അന്നം മുടക്കൽ : ചെന്നിത്തലയുടെ സെൽഫ് ഗോളുകൾ യു ഡി എഫിന് വീണ്ടും വിനയാവുന്നു

0
106

– കെ വി –

ബൂമറാങ്ങ്പോലെ എന്ന പ്രയോഗത്തിന് തെരഞ്ഞെടുപ്പുകാലത്തിതാ വല്ലാത്തൊരു അർത്ഥത്തിളക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടിക്കുന്ന സെൽഫ് ഗോളുകൾ യു ഡി എഫിൻ്റെ ദയനീയ പതനം ഉറപ്പാക്കുകയാണ് .

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കാവട്ടെ, പ്രതിക്ഷിച്ചതിനേക്കാൾ ഈസി വാക്കോവറിന് അവസരവും ഒരുക്കുന്നു. വ്യാജ വോട്ടുകളെക്കുറിച്ചുള്ള ചെന്നിത്തലയുടെ തുടർപ്രസ്താവനകൾ സ്വയം വടി കൊടുത്ത് അടി വാങ്ങുന്നതിന് തുല്യമാണ്. സ്കൂൾ കുട്ടികൾക്കും മുൻഗണനേതര റേഷൻ കാർഡുകാർക്കും അരി നൽകുന്നതിനെ ചോദ്യം ചെയ്തതാണ് മറ്റൊരമളി .

യു ഡി എഫിന് അന്നംമുടക്കികൾ എന്ന ദുഷ്പ്പേരുകൂടി കേൾപ്പിക്കാൻ ഇത് ഇടയാക്കിയിരിക്കയാണ്. തൊടുത്തുവിടുന്നതെല്ലാം കൂടുതൽ ഊക്കോടെ തിരിച്ചുകൊള്ളുകയാണ് ചെന്നിത്തലയ്ക്ക്.വ്യാജവോട്ടുകൾ സംബന്ധിച്ച പരാതിയുമായി ഹൈക്കോടതിയെയടക്കം സമീപിച്ച ചെന്നിത്തല വെള്ളിയാഴ്ചവരെ മികച്ച ഫോർവേഡ്‌ കളിക്കാരനായി ഞെളിഞ്ഞതാണ്.

എന്നാൽ , സ്വന്തംപാർട്ടിയിലെ അരഡെസനോളം സ്ഥാനാർത്ഥികൾക്കും കുടുംബത്തിനും അദ്ദേഹത്തിൻ്റെ അമ്മയ്ക്കുമുൾപ്പെടെ ഒന്നിലധികം വോട്ടുകളും തിരിച്ചറിയൽ കാർഡുകളും ഉണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ വെട്ടിലായ നേതാവ് പുതിയ വിശദീകരണങ്ങളുമായി ഇറങ്ങിയെങ്കിലും പരിചയ്ക്ക് ബലം പോരാ.

വോട്ടർ പട്ടികയിൽ എങ്ങനെയൊക്കെയോ വന്ന പിഴവുകളെ എൽ ഡി എഫിൻ്റെ കള്ളവോട്ടുനീക്കമായാണ് കോ-ലീ-ബി നേതാക്കൾ ആരോപിച്ചിരുന്നത്. എന്നാൽ , വോട്ടർ പട്ടികയിലെ “വ്യാജരി “ൽ ഏറെയും കോൺഗ്രസ്സുകാരാണെന്ന് ആക്ഷേപമുയർത്തിയ ആദ്യനാളിലേ വ്യക്തമായിരുന്നു. അക്കൂട്ടത്തിൽ യു ഡി എഫ് സ്ഥാനാർത്ഥികൾകൂടി ഉണ്ടെന്ന് ബോധ്യമായതോടെ ചെന്നിത്തലയ്ക്ക് തടിയൂരാൻ വഴിയില്ലാതായി.

ഡോ. എസ് എസ് ലാൽ ( കഴക്കൂട്ടം) എൽദോസ് കുന്നപ്പള്ളി ( പെരുമ്പാവൂർ)
ശോഭ സുബിൻ (കയ്പ്പമംഗലം), പത്മജ വേണുഗോപാൽ (തൃശൂർ) മുതലായ സ്ഥാനാർത്ഥികൾ, എ ഐ സി സി മാധ്യമ സെൽ ചുമതലക്കാരി കണ്ണൂരിലെ ഷമ മുഹമ്മദ്, രമേശ് ചെന്നിത്തലയുടെ മാതാവ് ദേവകിയമ്മ എന്നിവർ പല ബൂത്തിലെയും പട്ടികയിൽ പേരുള്ളവരാണ്.

ഈ സ്ഥാനാർത്ഥികളിൽ ചിലരുടെ മത്സരിക്കാനുള്ള അർഹത തന്നെ വോട്ടെടുപ്പിനുശേഷവും കോടതിയിൽ ചോദ്യംചെയ്യപ്പെട്ടേക്കും. എന്നാൽ , എൽ ഡി എഫ് സ്ഥാനാർത്ഥികളുടെയോ നേതാക്കളുടെയോ ഒന്നും പേരുകൾ പട്ടികകളുടെ സൂക്ഷ്മ പരിശോധനയിലും ശനിയാഴ്ചവരെ കണ്ടിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കിയത് ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും വേണ്ടത്ര സാവകാശം നൽകിയിട്ടാണ്. പട്ടിക പരിശോധിക്കാനും പരാതികൾ ബോധിപ്പിക്കാനും വോട്ടർമാർക്കും രാഷ്ട്രീയ പാർട്ടികൾക്കും വിവിധ ഘട്ടങ്ങളിലായി സമയം അനുവദിച്ചിരുന്നു.

അതൊന്നും ഉപയോഗപ്പെടുത്താതെയാണ് വോട്ടെടുപ്പുനാൾ അടുത്തെത്തിയിരിക്കെ യു ഡി എഫ് നേതാക്കൾ പരാതിയുമായി രംഗത്തെത്തിയത്. കനത്ത പരാജയമാണ് മുന്നിൽ കാത്തുനിർക്കുന്നതെന്ന് അറിഞ്ഞുകൊണ്ടുള്ള മുൻകൂർ ജാമ്യം തേടലാണിതെന്ന് തുടക്കത്തിലേ സംശയമുയർന്നതാണ്.

മലയാള മനോരമ അമിതമായി ഇടപെട്ട് ചെന്നിത്തലയെ പിന്തുണച്ചതോടെ ഉള്ളിലിരിപ്പ് നാട്ടുകാർക്ക് ബോധ്യപ്പെടുകയും ചെയ്തു. കോവിഡ് l സാഹചര്യത്തിൽ ഓൺലൈനിലാണ് വോട്ടർ പട്ടിക പുതുക്കിയിരുന്നത്. അതിൽ വന്ന സാങ്കേതികപ്പിഴവുകളാകാം ഇരട്ടിപ്പിന് കാരണമെന്ന് അധികൃതർ വിശദമാക്കിയിട്ടും ചെന്നിത്തല അത് അംഗീകരിച്ചിരുന്നില്ല.

യു ഡി എഫുകാർക്ക് അന്നം മുടക്കികൾ എന്ന പേര് സമ്പാദിച്ചുകൊടുത്തത് ചെന്നിത്തലയുടെ മറ്റൊരബദ്ധമാണ്. സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിൻ്റെ വിഹിതമായ അരിയും, മുൻഗണനേതര റേഷൻ കാർഡുടമകൾക്ക് സൗജന്യ നിരക്കിലുള്ള അരിയും വിതരണം ചെയ്യാൻ ഫെബ്രുവരി ആദ്യത്തിലേ സർക്കാർ ഉത്തരവായിരുന്നു.

അന്ന് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നിരുന്നില്ല. മുൻഗഗണനാ ലിസ്റ്റിൽ പെടാത്ത റേഷൻ കാർഡുകാർക്ക് 15 രൂപ വിലത്തോതിൽ 10 കിലോ അരി വീതമാണ് കൊടുക്കുന്നത്. എന്നിട്ടും അതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവ് പരാതി നൽകി. ഇതേ തുടർന്നാണ് അരി നൽകൽ കമ്മീഷൻ വിലക്കിയത്.

ഉത്സവ കാലമായതിനാൽ രണ്ടുമാസത്തെ ക്ഷേമപെൻഷൻ 3100 രൂപ ഒരുമിച്ച് എത്തിക്കാനും സർക്കാർ നടപടി സ്വീകരിച്ചിരുന്നു. അതും ചെന്നിത്തലയ്ക്ക് ഇഷ്ടമായില്ല. ഇക്കാര്യത്തിലും പാരവെപ്പ് തുടരുകയാണ്.അടുത്ത മാസം ആദ്യവാരത്തിലാണ് ഈസ്റ്റർ. വിഷു ഏപ്രിൽ 14-നും. റംസാൻ വ്രതാരംഭവും രണ്ടാമത്തെ ആഴ്ചയിലാണ്.

ക്ഷേമ പെൻഷൻ കിട്ടേണ്ടവർ മൊത്തം 58 ലക്ഷത്തിലധികം പേരുണ്ട്. മുൻഗണനാ വിഭാഗത്തിന് പുറത്തുള്ള റേഷൻ കാർഡുടമകൾ 50. 87 ലക്ഷവും. അവർക്ക് മുഴുവൻ അർഹതപ്പെട്ട പെൻഷനും അരിയും വിതരണം ചെയ്ത് തീർക്കാൻ ഒരുമാസത്തോളം എടുക്കും. അതുകൊണ്ടാണ് നേരത്തേതന്നെ അതിന് നടപടി സ്വീകരിച്ചത്.

വരുമാന വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണവും മുമ്പേ പ്രഖ്യാപിച്ചതാണ് . 89. 80 ലക്ഷം വീട്ടുകാർക്ക് . അതിലൊക്കെ ഇടങ്കോലിട്ട് തടസ്സമുണ്ടാക്കാനാണ് യു ഡി എഫും ബി ജെ പിയും ശ്രമിക്കുന്നത്. കോ-ലീ-ബി കക്ഷികളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ തനികാപട്യമാണെന്ന് ഈ ദുഷ്ട സമീപനം തെളിയിക്കുന്നു.