തരംഗം തീർത്ത്, ജനങ്ങൾക്കൊപ്പം വികസന നായകൻ

0
60

മനോജ് വാസുദേവ്

“ഞാൻ ഉറപ്പിച്ചു പറയുന്നു; പകരക്കാരനില്ലാത്ത അമരക്കാരനാണ് പിണറായി വിജയൻ ” – ഇങ്ങനെ പറയുന്നത് ചെങ്ങന്നൂർ മണ്ഡലത്തിലെ വെണ്മണി സ്വദേശി സുശീലൻ. എനിക്കുറപ്പാണ് ഇടതുപക്ഷംതന്നെയാണ്. ഇടതുപക്ഷത്തിനേ ഇങ്ങനെയൊക്കെ പറ്റൂ. എങ്ങനെയൊക്കെ എന്ന ചോദ്യത്തിനും കൃത്യമായ മറുപടിയുണ്ട്. “കൂടുതലൊന്നും പറയുന്നില്ല, വെള്ളപ്പൊക്ക കാലത്തെ അനുഭവം മതി.”- സുശീലൻ ബാക്കി വിശദീകരിക്കാൻ നിൽക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുവരുന്നത്. “ബാക്കി പിന്നെ പറയാം സാറേ, എന്റെ ക്യാപ്റ്റൻ വരുന്നുണ്ട്. ലാൽസലാംകൂടി പറഞ്ഞ് സുശീലൻ മുദ്രാവാക്യവും മുഴക്കി ആൾക്കൂട്ടത്തിൽ ഒരാളായി.

അതെ. പിണറായി വിജയൻ കേരളത്തിന് ക്യാപ്റ്റനാണിപ്പോൾ. നവകേരളത്തിന് പടയൊരുക്കുന്ന നായകൻ. ആദ്യഘട്ട പ്രചാരണത്തിനൊടുവിൽ ചാത്തന്നൂരിൽ എത്തിയപ്പോൾ തനിക്ക് 1600 രൂപ പെൻഷൻ തരുന്ന മനുഷ്യത്വമുള്ള ഭരണാധികാരിയെ ഒന്നുകാണാൻ വന്ന വയോധികൻ അടക്കമുള്ളവർ ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിക്കുന്നു. വൈകാരികമായ പല രംഗങ്ങളുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം സാക്ഷ്യം വഹിച്ചത്. വയനാട്ടിലും പാലക്കാട്ടും തൃശൂരും ആലപ്പുഴയും ഒക്കെ വികസന നായകനെ അക്ഷരാർത്ഥത്തിൽ നെഞ്ചേറ്റുകയായിരുന്നു പിണറായി വിജയൻ എന്ന നേതാവിനെ.

കേരളം എത്രമാത്രം ഈ നേതാവിനെ സ്നേഹിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഓരോ സ്വീകരണവും. വടക്കൻ കേരളത്തിലെ ഒരു സ്വീകരണത്തിനിടെ “സഖാവേ സഖാവേ” എന്ന കുഞ്ഞിളംവിളി കേട്ട് ആവേശഭരിതനായ നേതാവ്, മുഷ്ടിചുരുട്ടി പ്രത്യഭിവാദ്യം അർപ്പിച്ച മുഖ്യമന്ത്രി. “പിണറായി ഏട്ടനെ” കാണാനെത്തിയ മക്രേരിയിലെ കൊച്ചുമിടുക്കി തംബുരു, ടിവിയിൽ കാണുന്ന ആളാ, ഒന്ന് നേരെ കണ്ടോട്ടെ എന്ന് പറഞ്ഞ് മാധ്യമപ്രവർത്തകരോട് തട്ടിക്കയറിയ പൊന്നാനിയിലെ കുഞ്ഞബ്ദുള്ള, ചെരുപ്പ് പോയാലെന്ത് അഭിവാദ്യം അർപ്പിക്കാനായല്ലോ എന്ന് പറഞ്ഞ കല്ലുവാതുക്കലിലെ വയോധികൻ, “എങ്കൾക്ക് നീങ്ക താൻ മുഖ്യൻ, അതുക്കപ്പുറം മുഖ്യം” എന്ന് തമിഴിൽ ആർത്തുവിളിച്ചുപറഞ്ഞ മൂന്നാറിലെ തങ്കയ്യൻ. അതെ തരംഗം തീർക്കുകയാണ് ജനനായകൻ; നാളെയുടെ കേരളം സൃഷ്ടിക്കാൻ.

 

കാരുണ്യവും സർക്കാരിന്റെ ചേർത്തുപിടിക്കലും തൊട്ടറിഞ്ഞ പതിനായിരങ്ങളുടെ ഹർഷാരവവും കൈയടികളും അഭിവാദ്യവും ഏറ്റുവാങ്ങിയാണ് പിണറായി വിജയൻ കേരള പര്യടനം തുടരുന്നത്. പറയുന്നതൊക്കെ ചെയ്യുന്ന, ചെയ്യുന്നതുമാത്രം പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ആവേശത്തോടെയും അഭിമാനത്തോടെയുമാണ് കേരളം ഒന്നടങ്കം ഏറ്റുവാങ്ങുന്നത്. പിറന്ന നാട്ടിൽ അഭയാർഥികളായി കഴിയണമെന്ന കേന്ദ്ര തിട്ടൂരത്തിന് മുന്നിൽ പകച്ചുപോയ മനുഷ്യരോട്‌‌ പൗരത്വനിയമം ഇവിടെ നടപ്പാക്കില്ല എന്ന ഉറപ്പ് പിണറായി വിജയൻ നൽകുമ്പോൾ ജനങ്ങളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കമാണ് പ്രതിഫലിക്കുന്നത്.

കൊടും ചൂടുകാലം… തെറ്റിപ്പെയ്യുന്ന മഴയൊന്നും ജനക്കൂട്ടത്തിന്റെ ആവേശം തെല്ലും കെടുത്തുന്നില്ല. കാര്യങ്ങൾ, കാര്യകാരണസഹിതം വിശദീകരിക്കുന്നു. പര്യടനം ആരംഭിക്കുന്നതിനുമുമ്പ് മാധ്യമ പ്രവർത്തകരോട് 45 മിനിറ്റ്. ചോദ്യങ്ങൾക്കുള്ള മറുപടി വളരെ കൃത്യം, കിറുകൃത്യം. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തെളിവുകൾസഹിതം പൊളിച്ച് കൈയിൽ കൊടുക്കുന്നു. ബിജെപിക്കും യു ഡി എഫിനുംവേണ്ടി കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകർക്ക് വയറുനിറയുന്ന മറുപടി. കുറിക്കുകൊള്ളുന്ന പ്രയോഗങ്ങളോടെ ഉത്തരം. പിന്നെയും ജനങ്ങളിലേക്ക്.

കൊടിയുമായി മുദ്രാവാക്യം വിളിച്ച് കാത്തുനിൽക്കുന്നവരിലേക്ക് എത്തുമ്പോൾ ആവേശം അതിന്റെ സർവസീമയും കടക്കുന്നു. ജനക്കൂട്ടത്തിൽനിന്നും പിണറായിയെ വേദിയിലെത്തിക്കാൻ പാടുപെടുന്ന പോലീസും സുരക്ഷാ സൈനികരും. ജനാവേശം ആർത്തുയരുമ്പോൾ മീനച്ചൂടിനെയും വകഞ്ഞുമാറ്റിയാണ് പിണറായിയുടെ വരവ്. കൊല്ലത്തും മലപ്പുറത്തും പാലക്കാട്ടും പത്തനംതിട്ടയിലും ഇടുക്കിയിലും ആവേശം പരകോടിയോളമെത്തി.

പന്തലും മൈതാനവും കടന്ന്‌ ജനക്കൂട്ടം റോഡിനിരുവശത്തേക്കും പരന്നു. സ്ഥാനാർഥികളെ പരിചയപ്പെടുത്തിയ ശേഷം അവരെ വലിയ ഭൂരിപക്ഷത്തിന്‌ വിജയിപ്പിക്കണമെന്ന്‌ അഭ്യർഥിക്കാൻ കൈകൾ ഇരുവശത്തേക്കും നീട്ടി. വീണ്ടും ഉറച്ച വാക്കുകൾ. ഒരു നവകേരളം സൃഷ്ടിക്കാൻ നമുക്കൊന്നിച്ചു നിൽക്കാം; ദിഗന്തം മുഴങ്ങുന്ന കൈയടികളോടെ ജനക്കൂട്ടം ഈ ആഹ്വാനം ഏറ്റെടുന്നു.

 

സൂക്ഷ്‌മതയും കൃത്യതയുമാണ് എന്നും പിണറായിയുടെ സവിശേഷത. തന്നെ സമീപിക്കുന്ന കുരുന്നുകളെയും സ്നേഹത്തോടെ ആശ്ലേഷിച്ച് പ്രത്യഭിവാദ്യം ചെയ്യുന്ന കരുതൽ. വിറയാർന്ന കരങ്ങളെ ഒപ്പം ചേർത്തുനിർത്തുന്ന ജാഗ്രത. സമൂഹം ഒന്നടങ്കം അനുഭവിച്ചറിയുകയായിരുന്നു ആ പ്രത്യേകത. വലതുപക്ഷം കൃത്യമായ ഇടവേളകളിൽ തടസ്സപ്പെടുത്തിയ പുരോഗമനകേരളത്തിന്റെ നഷ്‌ടങ്ങൾ തിരികെപ്പിടിക്കാൻ ഒരു നിമിഷം പാഴാക്കരുതെന്ന ഓർമപ്പെടുത്തൽ. പൊതുയോഗങ്ങളിൽ വാരിവലിച്ചുനീട്ടാതെ കാര്യങ്ങൾ മാത്രം സൂചിപ്പിക്കുന്ന പ്രസംഗം.

ബിജെപിക്ക്‌ വിലയ്‌ക്കെടുക്കാനാവുംവിധം വിൽപ്പനയ്‌ക്കു വെച്ച കോൺഗ്രസിനെയും തുറന്നുകാട്ടുന്ന സംഗ്രഹം. മതനിരപേക്ഷതയുടെ അനിവാര്യത ചൂണ്ടിക്കാട്ടിയുള്ള ഉദാഹരണങ്ങൾ. നാടിനെ ഏങ്ങനെ വീണ്ടെടുക്കാൻ ആകുമെന്നത് വ്യക്തമായി അവതരിപ്പിക്കൽ. സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയുള്ള മുക്കാൽമണിക്കൂർ നീളുന്ന പ്രസംഗം.

സർക്കാരിന്റെ വികസനവും എൽഡിഎഫ്‌ പ്രകടനപത്രികയിലെ വാഗ്‌ദാനവും അക്കമിട്ട്‌ നിരത്തി… മഹാമാരിക്കാലവും അവസരമാക്കുന്നതെങ്ങനെയെന്ന്‌ അടച്ചിട്ട സ്ഥാപനങ്ങളിലെ സംരംഭകർക്ക്‌ വിദഗ്‌ധ തൊഴിലാളികളെ പോർട്ടലിലൂടെ കൈമാറിയ അനുഭവത്തിൽ വിവരിക്കുമ്പോൾ ആത്മവിശ്വാസം. അതേ, ജനനായകൻ തന്നെയാണ് പിണറായി എന്ന് കേരളപര്യടനം നമ്മളെയും നാടിനെയും ബോധ്യപ്പെടുത്തുന്നു.