ഗുരുവായൂർ, തലശേരി കോലീബി റെഡി

0
92

ഗുരുവായൂരിലും തലശേരിയിലും വോട്ട്‌ യുഡിഎഫിന്‌ നൽകുമെന്ന്‌ ബിജെപി സ്ഥാനാർഥി സുരേഷ്‌ ഗോപി പറഞ്ഞത്‌, വിപുലമായ കോ ലി ബി സംഖ്യത്തിന്റെ മുന്നൊരുക്കം. ചാനലുകളുടെ സർവേയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപ്രീതിയിലും വിറളി പൂണ്ട, ബിജെപി, കോൺഗ്രസ്‌, ലീഗ്‌ നേതാക്കൾതന്നെയാണ്‌ വിപുലമായ സഖ്യത്തിന്റെ മാസ്‌റ്റർ പ്ലാൻ തയ്യാറാക്കിയത്‌.

ബിജെപിയെ ചില സീറ്റുകളിൽ ജയിപ്പിക്കുക, പകരമായി കോൺഗ്രസ്‌–-മുസ്ലിംലീഗ്‌ സ്ഥാനാർഥികൾക്ക്‌ വോട്ട്‌ എന്ന ധാരണയാണ്‌ രൂപപ്പെടുന്നത്‌. ഇതിൽ ഗുരുവായൂരും തലശേരിയുംമാത്രം പരസ്യമാക്കി. ബിജെപി അണികൾക്കുള്ള കൃത്യമായ സന്ദേശം എന്ന നിലയിലാണ്‌ സുരേഷ്‌ ഗോപിയുടെ പ്രസ്‌താവന വന്നത്‌. ഇത്തരമൊരു ധാരണ പുറത്തുവന്നിട്ടും യുഡിഎഫ്‌ നേതൃത്വം നിഷേധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്‌.

തലശേരിയിൽ എൽഡിഎഫിലെ എ എൻ ഷംസീറിനെ തോൽപ്പിക്കും, ഗുരുവായൂരിൽ ലീഗിന്റെ കെ എൻ എ ഖാദറിനെ ജയിപ്പിക്കും എന്നാണ്‌ സുരേഷ്‌ ഗോപി വെളിപ്പെടുത്തിയത്‌. ഗുരുവായൂരിൽ ബിജെപി സഹായമുണ്ടാകുമെന്ന്‌ ലീഗ്‌ സ്ഥാനാർഥി കെ എൻ എ ഖാദർ പരസ്യമായി പറഞ്ഞതുമാണ്.

പൗരത്വ ഭേദഗതി നിയമത്തെയടക്കം ഖാദർ ന്യായീകരിച്ചതും ബിജെപി വോട്ട്‌ കണ്ടാണ്‌.തലശേരിയിൽ ഇടതുപക്ഷത്തെ തോൽപ്പിക്കുക എന്നത്‌ ബിജെപി–-ആർഎസ്‌എസ്‌ സംഘത്തിന്റെ എക്കാലത്തെയും വലിയ മോഹമാണ്‌. സംസ്ഥാനത്ത്‌ ഏറ്റവുമധികം ആർഎസ്‌എസ്‌ ശാഖകളുള്ളതും‌ തലശേരി താലൂക്കിലാണ്‌.

തലശേരിയിൽ ജയിക്കാൻ എല്ലാവരുടെയും വോട്ട്‌ യുഡിഎഫ്‌ നേടുമെന്നാണ്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത്‌. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയോ മുസ്ലിംലീഗ്‌ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയോ കോലിബി സഖ്യത്തെപ്പറ്റി മിണ്ടുന്നുമില്ല. കുറച്ചുകാലമായി ബിജെപിയോട്‌ മൃദുനയമാണ്‌ ഇരുവർക്കും.

അമിത്‌ ഷാ കേരളത്തെയും ന്യൂനപക്ഷത്തെയും പൗരത്വനിയമം അടക്കമുള്ള വിഷയങ്ങളിൽ അവഹേളിച്ചിട്ടും ലീഗ്‌പോലും മൗനത്തിലായിരുന്നു. പ്രചാരണത്തിനായി കേരളത്തിൽ തമ്പടിച്ച രാഹുൽ ഗാന്ധിയും ബിജെപിക്കെതിരെ വാ തുറക്കുന്നില്ല. എ കെ ആന്റണിയും ബിജെപി സഖ്യത്തെപ്പറ്റി പതിവുപോലെ അറിയാ ഭാവത്തിലാണ്‌.