കള്ളവോട്ട് തടയാൻ കർശന മാർഗനിർദേശങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

0
113

കള്ളവോട്ട് തടയാൻ കർശന മാർഗനിർദേശങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. 140 മണ്ഡലങ്ങളിലും പട്ടികയിലുള്ള സമാന എൻട്രികൾ വിശദമായ പരിശോധന നടത്താൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.

വോട്ടിംഗ് ദിനത്തിൽ പ്രിസൈഡിംഗ് ഓഫീസർമാർ വോട്ടർമാരുടെ പട്ടിക പ്രത്യേകം അടയാളപ്പെടുത്താനും തീരുമാനം.വോട്ടർപട്ടികയിലെ ആവർത്തനം ഒഴിവാക്കാനും കള്ളവോട്ട് തടയാനുമുള്ള കർശന നടപടികളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്നത്.

140 മണ്ഡലങ്ങളിലും പട്ടികയിൽ സമാന എൻട്രികൾ ഉണ്ടെങ്കിൽ അവ വിശദമായ ജില്ലാ കളക്ടർമാർ പരിശോധന നടത്തും. ഇതിനായി പ്രത്യേക ടീമുകൾ രൂപീകരിച്ച് 25നകം പരിശോധന പൂർത്തിയാക്കണം. സമാനമെന്ന് ഉറപ്പിക്കുന്നതോ സംശയമുള്ളതോ ആയ വോട്ടർമാരുടെ വിവരങ്ങൾ ബൂത്ത് തലത്തിൽ തയാറാക്കും.

ഈ പട്ടിക ബി.എൽ.ഒമാർക്ക് നൽകി ഫീൽഡ്തല പരിശോധന നടത്തി യഥാർഥ വോട്ടർമാരെ കണ്ടെത്തും. ഇത്തരത്തിൽ ബി.എൽ.ഒമാർ കണ്ടെത്തുന്ന ആവർത്തനം അവർക്കു നൽകിയിട്ടുള്ള സമാന വോട്ടർമാരുടെ പട്ടികയിൽ കൃത്യമായി രേഖപ്പെടുത്തി 30ന് മുമ്പ് വരണാധികാരികൾക്ക് നൽകണം. വരണാധികാരികൾ ആവർത്തനമുള്ള പേരുകാരുടെ പട്ടിക പ്രിസൈഡിംഗ് ഓഫീസർമാർക്ക് നൽകും.

വോട്ടിംഗ് ദിനത്തിൽ പ്രിസൈഡിംഗ് ഓഫീസർമാർ കള്ളവോട്ട് തടയാനായി ആവർത്തനമുള്ള വോട്ടർമാരുടെ പട്ടിക പ്രത്യേകം അടയാളപ്പെടുത്തും. ഈ പട്ടികയിലുള്ള വോട്ടർമാർക്ക് കൃത്യമായി വിരലിൽ മഷി പതിപ്പിച്ച് മഷി ഉണങ്ങിയശേഷം മാത്രമെ ബൂത്ത് വിടാൻ അനുവദിക്കു.

ഏതെങ്കിലും ബൂത്തിൽ കൂടുതൽ അപാകതകൾ പട്ടികയിൽ ശ്രദ്ധയിൽപ്പെട്ടാൽ ആ ബൂത്തിൽ വെബ്കാസ്റ്റിംഗ്/സി.സി.ടി.വി എന്നിവ ഉൾപ്പെടുത്തും. ആൾമാറാട്ടം കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയുണ്ടാകും.

പട്ടികയിൽ ആവർത്തനം സംഭവിക്കുന്നതിൽ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് അശ്രദ്ധയോ മനഃപൂർവമായ അനാസ്ഥയോ ഉണ്ടായതായി കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.