തുടർഭരണം കേരളീയർക്ക് ജീവൽപ്രശ്നം

0
58

1965ലെ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുമ്പോൾ ഇത്‌ എഴുതുന്നയാൾക്ക് എട്ടു വയസ്സുണ്ട്. കമ്യൂണിസ്റ്റ് പാർടി പിളർന്നയുടനെ നടന്ന ആ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ ഇടതുപക്ഷത്തുനിന്ന് മത്സരിച്ചത് അഡ്വ. ഇ അപ്പുക്കുട്ടമേനോൻ എന്ന സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു. എന്റെ അച്ഛനായിരുന്നു തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ സെക്രട്ടറി.

ഞങ്ങളുടെ വീട് ഒരു തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ്‌ പോലെയായി മാറി. കൊടികൾ. ബാനറുകൾ, നോട്ടീസ്‌ കെട്ടുകൾ. സഖാക്കളുടെ നിരന്തര സാന്നിധ്യം. അന്നുമുതൽ തെരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള രാഷ്ട്രീയരംഗം എന്റെ പ്രധാന നിരീക്ഷണവിഷയമായി.

എന്നാൽ, തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ തന്നെ ജനങ്ങൾ ഒന്നാകെ ഒരു മുന്നണിയുടെ വിജയം ഉച്ചത്തിൽ പ്രഖ്യാപിക്കുന്ന ഒരു തെരഞ്ഞെടുപ്പ് ഞാൻ ഇപ്പോൾ ആദ്യമായി കാണുകയാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞ് റിസൽട്ട്‌ വന്നാലാണ് “തരംഗം” എന്ന വാക്ക് കേൾക്കാറുള്ളത്. ഇവിടെ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ തരംഗം ആരംഭിച്ചിരിക്കുന്നു.

പത്രങ്ങളും ചാനലുകളും പുറത്തുവിട്ട അഭിപ്രായ സർവേകളെയല്ല ഞാൻ ആധാരമാക്കുന്നത്. എഴുത്തുകാരൻ എന്ന നിലയ്‌ക്കുള്ള എന്റെ മനസ്സിനെയാണ്. ഇടതുപക്ഷ സ്ഥാനാർഥികളുടെ വിജയത്തിൽ നിങ്ങൾക്ക് ഉള്ളതിനേക്കാൾ താൽപ്പര്യം ഞങ്ങൾക്കുണ്ടെന്ന് ജനങ്ങൾ രാഷ്ട്രീയ നേതാക്കളോട് പറയുന്നു. കേരളീയർ തങ്ങളുടെ രാഷ്ട്രീയ കക്ഷിബന്ധങ്ങളും ജാതി, മത ചേരിഭേദങ്ങളും തൽക്കാലത്തേക്ക് മാറ്റിവച്ചിരിക്കുന്നു.

വീണ്ടും എൽഡിഎഫ് വിജയിക്കണം. പിണറായി വിജയൻ വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയാകണം. ജനങ്ങൾ ഇത്തവണ ഈ തെരഞ്ഞെടുപ്പിനെ ഒരു മത്സരമായല്ല; തങ്ങളുടെ ഒരു ജീവൽ പ്രശ്നമായിട്ടാണ് കാണുന്നത്. 2018ലെ പ്രളയപ്രതിരോധത്തിൽ ഉണ്ടായതു പോലെയുള്ള ഒരു സാമൂഹ്യബോധവും ഐക്യവും വിവേകവുമാണ് അവർ പ്രകടിപ്പിക്കുന്നത്.

ഇന്ത്യക്കു മാത്രമല്ല ലോകത്തിനുതന്നെ മാതൃകയായ നിരവധി പരിഷ‌്‌കാരങ്ങളും വികസനപരിപാടികളും നിയമനിർമാണങ്ങളും കൊണ്ടുവന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. ലോകം അതൊക്കെ പകർത്താൻ ശ്രമിക്കുന്നതുകണ്ട് ആവേശഭരിതരായവരാണ് നമ്മൾ.

പക്ഷേ, തുടങ്ങിവച്ച പരിപാടികൾ പലതും സഫലമായി മുന്നോട്ടു കൊണ്ടുപോകാനോ പൂർത്തീകരിക്കാനോ നമുക്കു കഴിഞ്ഞില്ല. “പാമ്പും കോണിയും’ എന്ന ഒരു കളിയുണ്ടല്ലോ. അതുപോലെയായിരുന്നു കേരളത്തിന്റെ വികസനം ഇതുവരെ. ഇടതുപക്ഷം എന്ന കോണി കയറി അതിവേഗം മുന്നിലെത്തുന്നു. അഞ്ചുവർഷം തികയുമ്പോൾ തൊട്ടടുത്ത കള്ളിയിലെ വലതുപക്ഷ സർപ്പത്തിന്റെ വായിലകപ്പെട്ട് നേരെ താഴേക്ക്. ഈ കളിയിൽ കേരളത്തിനുണ്ടായ നഷ്ടം ചെറുതൊന്നുമല്ല.

ഭൂവിതരണത്തിലും വിദ്യാഭ്യാസത്തിലും 1957ൽ ഉണ്ടായ നിയമനിർമാണങ്ങൾ മുതൽ ജനകീയാസൂത്രണവും സാക്ഷരതായജ്ഞവും റേഷനും പൊതുവിതരണവും ക്ഷേമ പെൻഷനുകളും കാർഷിക മുന്നേറ്റവും പൊതുമേഖലാ വ്യവസായ വളർച്ചയും തുടങ്ങി അസംഖ്യം പരിപാടികൾ. അതിൽ പലതും പാതിവഴിയിൽ കുടുങ്ങിക്കിടന്നുവെന്ന ദുഃഖസത്യത്തിനു മുന്നിൽ കണ്ണടയ്‌ക്കാനാകില്ല. വികസനപ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടായില്ലെങ്കിൽ സംസ്ഥാനം പിന്തള്ളപ്പെടും.

എന്തുകൊണ്ടാണ് ജനക്ഷേമവും പരിവർത്തനങ്ങളും ഇടതുപക്ഷത്തിന്റെ കാലത്തു മാത്രം ഉണ്ടാകുന്നത്? ഇടതുപക്ഷം ആരംഭിച്ച വികസനപരിപാടികൾ മുന്നോട്ടുകൊണ്ടുപോകാൻ പോലും വലതുപക്ഷത്തിന് കഴിയാത്തത് എന്തുകൊണ്ട്? വലതുപക്ഷം – ഇവിടെ മുഖ്യമായും കോൺഗ്രസും ബിജെപിയും- പുലർത്തുന്ന താൽപ്പര്യങ്ങൾ തന്നെയാണ് പ്രശ്നം. അവർ ആർക്കുവേണ്ടി -ഏതു വർഗത്തിനുവേണ്ടി നിലകൊള്ളുന്നു? ആരാണ് അവരെ നിയന്ത്രിക്കുന്നത്? സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾ കൊണ്ടുവന്നത് കോൺഗ്രസാണ്.

ജനങ്ങളിൽനിന്ന് വലിയ തിരിച്ചടി ഏറ്റിട്ടുപോലും ആ നയങ്ങളെക്കുറിച്ച് പുനരാലോചന നടത്താൻ ആ പാർടിക്കു കഴിയുന്നില്ല. കർഷക ലക്ഷങ്ങളെ ഭിക്ഷക്കാരാക്കുന്ന മൂന്നു നിയമം ബിജെപി കൊണ്ടുവന്നിരിക്കുന്നു. ജനരോഷത്തിനു മുന്നിൽ പകച്ചുനിൽക്കുമ്പോഴും ആ നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാരിനു കഴിയുന്നില്ല.

രാജ്യത്തെ വിഭവങ്ങൾ, നികുതിവരുമാനം എന്നിവ ആർക്കുവേണ്ടി എങ്ങനെ ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പ്രധാനമായും ഇന്ത്യയിലെ രാഷ്ട്രീയ മുന്നണികളെ നിർണയിക്കുന്നത്. പ്രകൃതിവിഭവങ്ങളും ജനങ്ങളുടെ അധ്വാനഫലവും ബഹുരാഷ്ട്ര കുത്തകകൾക്ക് കൊള്ളയടിക്കാനുള്ളതാണെന്ന താൽപ്പര്യത്തിൽ ബിജെപിക്കും കോൺഗ്രസിനും അഭിപ്രായവ്യത്യസമില്ല.

പക്ഷേ, ഇടതുപക്ഷത്തിന് ഇക്കാര്യത്തിലുള്ളത് നേർവിപരീതമായ ഒരു നിലപാടാണ്‌. ഒരുപിടി സമ്പന്നരല്ല; പണിയെടുത്തു ജീവിക്കുന്ന സാമാന്യ ജനങ്ങളാണ് സമ്പത്തിന്റെ അവകാശികൾ. അവർക്ക് കിടപ്പാടവും ഭക്ഷണവും ചികിത്സയും വിദ്യാഭ്യാസവും വാർധക്യത്തിൽ സംരക്ഷണവും ഉറപ്പുവരുത്തണം. പ്രളയവും മഹാമാരിയും ഉണ്ടാകുമ്പോൾ തകർന്നുപോകാതെ അവരെ കാത്തുരക്ഷിക്കണം.

ഈ ഇടതുബദലിന്റെ ഏറ്റവും സർഗാത്മകമായ ആവിഷ്കാരങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷം കേരളത്തിൽ ഉണ്ടായത്. ഒരു ഭരണനേതൃത്തിൽനിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന ചോദ്യത്തിന്റെ ശരിയായ ഉത്തരമായിരുന്നു എൽഡിഎഫ് ഭരണം. പണിയെടുക്കാനാകാതെ വന്നാൽ പട്ടിണി കിടക്കേണ്ടിവരില്ലെന്ന ആശ്വാസം.

ഏതു നിർധനന്റെ മകനും മകൾക്കും കഴിവിനൊത്ത് പഠിച്ചുയരാനാകുമെന്ന വാഗ്ദാനം. ഇങ്ങനെയൊരു സ്വപ്നകേരളം യഥാർഥ്യമായി മുന്നിൽ വന്നപ്പോൾ അത് നിലനിന്നു കിട്ടണമെന്ന്‌ മനുഷ്യരായി ജനിച്ചവരൊക്കെ ആഗ്രഹിച്ചുപോകുക സ്വാഭാവികം. നിലവിലുള്ള കക്ഷിബന്ധങ്ങളും ജാതി, മത താൽപ്പര്യങ്ങളും മറന്നുള്ള കേരളീയരുടെ ഈ മഹായാത്ര ഇന്ത്യയിൽ ഉയർന്നുവരാൻ പോകുന്ന ഒരു നവരാഷ്ട്രീയത്തെയാണ് സൂചിപ്പിക്കുന്നത്.