‘ലൈഫ്’ കേന്ദ്രത്തിന്റ പദ്ധതിയല്ല, സർക്കാർ 2,52,748 വീടുകൾ പൂർത്തിയാക്കി : മുഖ്യമന്ത്രി

0
85

എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ഏകീകൃത ഭവന പദ്ധതി ലൈഫ്‌ പദ്ധതി വഴി 2,52,748 വീടുകൾ പൂർത്തിയാക്കിയന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാർച്ച് പത്താം തീയതി വരെയുള്ള കണക്കു പ്രകാരം മൂന്നു ഘട്ടങ്ങളിലായാണ്‌ ഇവ പൂർത്തിയാക്കിയത്‌.

കേന്ദ്രത്തിൽ നിന്ന്‌ വരുന്ന ചിലർ പ്രചിപ്പിക്കുന്നത്‌ പോലെ ലൈഫ്‌ ഭവന പദ്ധതി കേന്ദ്ര സർക്കാരിന്റെ പദ്ധതിയല്ല.ഫെഡറൽ സംവിധാനത്തിൽ കേന്ദ്രം നൽകുന്നത്‌ സംസ്‌ഥാനങ്ങൾക്കുള്ള അവകാശമാണെന്നും ഔദാര്യമോ സഹായമോ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്‌ഥാനത്ത്‌ തദ്ദേശ വകുപ്പ്, പട്ടികജാതി-പട്ടികവർഗ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവയുടെ വിവിധ പാർപ്പിട പദ്ധതികളും പ്രധാനമന്ത്രി ആവാസ് യോജന അർബൻ/റൂറൽ പാർപ്പിട പദ്ധതികളും ഒരു കുടക്കീഴിലാക്കിയാണ് ലൈഫ് മിഷൻ പാർപ്പിട പദ്ധതി രൂപം നൽകിയത്. ഇക്കാര്യം പ്രധാനമന്ത്രിയേയും അറിയിച്ചിട്ടുള്ളതാണ്‌. കേരളത്തിന്‌ അർഹതപ്പെട്ട അവകാശങ്ങൾ നൽകാൻ കേന്ദ്രത്തിന്‌ ബാധ്യതയുണ്ട്‌.

ഇതിൽ സംസ്ഥാന സർക്കാരിൻറെയും വിവിധ വകുപ്പുകളുടെയും വിഹിതം മാത്രം ഉപയോഗിച്ച് 1,70,427 വീടുകളാണ് നിർമിച്ചിട്ടുള്ളത്. ഈ ഓരോ വീടുകൾക്കുമുള്ള സംസ്ഥാന സർക്കാറിൻറെ വിഹിതം നാലു ലക്ഷം രൂപയാണ്.

ലൈഫ് പിഎംഎവൈ അർബൻ പ്രകാരം 64,966 വീടുകൾ നിർമിച്ചു. ഈ പദ്ധതിപ്രകാരം ഓരോ വീടിനും കേന്ദ്ര വിഹിതം 1,50,000 രൂപയാണ്. ബാക്കി 2,50,000 രൂപ നൽകുന്നത് സംസ്ഥാന സർക്കാരാണ്. ലൈഫ് പിഎംഎവൈ റൂറൽ പ്രകാരം 17,355 വീടുകൾ നിർമിച്ചിട്ടുണ്ട്. അതിൽ ഓരോ വീടിനുമുള്ള കേന്ദ്രവിഹിതം 72,000 രൂപയാണ്. ബാക്കി 3,28,000 രൂപ സംസ്ഥാന സർക്കാരിൻറെ വിഹിതമാണ്.

8823.20 കോടി രൂപയാണ് ലൈഫ് മിഷൻ പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചിട്ടുള്ളത് സംസ്ഥാന സർക്കാർ നേരിട്ട് 2,190.37 കോടി രൂപയും തദ്ദേശസ്ഥാപനങ്ങൾ വഴി 2,766.6 കോടി രൂപയും ഹഡ്കോയിൽ നിന്ന് എടുത്ത 2,800 കോടി രൂപയുടെ വായ്പയും ചേർത്ത് സംസ്ഥാനം ചെലവിട്ടത് ആകെ 7,867.97 കോടി രൂപയാണ്. ലോൺ തുകയുടെ പലിശ സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. 8.75 ആണ് പലിശനിരക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫ്‌ സർക്കാർ നടത്തിയ പ്രവർത്തനം നാട്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. അതിന്റെ പ്രതിഫലനം ജനങ്ങളിൽനിന്ന്‌ ഉണ്ടാകുന്നു . വലിയ പിന്തുണയാണ്‌ എൽഡിഎഫ്‌ സർക്കാരിന്‌ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.