പ്രതിപക്ഷം പ്രതികാര പക്ഷമാകരുത് , ചെന്നിത്തല കേരളീയരുടെ അന്നം മുടക്കുന്നു: മുഖ്യമന്ത്രി

0
102

പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമീഷനോട്‌ നുണ പറഞ്ഞ് ജനങ്ങളുടെ അന്നംമുട്ടിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷ്യക്കിറ്റ് എന്നത് ജനങ്ങള്‍ക്കുള്ള സൗജന്യമല്ല, അവകാശമാണ് എന്ന് പ്രതിപക്ഷം മനസിലാക്കണം. പ്രതിപക്ഷം എന്നത് പ്രതികാരപക്ഷമാകരുതെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ നിവേദനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആക്ഷേപിച്ചത് ഏപ്രില്‍ മാസത്തെ ക്ഷേമപെന്‍ഷനോടൊപ്പം മെയ് മാസത്തെ പെന്‍ഷനും മുന്‍കൂറായി സര്‍ക്കാര്‍ നല്‍കുന്നുവെന്നാണ്. എവിടുന്നാണ് അദ്ദേഹത്തിന് ഈ വിവരം കിട്ടയത്?

ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് ഉത്തരവാദിത്വപ്പെട്ട കേന്ദ്രത്തിലേക്ക് പരാതി അയക്കുമ്പോള്‍ അത് വസ്തുതയായിരിക്കണം. സര്‍ക്കാര്‍ മെയ് മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുന്നില്ല. മാര്‍ച്ചിലെയും ഏപ്രിലെയും കൂടിയാണ് നല്‍കുന്നത്. മാര്‍ച്ചും മെയും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലായോ പ്രതിപക്ഷ നേതാവ്?-മുഖ്യമന്ത്രി ചോദിച്ചു.

തെരഞ്ഞെടുപ്പ് തീയതിയെ കുറിച്ച് സൂചനകള്‍ പോലും വരാതിരുന്ന ഫെബ്രുവരി 8നാണ് ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിഷുവിന് മുന്‍പ് വിതരണം ചെയ്യണമെന്ന് ഉത്തരവിറക്കിയത്. ഈസ്റ്ററിനും വിഷുവിനുമൊക്കെ മുന്‍പ് തന്നെ പെന്‍ഷന്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍ കണ്ടിരുന്നത്. ഇത് പുതുമയുള്ള കാര്യവുമല്ല. വിശേഷദിവസങ്ങള്‍, ഉത്സവവാവസരങ്ങള്‍-തുടങ്ങിയ ഘട്ടങ്ങളിലൊക്കെ ക്ഷേമപെന്‍ഷനും ശമ്പളവും നേരത്തേ വിതരണം ചെയ്യാറുണ്ട്. അത് ഇതേവരെ കാണാത്ത ആളാണോ പ്രതിപക്ഷനേതാവ് ?

വിഷുക്കിറ്റ് വിതരണം നേരത്തേ നടത്തുന്നത് ജനങ്ങളെ സ്വാധീനിക്കാനാണെന്നാണ് മറ്റൊരു ആരോപണം. കോവിഡ് കാലത്ത് ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് ഭക്ഷ്യക്കിറ്റ് വിതരണത്തിന് സര്‍ക്കാര്‍ തുടക്കമിട്ടത്. കോവിഡ് ദുരിതത്തില്‍ നിന്ന് പൂര്‍ണമായ മോചനം ലഭിച്ചില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് കിറ്റ് വിതരണം തുടരുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. അതും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മുന്നേയുള്ള തീരുമാനമാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കൊപ്പം വകുപ്പിന്റെ ബജറ്റ് വിഹിതംകൂടി ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റ് മാസാമാസം വിതരണം ചെയ്യുന്നത്. ഏപ്രില്‍ മാസത്തെ ക്രമീകരണം വിശദമാക്കി ഫെബ്രുവരി 16ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതാണ്. ഈസ്റ്റര്‍കൂടി കണക്കിലെടുത്താണ് ഏപ്രില്‍ ആദ്യവാരം തന്നെ കിറ്റ് നല്‍കുന്നത്.

ചെന്നിത്തല‌യ്‌ക്ക് ഭക്ഷ്യക്കിറ്റിനെപ്പറ്റി ധാരണയില്ല, ജനങ്ങളുടെ അവസ്ഥ അതല്ല. 2020ലെ ഓണം ആഗസ്ത് 31നായിരുന്നു. അന്ന് ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയത് ആഗസ്ത് 11നാണ്. ക്രിസ്മസ് കണക്കാക്കിയുള്ള കിറ്റ് വിതരണം ഡിസംബര്‍ ആദ്യ ആഴ്ച തന്നെ ആരംഭിച്ചു. വിശേഷ അവസരങ്ങളില്‍ ജനങ്ങള്‍ക്ക് ഗുണപ്രദമാകാന്‍ നേരത്തേതന്നെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്ന രീതിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.

സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിയുടെ ഭാഗമായി നല്‍കുന്ന ഭക്ഷ്യധാന്യം സാധാരണ ഉച്ചഭക്ഷണമായാണ് കൊടുക്കുന്നത്. സ്‌കൂള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ അത് കിറ്റായി കൊടുത്തു. ആദ്യഘട്ടം നേരത്തേ തന്നെ പൂര്‍ത്തിയായി.

രണ്ടാംഘട്ടത്തില്‍ കൂപ്പണ്‍മുഖേന ഔട്ട്‌ലറ്റ് വഴി സാധനങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കാം എന്ന നിര്‍ദേശം വന്നു. എന്നാല്‍ അത് ചെറിയ ശതമാനം പേരെങ്കിലും ദുരുപയോഗിച്ചേക്കാം എന്ന ആശങ്കയുണ്ടായി. അതിനാലാണ് കിറ്റായി കൊടുക്കാന്‍ തീരുമാനിച്ചത്. അതും നേരത്തേ തന്നെ വിതരണം ചെയ്ത് വരുന്നതാണ്.

ഫെബ്രുവരി 20ന് തന്നെ പുതുക്കിയ ഉത്തരവും പുറത്തിറക്കി. അധ്യയന വര്‍ഷം അവസാനിക്കും മുന്‍പ് മാര്‍ച്ച് മാസത്തില്‍ തന്നെ വിതരണം പൂര്‍ത്തിയാക്കാനിയരുന്നു തീരുമാനം. തെരഞ്ഞെടുപ്പ് തീയതി വരുംമുന്‍പാണ് ഈ തീരുമാനവുമെടുത്ത്. അതെങ്ങനെയാണ് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാകുന്നത് ?

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ 1034 കമ്യൂണിറ്റി കിച്ചനുകളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. അവയിലൂടെ നേരിട്ടും പൊതികളിലാക്കി വീടുകളിലെത്തിച്ചും ആവശ്യമായവര്‍ക്ക് ഭക്ഷണം നല്‍കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

എപിഎല്‍-ബിപിഎല്‍ ഭേദമില്ലാതെ എല്ലാവര്‍ക്കും ഭക്ഷ്യക്കിറ്റുകള്‍ സൗജന്യമായി നല്‍കാനും ശ്രമിച്ചു. സ്‌കൂളുകള്‍ അടച്ചിട്ടിട്ടും അര്‍ഹമായ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കി. അംഗന്‍വാടികള്‍ അടച്ചിടേണ്ടി വന്നെങ്കിലും കുഞ്ഞുങ്ങള്‍ക്കും അര്‍ഹമായ ഭക്ഷണം എത്തിച്ചു.

തൊഴില്‍ നഷ്ടമായി വരുമാനം നിലച്ച അവസ്ഥയില്‍ പ്രതിസന്ധിയിലായ ജനങ്ങള്‍ക്കായി സാധാരണ നിലയില്‍ ഒരുസര്‍ക്കാര്‍ ചെയ്യേണ്ട കാര്യമാണ് ഇതൊക്കെ. ഇതിന്റെ കൂടെത്തന്നെ ക്ഷേമനിധികളിലൂടെയും, ക്ഷേമനിധിയില്‍ പെടാത്തവര്‍ക്കും സഹായം നല്‍കി. ഇതൊന്നും ഒരു മേന്മയായല്ല, സര്‍ക്കാരിന്റെ ഉത്തരവാദിത്വമായി മാത്രമേ കണ്ടിട്ടുള്ളൂ.

ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരമൊരു കാര്യത്തിലെങ്കിലും തുടര്‍ച്ചയായി നുണ പറയുന്നതില്‍ നിന്ന് പ്രതിപക്ഷനേതാവ് പിന്തിരിയണം. ജനങ്ങളുടെ ക്ഷേമം തടയുക എന്ന ആഗോളവത്കരണ നയത്തിന്റെ ഭാഗമായാണ് പ്രതിപക്ഷത്തിന്റെ ഇത്തരം നടപടികള്‍. ജനങ്ങള്‍ക്കുള്ള സൗജന്യമല്ല ഇവയൊന്നും.

ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന്റെ ഭാഗമാണിത്. ഒരു സര്‍ക്കാരിന് ജനങ്ങളോട് നിര്‍വഹിക്കേണ്ട കടമയുണ്ട്. അത് തെരഞ്ഞെടുപ്പ് കണ്ടല്ല. ഇക്കാര്യത്തില്‍ സത്യസന്ധമായി കാര്യങ്ങള്‍ മനസിലാക്കി തീരുമാനമെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷണനോടും അഭ്യര്‍ത്ഥിക്കുകയാണ്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ എല്‍ഡിഎഫ് ഏതായാലും തീരുമാനിച്ചിട്ടില്ല. കേരളത്തില്‍ ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്നതാണ് എല്‍ഡിഎഫ് നയം. അടുത്ത സര്‍ക്കാര്‍ വന്നാല്‍ സിവില്‍ സപ്ലൈസും കണ്‍സ്യൂമര്‍ഫെഡും വിപുലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

റേഷന്‍ കടകളില്‍ മറ്റ് ഉപഭോകൃത ഉല്‍പന്നങ്ങള്‍ കൂടി വില്‍ക്കാന്‍ അനുവദിക്കും. ജനസംഖ്യാനുപാതികമായി ജനകീയ ഹോട്ടലുകള്‍ ആരംഭിക്കും. സ്വകാര്യ വിപണനശാലകള്‍ക്ക് ഓദ്യോഗിക റേറ്റിങ് ഏര്‍പ്പെടുത്തും. ഇന്ത്യയെ പലരും വിശപ്പിന്റെ റിപ്പബ്ലിക് എന്നാണ് വിശേഷിപ്പിച്ചത്. ഈ സാഹചര്യത്തില്‍ കേരളത്തെ വിശപ്പുരഹിത സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.