റബറിന്‌ താങ്ങുവില നൽകാനാകില്ലെന്ന്‌ കേന്ദ്രം, ഇനി ആശ്വാസം എൽഡിഎഫ്‌ പ്രഖ്യാപനം

0
86

കർഷകർക്ക്‌ വൻ തിരിച്ചടിയായി റബറിന്‌ താങ്ങുവില നൽകാനാകില്ലെന്ന്‌ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്‌. താങ്ങുവിലയിലൂടെ പിടിച്ചുനിൽക്കാമെന്ന കർഷകരുടെ പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്.‌

ഉൽപ്പാദനച്ചെലവും കൂലിച്ചെലവുംമൂലം നട്ടം തിരിയുകയാണ്‌ റബർ കർഷകർ. കേരളത്തിൽ ഘട്ടംഘട്ടമായി റബറിന്റെ തറവില 250 രൂപയാക്കുമെന്ന എൽഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമാണ്‌ ഇനി അവർക്ക്‌ ഏക പ്രത്യാശ.

ദീർഘകാലമായുള്ള കർഷകരുടെ ആവശ്യമാണ്‌ സ്വാഭാവിക റബറിനെ കാർഷികവിളയായി പരിഗണിച്ച്‌ താങ്ങുവില നിശ്ചയിക്കുക എന്നത്‌. വൻകിട കമ്പനികളുടെ ചൂഷണവും ഇറക്കുമതിയും മൂലം വിലകിട്ടാതെ വലയുന്ന കർഷകർക്ക്‌ അത്താണിയാകുമായിരുന്നു താങ്ങുവില.

ബുധനാഴ്‌ച അടൂർ പ്രകാശിന്റെ ചോദ്യത്തിനു മറുപടിയായി ലോക്‌സഭയിൽ വാണിജ്യ സഹമന്ത്രി ഹർദീപ്‌ സിങ്‌പുരിയാണ്‌ റബറിനു താങ്ങുവില നൽകാനാകില്ലെന്ന്‌ വ്യക്തമാക്കിയത്‌.

റബർ മേഖലയ്‌ക്കായി നിയോഗിച്ച പ്രത്യേക സമിതി റബർ കാർഷിക വിളയായി പരിഗണിച്ച്‌ താങ്ങുവില ഏർപ്പെടുത്തണമെന്ന്‌ ശുപാർശ ചെയ്‌തിരുന്നതാണ്‌.

എന്നാൽ വിളകൾക്ക്‌ താങ്ങുവില നിശ്‌ചയിക്കുന്ന മാനദണ്ഡങ്ങളിൽ റബർ പെടുന്നില്ലെന്നാണ്‌ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്‌. 25 കാർഷികവിളകൾക്കാണ്‌ താങ്ങുവില നിശ്‌ചയിച്ചിട്ടുള്ളത്‌.