സംസ്ഥാനത്ത് തപാൽ വോട്ട് ഇന്ന് മുതൽ , പ്രത്യേക പോളിംഗ് ടീമിനെ കമ്മീഷൻ ചുമതലപ്പെടുത്തി 

0
71

നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തുകളിൽ എത്താൻ കഴിയാത്തവർക്കുള്ള തപാൽ വോട്ട് ഇന്നു മുതൽ ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിലെത്തി ഇവരുടെ വോട്ട് രേഖപ്പെടുത്തും. ഇതിനായി പ്രത്യേക പോളിംഗ് ടീമിനെ കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് ബാധിതർ, ക്വാറൻറൈനിൽ കഴിയുന്നവർ, 80 വയസു പിന്നിട്ടവർ, ഭിന്നശേഷിക്കാർ,ന്നിവരെയാണ് ആബ്‌സൻറീ വോട്ടർമാരായി പരിഗണിക്കുന്നത്. ഇവർക്ക് താമസസ്ഥലത്ത് എത്തിച്ചു നൽകുന്ന ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യാം.

തപാൽ വോട്ട് ചെയ്യാൻ താത്പര്യമുണ്ടെന്ന് വരണാധികാരിയെ അറിയിക്കുകയും 12 ഡി എന്ന ഫോമിൽ വിവരങ്ങൾ രേഖപ്പെടുത്തി ബൂത്ത് ലെവൽ ഓഫീസർമാർക്ക് മാർച്ച് 17നു മുൻപ് നൽകിയവർക്കുമാണ് ഈ സൗകര്യം.

തപാൽ ബാലറ്റുകൾ വോട്ടർക്ക് നൽകുന്നതിന് പ്രത്യേക പോളിംഗ് സംഘങ്ങളെ വരണാധികാരിമാർ നിയോഗിച്ചിട്ടുണ്ട്. മുൻകൂട്ടി അറിയിച്ചശേഷമായിരിക്കും ഇവർ വോട്ടർമാരുടെ അടുത്തെത്തുക. ഉദ്യോഗസ്ഥർ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം തപാൽ ബാലറ്റ് പേപ്പർ, ഫോറം 13 എ യിലുള്ള സത്യപ്രസ്താവന, ഫോറം 13 ബി എന്ന ചെറിയ കവർ, ഫോറം 13 സി എന്ന വലിയ കവർ എന്നിവയും നൽകും.

പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമേ വോട്ട് രേഖപ്പെടുത്താൻ കഴിയൂ. തപാൽ ബാലറ്റ് അടങ്ങിയ 13 ബി എന്ന കവറും 13 എ എന്ന സത്യപ്രസ്താവനയും 13 സി എന്ന വലിയ കവറിലിട്ട് ഒട്ടിച്ച് ഈ കവറിനു മുകളിലും ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി അപ്പോൾതന്നെ പോളിംഗ് ഉദ്യോഗസ്ഥരെ തിരികെ ഏൽപ്പിക്കണം. പോളിംഗ് സംഘം എത്തുന്നതായി അറിയിക്കുമ്പോൾ വോട്ടർമാർ തിരിച്ചറിയൽ കാർഡ് കരുതിവയ്ക്കണം.