എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കളിക്കളങ്ങൾ ; പുതിയ കായിക സംസ്‌കാരവുമായി ‌എൽഡിഎഫ്‌

0
92

എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഒരു മികച്ച കളിക്കളമെങ്കിലും ഉറപ്പുവരുത്തുമെന്ന്‌ എൽഡിഎഫ്‌ പ്രകടനപത്രിക. വിശ്രമത്തിനും വിനോദത്തിനും കളികൾക്കും പൊതുഇടങ്ങളുണ്ടാക്കും. സൈക്ലിങ് പ്രോത്സാഹിപ്പിക്കും. കിഫ്ബി പിന്തുണയോടെ എല്ലാ ജില്ലയിലും 4050 കോടി ചെലവിൽ തുടക്കമിട്ട സ്പോർട്സ് കോംപ്ലക്സുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കും.

എൺപതോളം ചെറുകിട സ്റ്റേഡിയങ്ങളും കിഫ്ബിവഴി നിർമിക്കുന്നുണ്ട്. മൂന്നാറിലെ സാഹസിക അക്കാദമി വികസിപ്പിക്കും. കോഴിക്കോട്ട് രാജ്യാന്തര സ്റ്റേഡിയം നിർമിക്കും. എല്ലാ ജനവിഭാഗങ്ങൾക്കും കായികക്ഷമതയും നല്ല ആരോഗ്യവും കൈവരിക്കുന്നതിന് കേരള കായികക്ഷമതാ മിഷൻ വിദ്യാഭ്യാസ, തദ്ദേശ ഭരണ, ആരോഗ്യവകുപ്പുകളുടെ സഹകരണത്തോടെ ആരംഭിക്കും.

പൊതുമേഖലാ, സർക്കാർ സ്ഥാപനങ്ങളിൽ സ്പോർട്സ് ടീമുകൾ രൂപീകരിക്കും.സ്പോർട്സ് ക്ലബ്ബുകൾക്ക് രജിസ്ട്രേഷൻ സമ്പ്രദായം നടപ്പാക്കും. ഗ്രേഡ് തിരിച്ച് ലൈബ്രറികൾക്ക് എന്നപോലെ ധനസഹായം നൽകും.സ്പോർട്സ് ഡയറക്ടറേറ്റിന്റെയും സ്പോർട്സ് കൗൺസിലിന്റെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

ഇവയെയും വിവിധ അസോസിയേഷനുകളെയും ഒരു കുടക്കീഴിലാക്കാൻ കായികഭവൻ സ്ഥാപിക്കും.നിലവിലുള്ള കായിക വിദ്യാഭ്യാസ പാഠ്യപദ്ധതി പുനഃക്രമീകരിച്ച്‌ പഠനനിലവാരം മെച്ചപ്പെടുത്തും. ജി വി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ, അയ്യൻകാളി സ്പോർട്സ് സ്കൂൾ എന്നിവ രാജ്യാന്തര നിലവാരത്തിലേയ്ക്ക് ഉയർത്തും.

കണ്ണൂർ സ്‌പോർട്‌സ്‌ ഡിവിഷൻ മാതൃകയിൽ രണ്ടു സ്‌പോർട്‌സ്‌ ഡിവിഷനുകൾകൂടി ആരംഭിക്കും. 2010 മുതൽ 2014 വരെയുള്ള സ്‌പോർട്‌സ്‌ ക്വോട്ട നിയമനങ്ങളുടെ കുടിശ്ശിക ഇപ്പോഴാണ്‌ നികത്തിയത്. ദേശീയ ഗെയിംസ്‌ വിജയികൾക്കും ജോലി നൽകി. സ്പോർട്സ് ക്വോട്ട വർധിപ്പിക്കും. സർക്കാർ ജോലി ലഭിച്ച താരങ്ങളുടെ പരിശീലനമികവും സേവനവും ബഹുജനങ്ങൾക്കുകൂടി പ്രയോജനപ്പെടുത്താവുന്ന വിധത്തിൽ ജോലിസമയം ക്രമീകരിക്കുന്നതിന് സബോർഡിനേറ്റ് റൂൾസ് ഭേദഗതിക്കുള്ള സാധ്യത പരിഗണിക്കും.

സൈക്കിൾ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. റോഡുകളിൽ സൈക്കിൾ ട്രാക്കുകൾ സ്ഥാപിക്കും. ഒഴിവുദിവസങ്ങളിൽ ചില റോഡുകൾ സൈക്കിളിനും കാൽനടയാത്രക്കാർക്കും മാത്രമായി മാറ്റിവയ്‌ക്കും. സൈക്കിൾ വാങ്ങുന്നതിന് ഉദാരമായ വായ്പ ലഭ്യമാക്കും. സൈക്കിൾ ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കും. സൈക്ലിങ്‌ദിനം ആചരിക്കും. സംസ്ഥാനത്ത്‌ റിലേ സൈക്ലിങ്‌ സംഘടിപ്പിക്കും.