ഭക്ഷ്യകിറ്റും പെൻഷനും വിതരണം പാടില്ലെന്ന പരാതി പിൻവലിക്കില്ല: ചെന്നിത്തല

0
74

ആഴക്കടൽ മൽസ്യബന്ധന വിവാദമുണ്ടാക്കാൻ തന്റെ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ ഗൂഡാലോചന നടന്നിട്ടില്ലെന്നും ഇതിൽ ആരോപിക്കപ്പെടുന്ന ‘ദല്ലാൾ’ ആരാണെന്ന്‌ താൻ പറയില്ലെന്നും സർക്കാർ അന്വേഷിക്കട്ടെ എന്നും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. തന്റെ ഓഫീസിൽ ഗൂഡാലോചന നടന്നിട്ടുണ്ടെങ്കിൽ ജുഡിഷ്യൽ അന്വേഷണം നടത്തട്ടെയെന്നും രമേശ്‌ ചെന്നിത്തല എറണാകുളത്ത്‌ മീറ്റ്‌ ദി പ്രസിൽ പറഞ്ഞു.

തന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന എൻ പ്രശാന്ത്‌ ഈ വിവാദത്തിൽ കുറ്റക്കാരനല്ല. അങ്ങനെ ഉണ്ടെങ്കിൽ അദ്ദേഹം മറുപടി പറയുന്നുണ്ട്‌. വിവാദമുണ്ടാക്കാനുള്ള രേഖകൾ എത്തിച്ചത്‌ പ്രശാന്തല്ല.

എനിക്ക്‌ മുഖ്യമന്ത്രിയുടെ ഓഫീസിലെ രേഖകൾ പോലൂം എത്തിക്കാൻ ആളുണ്ട്‌. യാനം നിർമ്മിക്കാൻ കെഎസ്‌ഐഡിസി എം ഡിയായ പ്രശാന്ത്‌ ഒപ്പിട്ടത്‌ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചെന്നാണ്‌ പ്രശാന്തിന്റെ പുറത്തുവന്ന വാട്‌സാപ്പ്‌ സന്ദേശം പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽപെട്ട ഇഎംസിസി കമ്പനി എംഡിക്ക്‌ കൊല്ലത്ത്‌ മേഴ്‌സികുട്ടിയമ്മക്കെതിരെ മൽസരിക്കാൻ കോൺഗ്രസ്‌ പഞ്ചായത്ത്‌ മെമ്പർ നാമനിർദേശപത്രികയിൽ പിന്തുണച്ച്‌ ഒപ്പിട്ടതിൽ ഒരു തെറ്റുമില്ല. എല്ലാവരും മൽസരിക്കട്ടെ. അതിൽ ഒരു കുഴപ്പുവുമില്ല.

വ്യാജവോട്ട്‌ തെളിവുകൾ പുറത്തു വന്നതെല്ലാം കോൺഗ്രസ്‌, ലീഗ്‌ പ്രവർത്തകരുടെയാണല്ലോ എന്ന ചോദ്യത്തിന്‌ അവരറിയാതെ അവരുടെ പേരിൽ ചേർത്തതാകാമെന്നും എൽഡിഎഫ്‌ പ്രവർത്തകരുടെ പേരിൽ ചേർത്ത വ്യാജവോട്ടുകൾ ഞങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും മാത്രമാണ്‌ ചെന്നിത്തലയുടെ മറുപടി ഈസ്‌റ്ററിനും വിഷുവിനും മുമ്പ്‌ ഭക്ഷ്യകിറ്റും പെൻഷനും വിതരണം ചെയ്യുന്നതു തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ തെരഞ്ഞെടുപ്പ്‌ കമീഷനു നൽകിയ പരാതി പിൻവലിക്കില്ലെന്നും തെരഞ്ഞെടുപ്പു കഴിഞ്ഞുമതി വിതരണമെന്നും ചെന്നിത്തല ആവർത്തിച്ചു.