പിഎസ്‌സി ലാസ്റ്റ്‌ ഗ്രേഡ്‌ സർവന്റ്‌സ്‌ ; ആകെ നിയമനം 14,996

0
29

പിഎസ്‌സി ലാസ്റ്റ്‌ ഗ്രേഡ്‌ സർവന്റ്‌സ്‌ റാങ്ക്‌ പട്ടികയിൽ 573 പേർക്കുകൂടി നിയമനം ലഭിച്ചതോടെ ആകെ നിയമനം ലഭിച്ചവർ 14,996 ആയി. 2015ൽ നിലവിൽ വന്ന പട്ടികയിൽനിന്ന്‌ 8668 പേർക്കും 2017ലേതിൽനിന്ന്‌ 6217 പേർക്കുമാണ്‌ എൽഡിഎഫ്‌ സർക്കാർ നിയമനം നൽകിയത്‌.

2021 ജൂൺ 30ന്‌ അവസാനിക്കേണ്ടിയിരുന്ന റാങ്ക്‌ പട്ടികയുടെ കാലാവധി 2021 ആഗസ്ത്‌ നാലുവരെ നീട്ടിയിരുന്നു. അതിനാൽ കൂടുതൽ പേർക്ക്‌ നിയമനത്തിന്‌ അവസരമായി.ഈ റാങ്ക്‌ പട്ടികയിൽനിന്ന്‌ വേണ്ടത്ര നിയമനം നടക്കുന്നില്ലെന്ന്‌ ആരോപിച്ചായിരുന്നു റാങ്ക്‌ ഹോൾഡർമാർ സെക്രട്ടറിയറ്റിനു മുന്നിൽ സമരം നടത്തിയത്‌.

വിദ്യാഭ്യാസ യോഗ്യതയിൽ വരുത്തിയ ഭേദഗതിയും സെക്രട്ടറിയറ്റ്‌, പിഎസ്‌സി, ലോക്കൽ ഫണ്ട്‌ ഓഡിറ്റ്‌ വകുപ്പ്‌ തുടങ്ങിയ വകുപ്പുകളിലെ ഒഴിവുകൾ സെക്രട്ടറിയറ്റ്‌ സബോർഡിനേറ്റ്‌ സർവീസിൽ ഉൾപ്പെടുത്തി പ്രത്യേക വിജ്ഞാപനം ഇറക്കിയതുമാണ് ഇതിനു കാരണമായത്.

ആഹ്ളാദത്തിൽ ഉദ്യോഗാർഥികൾ

പിഎസ്‌സിയുടെ 2018 ലെ റാങ്ക്‌ പട്ടികയിൽനിന്ന്‌ കൂടുതൽ പേർക്ക്‌ നിയമനം നൽകുമെന്ന സർക്കാരിന്റെ ഉറപ്പ്‌ യാഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ്‌ ഉദ്യോഗാർഥികൾ. കോവിഡിനും തെരഞ്ഞെടുപ്പ്‌ തിരക്കുകൾക്കുമിടെ രണ്ടു മാസംകൊണ്ട് 573 പേർക്കാണ്‌ നിയമനം നൽകിയത്.

ശുഭ പ്രതീക്ഷ
ലയ രാജേഷ് (തൃശൂർ)
പെൻഡിങ്‌ ഉണ്ടായിരുന്ന ഒഴിവുകൾ സർക്കാരിന്റെ ഇടപെടലോടെ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. യൂണിവേഴ്‌സിറ്റി, ഹയർ സെക്കൻഡറി ഒഎ, നൈറ്റ്‌ വാച്ച്‌മാൻ തുടങ്ങിയവയിലും നിയമനവും സമാനമായി നടക്കണമെന്നാണ്‌ ആഗ്രഹം. ഇക്കാര്യത്തിൽ ശുഭ പ്രതീക്ഷയുണ്ടെന്നും സെക്രട്ടറിയറ്റിനു മുന്നിലെ സമരത്തിൽ മുമ്പിലുണ്ടായിരുന്ന ലയ പറഞ്ഞു.

സർക്കാർ ചെയ്തത് വലിയ കാര്യം
വി എസ്‌ ആരോമൽ (തിരുവനന്തപുരം)
ഇത്രയധികം ആളുകൾക്ക്‌ വേഗത്തിൽ നിയമനശുപാർശ നൽകിയത്‌ വലിയ കാര്യമാണ്‌. ഒഴിവുകൾ വേഗത്തിൽ റിപ്പോർട്ട്‌ ചെയ്യുകയും നിയമനം വേഗത്തിലാക്കുകയും ചെയ്യുന്നുണ്ട്. ലാൻഡ്‌ റെവന്യൂവകുപ്പിൽ ഓഫീസ്‌ അറ്റൻഡന്റായി നിയമനം ലഭിച്ച ആരോമൽ പറഞ്ഞു.

ഉറപ്പുണ്ടായിരുന്നു സർക്കാരിനെ
വി വിജിത് (കൊല്ലം, കരുനാഗപ്പള്ളി)
സർക്കാരിന്റെ കാലത്ത് ജോലി ലഭിക്കുമെന്ന ഉറപ്പുണ്ടായിരുന്നു. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിൽ നിയമന ശുപാർശ ലഭിച്ചു. എന്നെപ്പോലെ നിരവധിപേരുടെ സർക്കാർ ജോലി എന്ന സ്വപ്നം യാഥാർഥ്യമാക്കിയ സർക്കാരിന്‌ നന്ദി.

പിഎസ്‌സിയെ വിശ്വാസമാണ്
എം സി ഷിജിന (കായലോട്, കണ്ണൂർ) ‌
കാത്തിരുന്ന സ്വപ്‌നം സ്വന്തമായതിന്റെ സന്തോഷത്തിലാണ്‌. രണ്ടു‌ വർഷത്തെ കഠിനപരിശീലനമാണ്‌ ഫലം കണ്ടത്. സമരകോലാഹലങ്ങൾ നടക്കുമ്പോഴും പിഎസ്‌സിയെ ഞങ്ങൾക്ക്‌ ഉറച്ച വിശ്വാസമായിരുന്നു. പിഎസ്‌സി നൽകിയ നിയമനങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോൾ നിരാശപ്പെടാനില്ലെന്ന് മനസ്സിലായി‌.

സമരത്തിന്‌ മുമ്പേ ശുപാർശകിട്ടി
താഹിറ ഫർഹത്ത്‌ (മുട്ടിൽ, വയനാട്)
കഴിഞ്ഞ നാലിനാണ്‌ ഓഫീസ്‌ അസിസ്‌റ്റന്റായി നിയമനം ലഭിച്ചത്‌‌‌. പഞ്ചായത്ത്‌ വകുപ്പിലെ പെർഫോമൻസ്‌ ഓഡിറ്റിന്റെ മുട്ടിൽ ഓഫീസിലാണ്‌ ജോലി. വീടിനടത്തുതന്നെ നിയമനം ലഭിച്ചതിൽ ഏറെ സന്തോഷം. ലാസ്‌റ്റ്‌ ഗ്രേഡ്‌ ഉദ്യോഗാർഥികൾ സമരം തുടങ്ങുന്നതിനുമുമ്പേതന്നെ നിയമന ശുപാർശ ലഭിച്ചിരുന്നു.