മാനവികതയിലൂന്നിയ നടപടികളിലൂടെ മഹത്തായ സാമൂഹ്യ വികസനമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അഞ്ച് വർഷം നടത്തിയതെന്ന് ഫ്രണ്ട്‌ലൈൻ മാഗസിൻ എഡിറ്റർ എൻ റാം. “എന്തുകൊണ്ട് കേരളത്തിൽ വീണ്ടുമൊരു ഇടതുപക്ഷ സർക്കാർ’ എന്ന വിഷയത്തിൽ ചിന്ത പബ്ലിഷേഴ്‌സ് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത നയമുള്ള അവസരവാദപരമായ മുന്നണി അധികാരത്തിൽ വന്നാൽ ഇതുവരെയുള്ള നേട്ടങ്ങൾ നഷ്ടമാകും. പ്രാദേശിക ദേശീയതലങ്ങളിൽ ഇപ്പോഴുള്ള വെല്ലുവിളികൾ തരണംചെയ്യാൻ തുടർഭരണം വേണം.
ലോകത്തെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കുള്ള സംസ്ഥാനമാണ് കേരളം. അതിഥിത്തൊഴിലാളികളടക്കം എല്ലാവർക്കും അഭയവും ഭക്ഷണവും നൽകി. വികസനം, സദ്‌ഭരണം, അഴിമതി കുറഞ്ഞ സംസ്ഥാനം എന്നിവയിൽ കേരളം ഒന്നാം സ്ഥാനത്ത് തുടരണം. കിഫ്ബി അംഗീകാരം നൽകിയിട്ടുള്ള 60,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനപദ്ധതികൾ തടസ്സപ്പെടരുത്. കെ-ഫോൺ വഴി എല്ലാവർക്കും സൗജന്യ ഇന്റർനെറ്റ് സൗകര്യം ലഭിക്കാനും തടസ്സമില്ലാത്ത വൈദ്യുതി വിതരണത്തിനും വിജ്ഞാനാധിഷ്ഠിത വ്യവസായ വികസനത്തിനും എൽഡിഎഫ് തുടരണമെന്നും -എൻ റാം പറഞ്ഞു.