ക്യാപ്റ്റനെ കേൾക്കാൻ കടലലപോലെ കേരളം

0
141

– കെ വി –

കേരളം ഇളകി മറിയുകയാണ് ; മീനച്ചൂടിനെയും മറികടക്കുന്ന ആവേശത്തോടെ. ഓർക്കാപ്പുറത്ത് വന്നുപെട്ട ദുരിതപർവം പിന്തള്ളാൻ കൂടെനിന്ന് നയിച്ച ക്യാപ്റ്റനെ കാണാനും കേൾക്കാനും ആബാലവൃദ്ധം ഒഴുകിയെത്തുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ സംസ്ഥാനതല പ്രചാരണപര്യടനം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ എങ്ങും റെക്കോഡ് ജനക്കൂട്ടം . എൽ ഡി എഫ് ഉറപ്പാണ് എന്ന പ്രഖ്യാപനത്തിൻ്റെ ജീവസ്സുറ്റ സഫലസാക്ഷ്യംപോലെ .

ഓഖിയും നിപ്പയും പ്രളയവും മഹാമാരിയും വിതച്ച കഷ്ടപ്പാടുകളുടെ കുത്തൊഴുക്കിലും പട്ടിണിയെ പടിയകറ്റാൻ തുണച്ച ഇടതുപക്ഷ ഭരണത്തോടുള്ള അതിരറ്റ കടപ്പാടാണ് ഓരോ ബഹുജനറാലിയും വിളിച്ചറിയിക്കുന്നത് .

എത്ര പേടിപ്പെടുത്തുന്ന കാറ്റും കോളും നിറഞ്ഞ കടലിലും തികഞ്ഞ തൻ്റേടത്തോടെ, അളവറ്റ ആത്മവിശ്വാസത്തോടെ സഹയാത്രികരെ കരയടുപ്പിക്കാൻ കെല്പുള്ള കപ്പിത്താനെപ്പോലെയാണ് മുഖ്യമന്ത്രിയെ ജനങ്ങൾ കാണുന്നത്.

മുമ്പൊന്നും പിണറായിയോട് അത്ര പ്രിയമില്ലാതിരുന്നവരിലും കക്ഷിരാഷ്ട്രീയത്തിന് അതീതമായ നല്ലൊരാത്മബന്ധം വളർന്നുവന്നിട്ടുണ്ട്. ജനജീവിതത്തിൻ്റെ ഓരോ തുറയിലെയും സ്പന്ദനങ്ങളും കഷ്ടപ്പാടുകളും കണ്ടറിഞ്ഞ് , ആശ്വാസത്തിൻ്റെയും പ്രതീക്ഷയുടെയും തിരിതെളിയിച്ച് സാധാരണക്കാർക്ക് താങ്ങൊരുക്കുന്ന കരുത്തനായ നേതാവ് എന്ന പൊതുധാരണ പ്രബലമാണ്.

ഓരോ പ്രശ്നത്തിലും പ്രായോഗികതയിലൂന്നിയ സമർത്ഥമായ ഇടപെടലിലൂടെ പരിഹാരമാർഗങ്ങൾ നിർദേശിച്ചും ദീർഘവീക്ഷണമുള്ള വികസന പദ്ധതികളും ജനക്ഷേമ നടപടികളും നടപ്പാക്കിയും കാര്യപ്രാപ്തിയിൽ അതുല്യ മാതൃകയായി മാറുന്ന മുഖ്യമന്ത്രി.

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും കൊടിയ പ്രളയത്തിലും ലോകത്തെയാകെ വിറങ്ങലിപ്പിച്ച മഹാമാരിയിലും , കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ രാജ്യത്തിനുതന്നെ വഴികാട്ടുന്ന പുനർ നിർമാണ രീതി കാഴ്ചവെച്ച് മുന്നേറുന്ന സർക്കാർ.

കക്ഷിരാഷ്ട്രീയത്തിൻ്റെ എല്ലാ അതിരുകളും മറന്ന് ജനമനസ്സിൽ എൽ ഡി എഫ് മന്ത്രിസഭയെക്കുറിച്ചുയർന്ന മതിപ്പും പ്രതിഛായയും … കേരളത്തിൽ ഇതാദ്യമായി ഇടതു പക്ഷ-ജനാധിപത്യ മുന്നണിയുടെ ഭരണത്തുടർച്ച ഉറപ്പാക്കുന്നതാണീ ഭരണമികവെന്നത് നിസ്തർക്കം.

ഇതിനോടുള്ള അനുഭാവവും ഐക്യദാർഢ്യവും എങ്ങും പ്രകടമാണ്. ഇതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കേരളപര്യടനം ഒരാഴ്ച പിന്നിട്ടപ്പോൾ വ്യക്തമാവുന്ന ചിത്രം. സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷിനേതാക്കളിൽ ചിലരുടെ സമനില തെറ്റിക്കുന്ന പിണറായിവിരോധത്തിൻ്റെ മുഖ്യഹേതുവും മറ്റൊന്നല്ല. ഇതു കൊണ്ടുതന്നെയാണ് തോന്നുന്നതൊക്കെ വിളിച്ചുപറയാൻ യു ഡി എഫ് – ബി ജെ പി നേതാക്കൾ മുതിരുന്നതും.

ദേശീയ- രാജ്യാന്തര തലങ്ങളിലുള്ള ഒട്ടേറെ ബഹുമതികളും അംഗീകാരങ്ങളും തേടിയെത്തിയ സൽഭരണമെന്ന കീർത്തിയുമായാണ് എൽ ഡി എഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഇടതുപക്ഷവിരുദ്ധ കുത്തിത്തിരിപ്പുകളിൽ മുഴുകിയ ഏതാനും വാർത്താ മാധ്യമങ്ങളുടെയും ,കോ-ലീ-ബി കൂട്ടുകെട്ടിന്റെയും സകല നുണപ്രചാരണങ്ങൾക്കും കനത്ത തിരിച്ചടിയേകിയ ജനവിധിയാണ് കഴിഞ്ഞ തദ്ദേശഭരണ സമിതി തെരഞ്ഞെടുപ്പിലുണ്ടായത്. എന്നിട്ടും അതിൽനിന്ന് ജനവികാരം വായിച്ചെടുക്കാൻ അവർക്കായിട്ടില്ല.

പല രംഗങ്ങളിലെയും മികവിന് ഇത്രയേറെ ബഹുമതികളും അംഗീകാരങ്ങളും അഞ്ചുവർഷംകൊണ്ട് നേടിയ മറ്റൊരു സംസ്ഥാനവും ഇന്ത്യയിലില്ല. കോവിഡ് മഹാമാരി പ്രതിരോധത്തിൽ കൊച്ചുകേരളം കൈവരിച്ച വിസ്മയകരമായ നേട്ടം സമാനതകളില്ലാത്തതാണ്. സാർവദേശീയ പ്രശസ്തിയും പ്രചാരവുമുള്ള 42 ആനുകാലിക ജർണലുകൾ നമ്മുടെ അതിജീവന സന്നാഹങ്ങളെ വാഴ്ത്തുകയുണ്ടായി.

മാധ്യമ വിശ്വാസ്യതയിൽ വിശ്വഖ്യാതിയുള്ള ബി ബി സി യുടെവരെ അഭിമുഖത്തിന് ആരോഗ്യമന്ത്രി കെ കെ ശൈലജ ക്ഷണിക്കപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ ആദരവിനും അവർ അർഹയായി. കോവിഡ് മഹാമാരിയുടെ നാളുകളിൽ വലിയ ജനസേവനം ചെയ്ത ഏഷ്യയിലെ ഏറ്റവും പ്രഗത്ഭരായ വ്യക്തികളിൽ മൂന്നാം സ്ഥാനത്തെത്തി ആ ഉന്നത ബഹുമതിയും മന്ത്രി എത്തിപ്പിടിച്ചു.

സംസ്ഥാനത്തിന് പൊതുവെ എത്രയേറെ അഭിമാനകരമായ പെരുമയാണിവ. എന്നാൽ , അസൂയയും കുശുമ്പും മൂത്ത് ജീവൻ രക്ഷാദൗത്യങ്ങൾക്ക് പാരവെച്ച്, മരണത്തിൻ്റെ വ്യാപാരികളായ കോ-ലീ-ബി പ്രതിപക്ഷം അതിനെയൊക്കെ ഇകഴ്ത്തിക്കാട്ടാനാണ് ശ്രമിച്ചത്. പക്ഷേ, അതൊന്നും എവിടെയും ഏശിയില്ല.

 

സാധാരണ ജനങ്ങളുടെ ജീവിതത്തിൽ സർവതലസ്പർശിയായ ആശ്വാസവും പുരോഗതിയും പ്രദാനം ചെയ്ത ഭരണമാണ് എൽ ഡി എഫിൻ്റേത്. അതിൻ്റെ ചെറിയ അംശമെങ്കിലും കിട്ടാത്ത ഒരു വിഭാഗവുമില്ല നമ്മുടെ നാട്ടിൽ. ഓരോ വകുപ്പിലുമുണ്ട് എണ്ണിപ്പറയാവുന്ന ഒട്ടേറെ നേട്ടങ്ങൾ. ഭരണതലത്തിൽ അഴിമതിക്ക് അറുതി വരുത്തിയതും ഏറെ ശ്രദ്ധേയമാണ്. ആരെത്ര നുണകൾ ആവർത്തിച്ചാലും തിളങ്ങുന്ന ഇത്തരം നേട്ടങ്ങൾ മറച്ചുവെക്കാനാവില്ല.

സർക്കാരിനെ നേരേചൊവ്വേ എതിർക്കാൻ ഒരു പഴുതുമില്ലാത്തതുകൊണ്ടാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പുകമറ തീർക്കാൻ കോ-ലീ- ബി നേതാക്കൾ മുതിരുന്നത്. ഏതാനും വലതുപക്ഷ വാർത്താ മാധ്യമങ്ങളുടെ പിന്തുണയുള്ളതുകൊണ്ട് നിലവിട്ട് ഉറഞ്ഞുതുള്ളുകയാണവർ. ഇവരെ മൂലക്കിരുത്താനുള്ള ചിന്താശേഷിയും തിരിച്ചറിവും നിഷ്പക്ഷരായ ആളുകളിൽവരെ വളർന്നുവരുന്നുണ്ടെന്നത് നല്ല സൂചനയാണ്.