45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ, വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്

0
70

ഏപ്രിൽ ഒന്ന് മുതൽ 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ നൽകുന്നതിന് വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികൾ, പൊതുകെട്ടിടങ്ങൾ എന്നിവിടങ്ങളിൽ വാക്സിനേഷൻ സൗകര്യം ലഭ്യമാണ്.

45 വയസിന് മുകളിൽ പ്രായമുള്ള ആരും തന്നെ വാക്സിൻ എടുക്കാൻ വിമുഖത കാണിക്കരുത്. മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഈ വിഭാഗത്തിലെ എല്ലാവരും കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുവാൻ അത്യാവശ്യമാണെന്ന് സ്റ്റേറ്റ് മെഡിക്കൽ ബോർഡ് വിലയിരുത്തി.

മാർച്ച് 23 ന് പ്രസിദ്ധീകരിച്ച സീറോ സർവൈലൻസ് പഠന റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 89.3 ശതമാനം ആളുകൾ കോവിഡ്-19 രോഗബാധ ഇതുവരെ ഉണ്ടാകാത്തവരാണ്. കേരളത്തിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ഒരു വർഷത്തിന് ശേഷവും 10.7 ശതമാനം ആളുകൾക്ക് മാത്രമേ രോഗബാധ ഉണ്ടായിട്ടുള്ളൂ എന്നത് രോഗപ്രതിരോധത്തിൽ വളരെ പ്രധാനമായ കാര്യമാണ്.

എന്നാൽ 89.3 ശതമാനം ആളുകൾക്ക് രോഗബാധ ഇനിയും ഉണ്ടാകുവാൻ ഇടയുളളതിനാൽ കോവിഡ് മഹാമാരി തുടരുവാനും രോഗവ്യാപനത്തിന്റെ പുതിയ തരംഗങ്ങൾ ഉണ്ടാകുവാനുമുള്ള സാധ്യതയുണ്ട്. സംസ്ഥാനത്ത് നടപ്പിലാക്കിയ റിവേഴ്സ് ക്വാറന്റൈൻ നടപടികളാണ് പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളിലെ കുറഞ്ഞ സീറോ പ്രിവലൻസ് നിരക്കിന് കുറയാൻ കാരണം.

കുറഞ്ഞ രോഗബാധാ നിരക്ക് സംസ്ഥാനത്ത് തുടർന്നും നിലനിർത്തണമെങ്കിൽ സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പായി മുൻഗണനാ ക്രമമനുസരിച്ച് വാക്സിൻ സ്വീകരിക്കേണ്ടവർ വാക്സിൻ സ്വീകരിക്കണം. ലോകരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും സ്‌കൂളുകൾ തുറന്ന് പ്രവർത്തിപ്പിച്ചതിനെ തുടർന്ന് രോഗബാധ വലിയ തോതിൽ കൂടുകയുണ്ടായി. അതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന് മുമ്പായി 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരും വാക്സിൻ എടുത്തു എന്ന് ഉറപ്പാക്കേണ്ടതാണ്.

ജനിതക വ്യതിയാനം വന്നിട്ടുള്ള വ്യാപനശേഷി കൂടുതലുള്ളതോ രോഗതീവ്രതയും മരണവും കൂട്ടുന്നതോ രോഗപ്രതിരോധ ശേഷിയെ മറികടക്കുന്നതോ ആയ വൈറസുകളുടെ സാന്നിദ്ധ്യം കൂടി കണക്കിലെടുത്ത് 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരും വാക്സിൻ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

സാർസ് കോവ് 2 വൈറസിനെതിരെ പ്രതിരോധ ശേഷി സൃഷ്ടിക്കുന്നതിനാൽ കോവിഡ് 19 വാക്സിനുകൾ രോഗത്തിൽ നിന്നും സംരക്ഷണം നൽകുന്നു. രോഗാണുവുമായി നേരിട്ട് സമ്പർക്കം ഉണ്ടായാൽ പോലും ശരീരത്തിന് വൈറസിനോട് പൊരുതുവാനുള്ള ശക്തി വാക്സിനേഷൻ വഴി ശരീരത്തിന് ലഭിക്കും. വാക്സിൻ സ്വീകരിക്കുക വഴി രോഗബാധ ഉണ്ടാകുവാനും മറ്റുള്ളവരിലേക്ക് പകർത്തുവാനുമുള്ള സാധ്യത കുറയുന്നതിനാൽ ചുറ്റുമുള്ളവരെയും സംരക്ഷിക്കുവാൻ കഴിയും.

പ്രായാധിക്യം ചെന്നവർ, മുതിർന്നവർ, മറ്റ് രോഗബാധിതർ തുടങ്ങിയ രോഗബാധ ഉണ്ടായാൽ ഗുരുതരമാകുവാൻ സാധ്യതയുള്ളവർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരെ സംരക്ഷിക്കുന്നതിൽ വാക്സിനേഷൻ പ്രധാനമാണ്. തീവ്രമായ രോഗാവസ്ഥകളും ആശുപത്രിവാസവും തടയുന്നതിൽ കോവിഡ് വാക്സിനുകൾ 95 മുതൽ 100 ശതമാനം വരെയും മരണം തടയുന്നതിൽ 100 ശതമാനവും ഫലപ്രദമാണ്.

രോഗബാധിതനായ ഒരാളിൽ നിന്നും രോഗം പകരുന്നവരുടെ എണ്ണം ഗണ്യമായി കുറക്കുവാനും രോഗബാധയുടെ കണ്ണികൾ പൊട്ടിക്കുവാനും വാക്സിനേഷൻ വഴി സാധിക്കും. അവസരം ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും കോവിഡ് 19 വാക്സിനേഷൻ സ്വീകരിച്ച് കോവിഡ് പ്രതിരോധത്തിൽ പങ്കാളികളാകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 29,33,594 ഡോസ് വാക്സിനാണ് ആകെ നൽകിയത്. ആരോഗ്യ പ്രവർത്തകരിൽ 4,70,643 ആദ്യഡോസ് വാക്സിനും 3,11,594 രണ്ടാം ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. മുൻനിര പ്രവർത്തകരിൽ 1,07,661 പേർ ആദ്യ ഡോസും 63,063 പേർ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ 3,13,406 പേർ ആദ്യ ഡോസും 4,564 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 60 വയസിന് മുകളിൽ പ്രായമുള്ളവർ, 45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗബാധിതർ എന്നിവരിൽ നിന്നും 16,62,663 പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശ പ്രകാരം കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസായി എടുത്തിട്ടുള്ളവർ രണ്ടാം ഡോസ് ആദ്യ ഡോസ് എടുത്ത് കഴിഞ്ഞ് 42 ദിവസം മുതൽ 56 ദിവസത്തിനുള്ളിൽ എടുക്കേണ്ടതാണ്. കോവാക്സിൻ ആദ്യ ഡോസായി എടുത്തിട്ടുള്ളവർ, ആദ്യഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് സ്വീകരിക്കണം.