിന് ചുക്കാൻ പിടിക്കണമെന്ന്.