ഇടതുപക്ഷ ബദൽ ജനങ്ങൾ നെഞ്ചേറ്റുന്നു: മുഖ്യമന്ത്രി

0
116

രാജ്യത്താകമാനം കരുത്താർജിക്കുന്ന വർഗീയതയ്ക്കും ജാതിഭ്രാന്തിനുമെതിരെ അ‍ഴിമതിക്കും ജനദ്രോഹ നടപടികൾക്കുമെതിരെ ഇടതുപക്ഷം മുന്നോട്ടുവച്ച രാഷ്ട്രീയ ബദൽ കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തുക‍ഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പൗരത്വ ഭേദഗതി നിയമം ബിജെപി സർക്കാറിൻറെ വർഗീയ അജണ്ടയുടെ ഭാഗമാണെന്നും കോൺഗ്രസ് അത്തരം ശ്രമങ്ങൾക്കെതിരെ കണ്ണടയ്ക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

അധികാരത്തിലേറാൻ വർഗീയതയെയും നിർലജ്ജം ഉപയോഗിക്കുകയാണ് ബിജെപിയെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പിൻറെ പൂർണ രൂപം

മതനിരപേക്ഷ രാഷ്ട്രീയത്തിൻ്റെ അന്ത്യം കുറിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി നടത്തുന്നത്. പൗരത്വഭേദഗതി നിയമം അവരുടെ ആ അജണ്ടയുടെ ഭാഗമാണ്. കോൺഗ്രസ് അത്തരം ശ്രമങ്ങൾക്കെതിരെ കണ്ണടയ്ക്കുന്നു എന്നു മാത്രമല്ല, അധികാരത്തിലേറാൻ വർഗീയതയെ നിർലജ്ജം ഉപയോഗിക്കുകയും ചെയ്യുന്നു.

ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയർത്തുന്നത് ഇടതുപക്ഷം മാത്രമാണ്. മതേതരത്വമുൾപ്പെടെയുള്ള ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സാധാരണക്കാരൻ്റെ ക്ഷേമത്തിനും നാടിൻ്റെ വികസനത്തിനും ആയി ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന ബദൽ രാഷ്ട്രീയം ഈ നാട്ടിലെ ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.

കേരള പര്യടനത്തിന് കൊല്ലത്തു വച്ച് ലഭിച്ച സ്വീകരണത്തിലൊത്തു ചേർന്ന കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിലെ ജനങ്ങളുടെ ആവേശത്തിൽ അതു പ്രകടമായിരുന്നു. കൊല്ലം എൽഡിഎഫ് സ്ഥാനാർഥിയായ മുകേഷിനും, ഇരവിപുരത്തെ സ്ഥാനാർഥിയായ എം. നൗഷാദിനും നിസ്സീമമായ പിന്തുണയാണ് അവർ നൽകുന്നത്.

ഇടതുപക്ഷത്തിൻ്റെ വിജയത്തിനായി തങ്ങളു സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന അഭ്യർഥനയെ കരഘോഷങ്ങളോടെയാണ് അവർ സ്വീകരിച്ചത്. ഈ ജനപിന്തുണ നൽകുന്ന ആത്മവിശ്വാസത്തോടെയാണ് ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.