നാലുവോട്ടിനായി വർഗീയശക്തികളെ പ്രീണിപ്പിക്കില്ല : മുഖ്യമന്ത്രി

0
122

നാലുവോട്ടിനായി വർഗീയ ശക്തികളെ പ്രീണിപ്പിക്കുന്ന അവസരവാദ നിലപാട്‌ ഇടതുപക്ഷം ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ഇനിയതുണ്ടാകില്ലെന്നും ‌ മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ്‌ റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ബിൽ നടപ്പാക്കുമെന്ന്‌ അമിത് ‌ഷാ പറയുമ്പോൾ നടപ്പാക്കില്ല എന്നാണ്‌ എൽഡിഎഫ്‌ സർക്കാർ ആവർത്തിച്ച്‌ പറയുന്നത്‌. എന്നാൽ, അതിന്‌ ഫോറം പൂരിപ്പിച്ചുനൽകാമെന്നാണ്‌ മുസ്ലിംലീഗിന്റെ ഗുരുവായൂരിലെ സ്ഥാനാർഥി പറയുന്നത്‌. ചില പ്രത്യേക നീക്കമാണ്‌ കേരളത്തിൽ കോൺഗ്രസും മുസ്ലിംലീഗും ബിജെപിയും നടത്തുന്നത്‌.

ബിജെപിയെ പ്രീണിപ്പിക്കുന്ന ചില അടയാളങ്ങൾ പ്രദർശിപ്പിക്കാൻ ഗുരുവായൂരിലെ സ്ഥാനാർഥിക്ക്‌ മടിയുണ്ടായില്ല. നേമത്ത്‌ ബിജെപിയെ അക്കൗണ്ട്‌ തുറക്കാൻ സഹായിച്ചത്‌ യുഡിഎഫിന്റെ അവസരവാദ സമീപനമാണ്‌. ഇത്‌ ഇനിയും മുന്നോട്ട്‌ കൊണ്ടുപോകും എന്നതിന്റെ തെളിവാണ്‌ ഗുരുവായൂരിലെ സ്ഥാനാർഥി പരസ്യമായി പറഞ്ഞത്‌. ഈ കള്ളക്കളികൾ തിരിച്ചറിയാനാകണം.

മതനിരപേക്ഷതയെ സംരക്ഷിക്കുമ്പോൾ വർഗീയതയോട്‌ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ സ്വീകരിക്കണം. കോൺഗ്രസിന്‌ ഇത്‌‌ സാധിക്കില്ലെന്നാണ്‌ സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്‌. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സംയുക്ത സമരത്തിൽനിന്ന്‌ പിന്മാറിയതും ബീഫ്‌ നിരോധനത്തിൽ വ്യക്തമായ നിലപാട്‌ സ്വീകരിക്കാത്തതും ഇതിന്‌ ഉദാഹരണങ്ങളാണ്‌.

വിനാശകാലേ വിപരീത ബുദ്ധിയെന്നതാണ്‌ യുഡിഎഫിനെ നയിക്കുന്നത്‌. എൽഡിഎഫിന്റെ ജനകീയാടിത്തറയുടെ പൊരുൾ മനസ്സിലാകാതെ അപവാദപ്രചാരണമാണ്‌ പ്രതിപക്ഷം നടത്തുന്നത്‌. യുഡിഎഫുകാർപോലും ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിനെ അനുകൂലിക്കില്ല. പെൻഷൻ വാങ്ങുന്നവരും അരിയുമായി വീട്ടിലെത്തുന്ന കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങളുമെല്ലാം പ്രതിപക്ഷ നേതാവിനെ തള്ളിക്കളയുന്നതാണ്‌ കേരളത്തിന്റെ ചിത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.