പാവപ്പെട്ടവര്‍ക്ക് വീടുവച്ചുനൽകാനുള്ള പ്രധാനമന്ത്രി ആവാസ് യോജനയില്‍ 1,880 കോടിയുടെ സബ്‌സിഡി തട്ടിപ്പ്. വീടുനിര്‍മാണത്തിന് ഇടനിലക്കാരായ നിര്‍മാണ, ധനസ്ഥാപനം വഴിയാണ് തട്ടിപ്പ് നടത്തിയത്. 2.60 ലക്ഷം വ്യാജ ഗുണഭോക്താക്കളുടെ പേരില്‍ രേഖയുണ്ടാക്കിയാണ് ഖജനാവില്‍നിന്ന് വൻ കൊള്ള നടത്തിയത്.
പിഎം ആവാസ് യോജന വഴി നിര്‍മിച്ച വീടുകള്‍ രണ്ടുകോടിയോട് അടുക്കുന്നുവെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദത്തിലെ പൊള്ളത്തരം ഇതോടെ വെളിപ്പെട്ടു.വന്‍തട്ടിപ്പിന്റെ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പിന്നാലെ സിബിഐ കേസെടുത്തു.
ആവാസ് യോജന പ്രകാരം പാവപ്പെട്ടവര്‍ക്ക് വീടുണ്ടാക്കാന്‍ കമ്പോളനിരക്കിനും കുറഞ്ഞ പലിശയിൽ വായ്‌പ അനുവദിക്കാറുണ്ട്. പദ്ധതിപ്രകാരം വായ്‌പ അനുവദിക്കാൻ ചുമതലപ്പെടുത്തിയ ദിവാൻ ഹൗസിങ് ആൻഡ് ഫിനാൻസ് ലിമിറ്റഡ് (ഡിഎച്ച്‌എഫ്‌എൽ)വഴിയാണ് വന്‍തട്ടിപ്പ് നടന്നത്. യുപിഎ സർക്കാർ ഭരിച്ച 2007 മുതൽ 2019 വരെ ഡിഎച്ച്‌എഫ്‌എൽ ബാന്ദ്രാ ബ്രാഞ്ചിൽ 2.60 ലക്ഷം വ്യാജ അക്കൗണ്ട് ഉണ്ടാക്കി 14,046 കോടിയുടെ വായ്‌പ നല്‍കി.
വായ്‌പകൾക്ക് നാഷണൽ ഹൗസിങ് ബാങ്കിൽനിന്ന് സബ്സിഡിയായി ലഭിച്ചത് ആയിരക്കണക്കിന് കോടികള്‍. ഈ തുക ഡിഎച്ച്‌എഫ്‌എൽ കടലാസ്‌കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് മാറ്റി. മുമ്പ് ഭവനവായ്‌പ എടുത്ത് തിരിച്ചടച്ചവരുടെ വിവരം ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയത്. രണ്ടുഘട്ടമായി ആകെ 1,887.20 കോടിയുടെ സബ്‌സിഡി തട്ടി.
ഡിഎച്ച്‌എഫ്‌എല്‍ ഡയറക്ടർമാരായ കപിൽ വദ്‌വാനും ധീരജ് വദ്‌വാനും നിലവില്‍ ജയിലിലാണ്. ഡിഎച്ച്‌എഫ്‌എല്ലിൽ 3,700 കോടിയുടെ നിക്ഷേപം നടത്തിയതിന് യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂർ 600 കോടി കോഴ കൈപ്പറ്റിയെന്ന കേസിലാണിത്. ആവാസ് യോജന തട്ടിപ്പിലും വദ്‌വാന്‍ സഹോദരന്മാരുടെ അറസ്റ്റ് രേഖപ്പെടുത്തി
Recent Comments