കേരളത്തിൽ പ്ലാസ്‌റ്റിക്കെല്ലാം റോഡിലാണ് , അഞ്ചുവർഷത്തിനിടെ പ്ലാസ്‌റ്റിക്കിൽനിന്ന്‌ 2006 കിലോമീറ്റർ റോഡ്

0
81

കേരളത്തിൽ പ്ലാസ്‌റ്റിക്കെല്ലാം റോഡിലാണ് നിക്ഷേപിച്ചിരിക്കുന്നത്. അഞ്ചുവർഷത്തിനിടെ 2,005.94 കിലോമീറ്റർ റോഡാണ് പ്ലാസ്‌റ്റിക്‌ ഉപയോഗിച്ച്‌ ‌നിർമിച്ചത്‌‌. വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യം തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകർമസേനയുടെ സഹായത്തോടെ ശേഖരിച്ച്‌ സംസ്‌കരിച്ചാണ്‌ ഉപയോഗിച്ചത്‌.

മാലിന്യനിർമാർജനത്തിനൊപ്പം റോഡിന്റെ ഗുണനിലവാരം കൂട്ടാനും ചെലവ്‌ കുറയ്ക്കാനും പ്ലാസ്‌റ്റിക്‌ റോഡിനാകും. 50 മൈക്രോണോ അതിൽ താഴെയോ മൂല്യമുള്ള പ്ലാസ്‌റ്റിക്കാണ്‌ ‌ ഉപയോഗിക്കുന്നത്‌. പ്ലാസ്‌റ്റിക്‌ പൊടിയാക്കി ബിറ്റുമിനിൽ ചേർത്താണ്‌ റോഡ്‌ നിർമിക്കുക‌. ഇതുവഴി റോഡ്‌ നിർമാണത്തിന്‌ ഉപയോഗിക്കുന്ന ബിറ്റുമിന്റെ അളവ്‌ ഏഴു ശതമാനമായി കുറയ്ക്കാനായി.

47,91,226 വീട്ടിൽനിന്നും 4,64,842 സ്ഥാപനത്തിൽനിന്നും ശേഖരിച്ച പ്ലാസ്‌റ്റിക്കിൽനിന്ന്‌ 1324.65 ടൺ ഷ്രെഡഡ് പ്ലാസ്‌റ്റിക്കാണ്‌ നിർമിച്ചത്‌. ഇതിൽ 5.03 ടൺ ദേശീയപാതയുടെയും മറ്റ്‌ റോഡുകളുടെയും നിർമാണത്തിന്‌ ഉപയോഗിച്ചു‌. 515.50 ടൺ പൊതുമരാമത്ത്‌ വകുപ്പിന്‌ കൈമാറി‌. തദ്ദേശസ്ഥാപനങ്ങളുടെയും പിഡബ്ല്യൂഡിയുടെയും ആവശ്യപ്രകാരം ‌ റോഡ്‌ നിർമാണത്തിന്‌ ഇവ ലഭിക്കും.

സംസ്ഥാനത്ത്‌ ഉപയോഗശൂന്യമാകുന്ന അഞ്ച്‌ ശതമാനം പ്ലാസ്‌റ്റിക്‌ മാലിന്യം ക്ലീൻ കേരള കമ്പനിയിലൂടെ സംഭരിച്ച്‌ കോയമ്പത്തൂരിലെ എസിസി സിമന്റ്‌ കമ്പനിക്ക്‌‌ കൈമാറി‌. അജൈവ മാലിന്യങ്ങൾ ശേഖരിക്കാനായി 798 മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റിയും 1,482 മിനി എംസിഎഫും തദ്ദേശ വകുപ്പുകളുടെ സഹായത്തോടെ ആരംഭിച്ചു. പുനഃചംക്രമണസാധ്യത ഇല്ലാത്ത പ്ലാസ്റ്റിക് കവറുകൾ പൊടിക്കാനും രണ്ടാംഘട്ട തരംതിരിവിനുമായി ബ്ലോക്കുതലത്തിൽ 220 റിസോഴ്സ് റിക്കവറി ഫെസിലിറ്റിയും സ്ഥാപിച്ചു‌.