‘കുപ്രചാരണങ്ങൾ വെറും പുകമറ; കെട്ടുകഥകൾ ആരുടെ താത്പര്യപ്രകാരമെന്ന് അന്വേഷിക്കണം’: സ്പീക്കർ

0
103

ആരോപണങ്ങൾക്ക് വിശദമായ മറുപടിയുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കസ്റ്റഡിയിലുള്ള പ്രതികൾ സ്വരക്ഷയ്ക്കായി എന്തെങ്കിലും വിളിച്ചു പറയുകയോ, പറയിപ്പിക്കുകയോ ചെയ്തതുകൊണ്ടൊന്നും സത്യത്തെ കുഴിച്ചുമൂടാനാകില്ലെന്ന് പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.

അന്വേഷണം എന്നത് സത്യസന്ധമായി കുറ്റവാളികളെ കണ്ടെത്താനുള്ള നിയമപരമായ നീക്കമായിരിക്കണം. അല്ലാതെ ആരെയെങ്കിലും കൊന്ന് ചോര കുടിക്കുന്ന ഏർപ്പാടാകരുതെന്നും സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

സത്യം അറിയേണ്ടവരോട്

നുണകൾ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നാൽ ആത് സത്യമാണെന്ന മിഥ്യാബോധം സൃഷ്ടിക്കുമെന്നത് ഗീബൽസിന്റെ സിദ്ധാന്തമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ സിദ്ധാന്തത്തിന്റെ ഇരയെന്ന നിലയിൽ ആക്രമണങ്ങൾ ഏറ്റുവാങ്ങുമ്പോഴും, വഹിക്കുന്ന പദവിയുടെ പരിമിതിയുടെ പേരിൽ പലതും വേണ്ടത്ര തുറന്നു പറയാൻ ആയിട്ടില്ല. ആ അവസരം കൂടി ഉപയോഗപ്പെടുത്തി എന്തും വിളിച്ചു പറയുന്നിടത്തേക്ക് കാര്യങ്ങൾ എത്തുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായമെന്നപോലെ കേന്ദ്ര ഏജൻസികൾ തങ്ങളാൽ കഴിയുന്ന കൊഴുപ്പുകൂട്ടലിനും നേതൃത്വം കൊടുക്കുന്നു.

ലോകകേരളസഭ, കേരളം ജനാധിപത്യ ലോകത്തിനു നൽകിയ ഏറ്റവും ഉദാത്തമായ ഒരു മാതൃകയാണ്. ലോകകേരളസഭയുടെ പേരിൽ പണ സമാഹരണവും സമ്പത്തുണ്ടാക്കലുമാണ് നടന്നത് എന്ന് പറയുന്നത് എത്രമാത്രം തരംതാണ പ്രചാരവേലയാണ്, അതിൽ പങ്കാളികളായ പ്രവാസികളോടുള്ള അവഹേളനമല്ലാതെ മറ്റെന്താണ്?. സ്പീക്കർ എന്ന നിലയിൽ ഞാൻ നടത്തിയ വിദേശ യാത്രകൾ ലക്ഷ്യം വെച്ചാണ് വായിൽ തോന്നിയത് കോതയ്ക്കു പാട്ടെന്ന നിലയിൽ ആദ്യം പ്രചാരണം ആരംഭിച്ചത്.

വിദേശയാത്രകൾ ഒന്നും രഹസ്യമായിരുന്നില്ല. പ്രവാസി സംഘടനകളുടെ നൂറുകണക്കിന് ക്ഷണങ്ങൾക്കിടയിൽ നിർബന്ധം സഹിക്കവയ്യാതെയും, തീരെ ഒഴിവാക്കാനാവാത്തതുമായ പരിപാടികളിലാണ് സംബന്ധിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ബഹുഭൂരിപക്ഷം യാത്രകളുടെയും ചെലവുകൾ വഹിച്ചത് ഈ സംഘടനകളാണ്.

അതിന്റെ എല്ലാം വിശദാംശങ്ങൾ ആർക്കും പരിശോധനക്ക് ലഭ്യമാകും വിധം സുതാര്യവുമാണ്. ആവശ്യമുള്ളവർക്ക് നേരിൽവന്ന് പരിശോധിക്കുവാനും അവസരം ഒരുക്കുന്നതാണ് . വിവരാവകാശ നിയമ പ്രകാരം ചോദിച്ചവർക്കെല്ലാം ചോദിച്ച കാര്യങ്ങൾക്ക് മറുപടി നൽകയിട്ടുണ്ട്. ചോദ്യങ്ങളിലെ വ്യത്യാസം ഉത്തരങ്ങളിലും ഉണ്ടായേക്കാം എന്നത് ഒഴിച്ചാൽ ഇതിലൊന്നും ഒരു ആശയക്കുഴപ്പവും ഇല്ല.

യൂറോപ്പിൽ, വിയന്നയിലോ ലണ്ടനിലോ ഒരു പരിപാടിയിൽ സംബന്ധിക്കാൻ അവസരം ലഭിച്ചാൽ അവിടെപ്പോയി അരമണിക്കൂർ പ്രസംഗിച്ച് അടുത്ത വിമാനത്തിൽ തിരിച്ചുവരാൻ മാത്രം വരണ്ടുണങ്ങിയ മനോഭാവമല്ല എനിക്കുള്ളത്. കിട്ടിയ അവസരം ഉപയോഗിച്ച് കഴിയാവുന്നത്ര യാത്രകൾ ചെയ്യാനും, സ്ഥലങ്ങൾ സന്ദർശിക്കാനും, ചരിത്രവും സംസ്കാരവും പഠിക്കാനും, പുതിയ മാറ്റങ്ങൾ നിരീക്ഷിക്കുവാനും ശ്രമിച്ചിട്ടുണ്ടാകാം.

ഇതൊന്നും ഒരു കുറ്റകൃത്യമായി കരുതിയിട്ടില്ല. ഇതൊക്കെ നിഗൂഢമായ നീക്കങ്ങളാണെന്ന് വ്യാഖ്യാനിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അല്ലാതെ പിന്നെന്താണ് യാത്രകൾ.?

യാത്രകൾ സംബന്ധിച്ചുള്ള എല്ലാ വ്യാഖ്യാനങ്ങളും തികഞ്ഞ നുണക്കഥകളും, സത്യവുമായി പുലബന്ധം പോലും ഇല്ലാത്തവയുമാണ് എന്ന് ഒരിക്കൽക്കൂടി അറിയിക്കുന്നു. ആവശ്യമുള്ളവരെ പരിശോധിച്ച് ബോധ്യപ്പെടാൻ ക്ഷണിക്കുന്നു. അതു പോലെ നട്ടാൽ കുരുക്കാത്ത നുണകൾ മൊഴികളെന്ന പേരിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും അവിശ്വസനീയമായ നിലയിലാണ്.

ഒരു വിധത്തിലുള്ള ഡോളർ കൈമാറ്റ – പണം കൈമാറ്റവും ഉണ്ടായിട്ടില്ല. ഈ കെട്ടു കഥകൾ വരുന്നത് ആരുടെ താൽപര്യപ്രകാരമാണെന്നത് അന്വേഷണ വിധേയ മാക്കേണ്ടതാണ്. മുഖ്യമന്ത്രിയും സ്പീക്കറും ഒരുമിച്ചിരുന്ന് ഡോളർ കൈമാറ്റത്തെക്കുറിച്ച് കോൺസുൽ ജനറലുമായി സംസാരിച്ചുവെന്നും, അവിടെ ദ്വിഭാഷിയായി താൻ ഉണ്ടായിരുന്നുവെന്നും വരെ അസംബന്ധം മൊഴിയായി പുറത്തുവിട്ട സാഹചര്യത്തിൽ എത്ര നികൃഷ്ടമായാണ് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാണല്ലോ .

മലപ്പുറം ജില്ലയിൽ ജനിച്ചു വളർന്ന ഞാൻ പ്രവാസികളുടെ ജീവിതവും, അനുഭവങ്ങളും, സംരംഭങ്ങളും കണ്ട് വളർന്നുവന്ന ഒരാളാണ്. ചെറിയ നിലയിൽ തുടങ്ങി സമ്പന്നരായി മാറിയവരെയും, ലേബർ ക്യാമ്പുകളിൽ പതിറ്റാണ്ടുകൾ തള്ളിനീക്കിയിട്ടും പച്ചപിടിക്കാത്ത പാവം പ്രവാസികളെയും എനിക്കറിയാം അവരോടെല്ലാം ഒരേ ആദരവോടെ മാത്രമേ ഇതുവരെ പെരുമാറിയിട്ടുള്ളൂ. പ്രവാസി സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നമ്മുടെ നിലപാട് എന്നുതന്നെയാണ് ഞാൻ കരുതുന്നത്.

ഒമാനിൽ മിഡിൽ ഈസ്റ്റ് കോളേജ് നടത്തുന്ന പൊന്നാനിയിലെ ലഫീർ അഹമ്മദിനെ അറിയാം അതുപോലെ എത്രയോ പേരെ അറിയാം, അവരെയെല്ലാം കാണാറും സംസാരിക്കാറുമുണ്ട്. അതിനർത്ഥം അവരുമായെല്ലാം കൂട്ടുകച്ചവടം ഉണ്ട് എന്നല്ല. ഇനിയും പ്രവാസി സുഹൃത്തുക്കളുമായി ബന്ധപ്പെടേണ്ടി വരും. അതിന്റെ പേരിൽ പേടിപ്പിക്കാൻ വരരുത്. ഇല്ലാത്ത കെട്ടുകഥയുടെ ഉമ്മാക്കി കൊണ്ടൊന്നും പേടിപ്പിക്കാൻ വരണ്ട. കാരണം നിയമ വിരുദ്ധമായ ഒന്നും ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ്.

ഒരുതരത്തിലുമുള്ള ഇടപാടുകളിലും പങ്കാളിയല്ലാത്തതിനാൽ ഒരു ആശങ്കയുമില്ല. ഒരിടത്തും സ്വദേശത്തോ വിദേശത്തോ ഒരു നിക്ഷേപവും ഇല്ല. ഏത് ഇന്റർപോളിനും അന്വേഷിക്കാവുന്നതാണ്. ഒരു കോളേജിലും നിക്ഷേപിക്കാനോ ബ്രാഞ്ച് ആരംഭിക്കാനോ ആരേയും സഹായിച്ചിട്ടില്ല. ഷാർജാ ഷെയ്ഖിനെ കേരളത്തിലോ പുറത്തോ വച്ച് ഒറ്റയ്ക്ക് കണ്ടിട്ടുമില്ല. തിരുവനന്തപുരത്ത് ഔദ്യോഗിക അത്താഴ വിരുന്നിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്തു എന്നതൊഴിച്ചാൽ ഒരിക്കലും കണ്ടിട്ടില്ല.

കസ്റ്റഡിയിലുള്ള പ്രതികൾ സ്വരക്ഷക്കായി എന്തെങ്കിലും വിളിച്ചു പറയുകയോ, പറയിപ്പിക്കുകയോ ചെയ്തതുകൊണ്ടൊന്നും സത്യത്തെ കുഴിച്ചു മൂടാനാകില്ല. അന്വേഷണം എന്നത് സത്യസന്ധമായി കുറ്റവാളികളെ കണ്ടെത്താനുള്ള നിയമപരമായ നീക്കമായിരിക്കണം. അല്ലാതെ, ആരെയെങ്കിലും കൊന്ന് ചോര കുടിക്കുന്ന ഏർപ്പാടാകരുത്

വിവിധ ഏജൻസികൾ മാസങ്ങളോളം ചോദ്യം ചെയ്ത് കുറ്റപത്രം സമർപ്പിച്ച് കഴിഞ്ഞ ശേഷം അതിലൊന്നും പരാമർശിക്കാത്ത ഒരു കാര്യം ഇപ്പോൾ പുറത്തു വരുന്നത് എങ്ങിനെയെന്നാണ് അന്വേഷണ വിധേയമാക്കേണ്ടത്. മാപ്പുസാക്ഷി ആക്കാമെന്ന വാഗ്ദാനത്തിന് പിറകെയാണ് ഇത് സംഭവിച്ചത് എന്നതും കൂട്ടി വായിക്കണം.

ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ നേതൃത്വത്തേയും ഭരണ സംവിധാനത്തേയും അംഗീകരിച്ചും വിശ്വാസത്തിലെടുത്തും ആണ് മുന്നോട്ട് പോകേണ്ടത്. എന്നാൽ ഇവിടെ എല്ലാ പരിധിയും ലംഘിച്ചുകൊണ്ട്, കേരള നിയമസഭ ഐകകണ്ഠേന പാസാക്കിയ കിഫ്ബിക്കെതിരെ കേസെടുക്കുക, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക, ലൈഫ് മിഷൻ പദ്ധതിക്കെതിരെ നീങ്ങുക, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വർക്കെതിരെ കള്ളമൊഴികൾ ഉണ്ടാക്കി പ്രചരിപ്പിക്കുക തുടങ്ങി നീതിന്യായ വ്യവസ്ഥയെ പല്ലിളിച്ച് കാണിക്കുന്ന ഇത്തരം പരിപാടികൾ വളരെ അപമാനകരമാണ്.

കസ്റ്റഡിയിലിരിക്കുന്ന പ്രതികൾ പറഞ്ഞതോ, പറയിപ്പിച്ചതോ ആയ മൊഴികളെ മാത്രം ആശ്രയിച്ച്, യാതൊരു അന്വേഷണവും നടത്താതെ പതിറ്റാണ്ടുകളായി കർമ്മ വിശുദ്ധിയോടെ പൊതുപ്രവർത്തന രംഗത്ത് തുടരുന്ന വ്യക്തികളെ ചെളിവാരിയെറിയാൻ ഇനിയും മാധ്യമങ്ങൾ കൂട്ടു നിൽക്കരുത്. ഇനിയും നമ്പിനാരായണൻമാർ ഇവിടെ ഉണ്ടാകാതിരിക്കട്ടെ !!!

പന്ത്രണ്ടാം വയസ്സിൽ തുടങ്ങി കഴിഞ്ഞ നാൽപ്പത്തിയൊന്നു വർഷമായി പൊതുരംഗത്ത് ജനങ്ങൾക്കിടയിൽ ജീവിക്കുന്ന ഞാൻ ആരാണെന്ന് എന്നെ അറിയാവുന്ന എല്ലാവർക്കം അറിയാം. ഞാൻ ഇടപഴകിയ മനുഷ്യർ തന്നെയാണ് എന്റെ ശക്തി. ഏതെല്ലാം മൺവെട്ടികൾകൊണ്ട് എത്ര ആഴത്തിൽ കുഴിച്ചു നോക്കിയാലും ഒന്നും കണ്ടെത്തുവാൻ കഴിയില്ല.

ഒരു പക്ഷേ, വ്യക്തിപരമായി അപമാനിക്കാൻ കഴിഞ്ഞേക്കാം. പക്ഷേ, പരാജയപ്പെടുത്താൻ കഴിയില്ല. എന്നാൽ വ്യക്തിപരമായി ഇത് എടുക്കുന്നുമില്ല. രാഷ്ട്രീയ താൽപര്യം വച്ചുകൊണ്ടുള്ള കുപ്രചരണങ്ങൾ വെറും പുകമറയാണ്. കൊടുങ്കാറ്റൊന്നും വേണ്ട… ഒരിളംകാറ്റിൽത്തന്നെ ഒഴുകിപ്പോകുന്ന വെറും പുകച്ചുരുളുകൾ മാത്രം.

സത്യം അറിയേണ്ടവർക്കായി തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഈ കുറിപ്പ്.