റേഷൻ കാർഡുടമകൾക്ക് സൗജന്യമായി ഭക്ഷ്യധാന്യ കിറ്റു നൽകാൻ സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 4183 കോടി രൂപ. പിഎംജികെഎവൈ പദ്ധതിയിൽ കേന്ദ്ര സർക്കാർ നൽകുന്ന അരിയും കടലയും കഴിഞ്ഞ ഡിസംബറിൽ നിർത്തിയ സമയത്തും സംസ്ഥാനത്ത് കിറ്റ് വിതരണം തുടർന്നു. എന്നിട്ടും കിറ്റും സ്‌കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യധാന്യങ്ങളും കേന്ദ്രമാണ് നൽകുന്നത് എന്ന് പ്രചരിപ്പിക്കുകയാണ് ബിജെപിക്കാരും കേന്ദ്രമന്ത്രി വി മുരളീധരനും.
കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ് 2020 ഏപ്രിൽമുതൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം തുടങ്ങിയത്. ഇതിന്റെ മുഴുവൻ തുകയും സംസ്ഥാന സർക്കാരാണ് സപ്ലൈകോയ്‌ക്ക് നൽകുന്നത്. മാർച്ചുവരെ ഏതാണ്ട് പത്ത് കോടിയോളം ഭക്ഷ്യക്കിറ്റ് നൽകി. ഇതിനായി 4183 കോടി രൂപയും ചെലവഴിച്ചു.
മുൻഗണനേതര കാർഡുകാർക്ക് 15 രൂപ നിരക്കിൽ 10 കിലോ വീതം അരിയും നൽകിയിരുന്നു. കേന്ദ്ര സർക്കാർ പിഎംജികെഎവൈ പദ്ധതി പ്രകാരം കാർഡുകളിലെ ഒരംഗത്തിന് അഞ്ച് കിലോ വീതം അരിയും കാർഡൊന്നിന് ഒരു കിലോ കടല/പയറുമാണ് കേന്ദ്രം വിതരണം ചെയ്‌തിരുന്നത്.
ഇതിന്റെ വിതരണം കേന്ദ്രം കഴിഞ്ഞ ഡിസംബറിൽ നിർത്തി. സൗജന്യ ധാന്യവിതരണം തുടരണമെന്ന് പാർലമെന്റിന്റെ ഭക്ഷ്യ–-പൊതുവിതരണ സ്‌റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്‌തിരുന്നു. വിതരണം തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കത്തും അയച്ചു. എന്നിട്ടും ഫലമുണ്ടായില്ല.
സ്‌കൂൾ വിദ്യാർഥികൾക്ക് ഇപ്പോൾ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന് ചെലവാകുന്ന തുകയുടെ 75 ശതമാനവും കേന്ദ്രമാണെന്നാണ് മറ്റൊരു പ്രചാരണം. 60 ശതമാനം തുക കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. ഗതാഗതച്ചെലവ് പൂർണമായും സംസ്ഥാനമാണ് വഹിക്കുന്നത്.
കിറ്റ് വിതരണം തുടരുന്നു
ഫെബ്രുവരി, മാർച്ച് മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം റേഷൻ കടകൾ വഴി പുരോഗമിക്കുകയാണ്. മാർച്ച്, ഏപ്രിൽ മാസം മുൻഗണനാ കാർഡുകാർക്ക് 15 രൂപ നിരക്കിൽ 10 കിലോ വീതം സംസ്ഥാനം അരിനൽകാൻ തീരുമാനിച്ചിരുന്നു. ഇത് പ്രതിപക്ഷ നേതാവിന്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ തടഞ്ഞു.
ഏപ്രിലിലെ കിറ്റും ഉടൻ വിതരണം തുടങ്ങും.
സംസ്ഥാനം നൽകിയത്
ഏപ്രിൽ: മുൻഗണന/മുൻഗണനേതര കാർഡുകാർക്ക് സൗജന്യ ധാന്യം
മെയ്, ജൂൺ: മുൻഗണനേതര കാർഡുകാർക്ക് 10 കിലോ അരി 15 രൂപ നിരക്കിൽ
അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്ക് ഒരാൾക്ക് അഞ്ച് കിലോ വീതം സൗജന്യ അരി
സമൂഹ അടുക്കളകൾക്ക് 130.42 ടൺ അരി
അതിഥിത്തൊഴിലാളികൾക്ക് 1166.52 ടൺ അരിയും 349994 കിലോ ആട്ടയും
റേഷൻ കാർഡില്ലാത്ത 36594 കുടുംബത്തിന് 460.52 ടൺ അരി