കരുതിയിരുന്നോളീൻ… ഏത് നുണബോമ്പും എന്നും പൊട്ടിച്ചേക്കും

0
28

കെ വി 

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇപ്രാവശ്യം നേരും നുണകളും തമ്മിലാണ് ഏറ്റുമുട്ടൽ. ജനങ്ങൾ സ്വയം അനുഭവിച്ചറിയുന്ന യാഥാർത്ഥ്യങ്ങളും വായുവിൽ പറന്നലിഞ്ഞുപോവുന്ന പെരുംകള്ളങ്ങളും തമ്മിൽ. രാഷ്ടീയ ധാർമികതയും മാന്യതയുമെല്ലാം നമുക്ക് മറന്നുകളയാം . ഇങ്ങിനി വരാത്തവണ്ണം അതൊക്കെ പോയ്മറയുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . നാടിൻ്റെ വികസന പ്രശ്നങ്ങളും ജനക്ഷേമ നടപടികളും ചർച്ചയാവുന്നത് ഒഴിവാക്കാൻ യു ഡി എഫും ബി ജെ പിയും കൂട്ടായി ഉത്സാഹിക്കുകയാണ്. അതിൻ്റെ ഭാഗമാണ് അനുദിനം പെരുകുന്ന വ്യാജവാർത്താ വ്യാപനവും .

ഏത് ആരോപണത്തിനും നേരിയ എന്തെങ്കിലും തുമ്പുണ്ടാകുമായിരുന്നു പണ്ട്. അവയ്ക്കുമേൽ കൂട്ടിപ്പറയുന്ന കാര്യങ്ങൾക്കുമുണ്ടായിരുന്നു വിശ്വാസ്യത വരുത്താൻ ചില അതിരുകൾ. എന്നാൽ ഇപ്പോൾ അതെല്ലാം കൈവിട്ടു. നൂറുക്ക് നൂറ് ശതമാനമുള്ള അവാസ്തവങ്ങൾ കൊട്ടിഘോഷിക്കുന്ന നിലയിലേക്ക് ഇടതുപക്ഷവിരുദ്ധ വാർത്താ മാധ്യമങ്ങൾ മാറിയിരിക്കുന്നു. എൽ ഡി എഫ് സർക്കാരിനെതിരെ പ്രതിപക്ഷ കക്ഷികൾ പ്രചരിപ്പിക്കുന്ന കഥകളാവട്ടെ, അറിയുമ്പോൾ സാധാരണക്കാർ മൂക്കത്ത് വിരൽവെച്ചുപോകും. ഈ സാക്ഷര കേരളത്തിൽ ആളുകളുടെ സാമാന്യബുദ്ധിയെ നിസ്സാരവൽക്കരിച്ച് താഴ്ത്തിക്കെട്ടുന്നത് കാണുമ്പോൾ വല്ലാത്ത സഹതാപവും തോന്നും.

ഒൻപത് നിയമസഭാ തെരഞ്ഞെടുപ്പുവേളകൾ നന്നായി ഓർമയിലുണ്ട്. അന്നൊന്നും രാഷ്ട്രീയമായി പരസ്പരം എതിർപ്പ് കൂടുതൽ കത്തിനിന്ന സന്ദർഭങ്ങളിൽപോലും ഇന്നത്തെപ്പോലെ കള്ള പ്രചാരവേല മൂർഛിച്ചിരുന്നില്ല. എത്രയെത്ര വ്യാജ വാർത്താ നിർമിതികളാണ് ഓരോ ദിവസവും ആളുകളുടെ മുമ്പിലേക്ക് തള്ളിവരുന്നത്. ഡി ടി പി സംവിധാനത്തിൽ തയ്യാറാക്കി നവമാധ്യ മങ്ങളിലൂടെ അയക്കുന്ന കൃത്രിമസൃഷ്ടികൾ മിക്കവയും അങ്ങേയറ്റം തരംതാണവയാണ്. മുരത്ത വർഗീയത കുത്തിനിറച്ച പോസ്റ്റുകളുടെ പ്രവാഹവുമുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെയും സംഘപരിവാറിൻ്റെയും ഗ്രൂപ്പുകൾ മത്സരിച്ചിറക്കുന്ന സൃഷ്ടികൾ ഒരേപോലെ എൽ ഡി എഫിനെ കുറ്റപ്പെടുത്തുന്നവയാണുതാനും.

മലയാളിമനസ്സിന്റെ ലളിതയുക്തിയിൽ ഏത് വ്യാജസൃഷ്ടിക്കും ഇടമുണ്ട് എന്നാണ് മൂല്യച്യുതിയിൽ മുങ്ങിത്താഴ്ന്ന ചില വാർത്താമാധ്യങ്ങളുടെയും രാഷ്ട്രീയനേതാക്കളുടെയും ധാരണ. വിവാദ വ്യവസായത്തിന്റെ അപ്പോസ്തലന്മാർ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്. ഭരണഘടനാപരമായ ഉന്നത പദവിയിലുള്ളവരെയടക്കം ദുരാരോപണങ്ങളിലൂടെ സംശയത്തിന്റെ പുകമറയിലാക്കാനാണ് ശ്രമം. യജമാനപ്രീതിക്കുവേണ്ടി തറകീറിയും തരംതാഴുമെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ പലവട്ടം തെളിയിച്ചതാണ്. മിനിമം നിലവാരം പുലർത്തണമെന്ന നിഷ്ഠപോലും അവയ്ക്കില്ല. കേന്ദ്രത്തിലെ ഭരണകക്ഷിക്കുവേണ്ടിയുള്ള രാഷ്ട്രീയ ദാസ്യവേല എല്ലാ പരിധികളും ലംഘിക്കുകയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അതിരുവിട്ട ചെയ്തികൾക്കെതിരെ സംസ്ഥാന ക്രൈംബ്രാഞ്ച് പൊലീസ് കേസെടുത്തിട്ടുണ്ട്. അതിൽനിന്ന് രക്ഷപ്പെടാനുള്ള ഇ ഡി ഉദ്യോഗസ്ഥരുടെ സമ്മർദതന്ത്രങ്ങൾ മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, അതിനായുള്ള വ്യാജപ്രചാരണങ്ങൾ അതേപടി ഏറ്റുപിടിക്കുന്ന മാധ്യമങ്ങളുടെ ദുഷ്ടലാക്കോ ? വസ്തുതയാണ് വാർത്ത , വ്യാഖ്യാനങ്ങളല്ല എന്ന ആപ്തവാക്യം തലക്കുറിയായി കൊണ്ടുനടക്കുന്നവർക്ക് വായനക്കാരോട് ഒട്ടും ഉത്തരവാദിത്തമില്ലേ ? അതോ എതിർപക്ഷത്ത് സി പി ഐ എം ആവുമ്പോൾ ഒരു മാനദണ്ഡവും നോക്കേണ്ടെന്നാണോ മാധ്യമ മുതലാളിമാരുടെ കല്പന. എന്നാലും വേണ്ടേ അല്പമെങ്കിലും അന്തസ്സും മര്യാദയും !

കസ്റ്റഡിയിലിരിക്കെ പ്രതികളിൽ സമ്മർദം ചെലുത്തി ഒപ്പിച്ചെടുക്കുന്ന മൊഴിക്ക് നിയമപരമായ സാധുതയില്ല. മാത്രമല്ല, മൊഴി എന്തുതന്നെയായാലം രഹസ്യമായി സൂക്ഷിക്കേണ്ടതു മാണ്. അത് കേസ് വിചാരണാ വേളയ്ക്കുമുമ്പ് വാർത്തയാക്കാൻ ചോർത്തിക്കൊടുക്കുന്നത് നിയമാനുസൃത രീതിയല്ല.

തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റ് വഴിയുള്ള സ്വർണക്കടത്തുകേസിന്റെ തുടക്കംതൊട്ടേ കേന്ദ്രഏജൻസികൾക്കൊപ്പം വിടുപണി ചെയ്യുകയാണ് ചില മാധ്യമപ്രവർത്തകർ. പ്രതികളുടെ മൊഴി എന്ന നിലയ്ക്ക് അവർ രചിച്ചു കൈമാറുന്ന നുണപരമ്പര പത്ത് മാസം പിന്നിട്ടിട്ടും തുടരുകയാണ്. ഉദ്യോഗസ്ഥകസ്റ്റഡിയിൽ കഴിയവേ പ്രതികൾ നൽകുന്ന മൊഴിക്ക് സ്വീകാര്യതയില്ലെന്ന് ഹൈക്കോടതിതന്നെ ഒരിക്കൽ മാധ്യമറിപ്പോർട്ടർമാരെ ഓർമ്മപ്പെടുത്തിയതാണ്. അന്വേഷണ ഏജൻസിയുടെ പ്രലോഭനങ്ങർക്കും ഭീഷണികൾക്കും വഴങ്ങി മാറ്റിമാറ്റി പലതും പറയുന്ന പ്രതികളുടെ വിശ്വാസ്യതയിൽ കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിതന്നെ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു.

നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ തനിക്കെതിരെയുള്ള കള്ളപ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി പത്രക്കുറിപ്പ് നൽകിയിട്ടുണ്ട്. എന്നിട്ടും രാഷ്ട്രീയ ദുരുദ്ദേശത്തോടെയുള്ള ആരോപണങ്ങൾ ഒന്നാം പേജിലും പ്രൈം ടൈമിലും നിരത്തുകയാണ് മുഖ്യധാരാ മാധ്യമങ്ങൾ പലതും. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർണമായി പാലിച്ചേ സ്പീക്കറെപോലെ ഉയർന്ന ഔദ്യോഗിക സ്ഥാനങ്ങളിലുളളവർക്ക് വിദേശയാത്ര നടത്താൻ കഴിയൂ എന്ന് അറിഞ്ഞുകൂടാത്തവരല്ല അദ്ദേഹത്തിനെതിരെ കഥകൾ മെനയുന്നത്. സംശയദുരീകരണത്തിന് പര്യാപ്തമായ വിധത്തിൽ നിയമസഭാധ്യക്ഷൻ പി ശ്രീരാമകൃഷ്ണൻ നൽകിയ വിശദീകരണം ആർക്കും ബോധ്യപ്പെടാഞ്ഞിട്ടുമല്ല. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടംവരെ അവർ ഇത്തരം നുണബോംബുകൾ പൊട്ടിച്ചുകൊണ്ടേയിരിക്കും .

മൂന്നുകൊല്ലംമുമ്പ് ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുനാളിലായിരുന്നു കോട്ടയത്തെ കെവിൻ വധം. പ്രതികൾക്ക് ഡി വൈ എഫ് ഐയുമായി അടുത്ത ബന്ധമുള്ളതായി സംശയിക്കുന്നു എന്നായിരുന്നു അന്ന് പോളിങ്ങ് കഴിയുംവരെ വാർത്താ ചാനലുകളുടെ തുടർ പ്രചാരണം. എന്നാൽ, കെവിൻ എന്ന യുവാവുമായി പ്രണയത്തിലായിരുന്ന നീനു എന്ന പെൺകുട്ടിയുടെ സഹോദരനും അച്ഛനും ചേർന്ന് ചെയ്ത ദുരഭിമാന കൊലപാതകമാണിതെന്ന് വൈകാതെ തെളിഞ്ഞു. പ്രതികളെ തെളിവുകൾസഹിതം പൊലീസ് പിറ്റേന്ന് അറസ്റ്റ് ചെയ്യുകയുമുണ്ടായി. എന്നിട്ടും തലേന്ന് ഇടവിടാതെ പ്രചരിപ്പിച്ച നുണയിൽ ഖേദം പ്രകടിപ്പിക്കാൻ മാർക്സിസ്റ്റ് വിരുദ്ധ ജ്വരത്തിനടിമകളായ മാധ്യമങ്ങൾ തയ്യാറായിരുന്നില്ല.

വോട്ടെടുപ്പുനാൾ അടുക്കുംതോറും മലയാള മനോരമ നിത്യേന എഴുതിപ്പരത്തുന്ന നുണകൾ നിരവധിയാണ്. ഒന്നാംപുറം മുതൽ തെരഞ്ഞെടുപ്പ് സ്പെഷൽ പേജുകൾ വരെ കുത്തിത്തിരിപ്പു വാർത്തകൾകൊണ്ട് നിറയ്ക്കുകയാണ്. പൊതുവിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കുന്നതിൽ ഉണ്ടായ വർധന, പി എ സ് സി വഴിയുള്ള നിയമനക്കണക്ക്, വനിതാ കമീഷനിലെ ശമ്പളവിതരണം എന്നിവസംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വ്യാജവാർത്തകൾ അവയിൽ ചിലതു മാത്രം.