ഉടുമ്പന്‍ചോലയില്‍ എം എം മണി തോല്‍ക്കുമെന്ന പ്രവചനം; മനോരമക്കെതിരെ പരിഹാസവുമായി ജോയ്‌സ് ജോര്‍ജ്

0
115

മരണക്കിടക്കയിലായിപോയ യുഡിഎഫിനും കോണ്‍ഗ്രസിനും വെന്റിലേറ്ററും ഓക്‌സിജനും നല്‍കാനുള്ള മനോരമയുടെ സര്‍വ്വേ പ്രവചനശ്രമം കണ്ടുവെന്ന് മുന്‍ എംപി ജോയ്‌സ് ജോര്‍ജ്.ഉടുമ്പന്‍ചോലയില്‍ ശ്രീ എം എം മണി പരാജയപ്പെട്ടാല്‍ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടിരിക്കുമെന്ന് മനോരമയുടെ സര്‍വേയെ പരിഹസിച്ച് അദ്ദേഹം പറയുന്നു.

പ്രേക്ഷകര്‍ക്ക് നേരറിവുള്ള സ്വന്തം നിയോജകമണ്ഡലങ്ങളിലെ പ്രവചനങ്ങളുടെ കള്ളത്തരം മറ്റു നിയോജക മണ്ഡലങ്ങളിലെ പ്രവചനങ്ങളുമായി താരതമ്യം ചെയ്യില്ലെന്ന ചിന്തയാണ് മനോരമയുടെ ധൈര്യമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം

മരണക്കിടക്കയിലായിപോയ യുഡിഎഫിനും കോൺഗ്രസിനും വെന്റിലേറ്ററുo ഓക്സിജനും നൽകാനുള്ള മനോരമയുടെ സർവ്വേ പ്രവചനശ്രമം കണ്ടു. മലയാള മനോരമ ന്യൂസ് ചാനലിന്റെ സർവ്വേ സംബന്ധിച്ഛ് ഇന്നലെതന്നെ ഒരു പോസ്റ്റ് ഇട്ടിരുന്നു. രണ്ടാം ദിവസത്തെ ഫലപ്രഖ്യാപനം തുടങ്ങിയപ്പോൾ തന്നെ മറ്റൊരുപോസ്റ്റും ഇട്ടിരുന്നു.

ചേലക്കര അസംബ്ലി നിയോജക മണ്ഡലത്തിൽ സഖാവ് രാധാകൃഷ്ണൻ തോൽക്കുമെന്ന ഫലപ്രവചനം കണ്ടപ്പോളാണ് എഴുതിയത്. പിന്നീട് ഉടുമ്പൻചോല അസംബ്ലി നിയോജക മണ്ഡലത്തിൽ സഖാവ് എം എം മണി തോൽക്കുമെന്ന പ്രവചനം കണ്ടപ്പോഴാണ് വീണ്ടും എഴുതുന്നത്. ഉടുമ്പൻചോല മണ്ഡലത്തിൽ മത്സരം പോലുമില്ലത്ര !!!!!

ജോണി ലൂക്കോസ് കഴിഞ്ഞദിവസം ഇപ്രകാരം പറയുന്നത് കേൾക്കുകയുണ്ടായി. “കോൺഗ്രസും യുഡിഎഫും ജയിച്ചു കാണണമെന്നു കരുതുന്ന നമ്മളെ പോലുള്ളവർ പോലും” ഇതിൽനിന്ന് ജോണി ലൂക്കോസും മനോരമയിലെ ചിലറിപ്പോർട്ടർമാരും മനോരമതന്നെയും എത്രത്തോളം കോൺഗ്രസും കമ്യൂണിസ്റ്റ് വിരുദ്ധവുമാണെന്ന് കാണാനാവും.

പ്രേക്ഷകർക്ക് നേരറിവുള്ള സ്വന്തം നിയോജകമണ്ഡലങ്ങളിലെ പ്രവചനങ്ങളുടെ കള്ളത്തരം മറ്റു നിയോജക മണ്ഡലങ്ങളിലെ പ്രവചനങ്ങളുമായി താരതമ്യം ചെയ്യില്ലെന്ന ചിന്തയാണ് മനോരമയുടെ ധൈര്യം. ഇടുക്കി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ആൾ എന്ന നിലയിൽ എനിക്കൊന്നുറപ്പിച്ച് പറയാനാവും.

ഉടുമ്പൻചോലയിൽ ശ്രീ എം എം മണി പരാജയപ്പെട്ടാൽ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടിരിക്കും. ശ്രീ എം എം മണി 35000 ലേറെ വോട്ടുകൾക്ക് ഉടുമ്പൻചോലയിൽനിന്നും വിജയിക്കും എന്ന കാര്യത്തിൽ കോൺഗ്രസുകാർക്കുപോലും സംശയമുണ്ടാവില്ല. ഇതുതന്നെയാണ് ഇടുക്കിജില്ലയിലെയും സമീപ ജില്ലകളിലെയും അസംബ്ലി മണ്ഡലങ്ങളിലെ പൊതുസ്ഥിതി.

കോൺഗ്രസിനെയും ഉമ്മൻചാണ്ടിയെയും അധികാരത്തിൽ കൊണ്ടുവരിക എന്നത് മനോരമയുടെ അജണ്ടയാണ്. അതിനു പക്ഷെ ഒരു മാധ്യമത്തിൻറെ വിശ്വാസ്യതതന്നെ ഇല്ലാതാക്കേണ്ടതുണ്ടോയെന്ന് അവരാണ് ചിന്തിക്കേണ്ടത്.

നുണ പറയുന്നത് ശീലവും ചിലപ്പോഴൊക്കെ അലങ്കാരവുമായി കാണുന്ന മനോരമയ്ക്കും ജോണിക്കും ഇത് മനസ്സിലാകണമെന്നില്ല. ഈ ഗവൺമെന്റിന്റെ നന്മ നേരിട്ടനുഭവിച്ച ജനങ്ങൾക്ക് എൽഡിഎഫിൻറെ തുടർഭരണം ഉറപ്പാക്കേണ്ടതുണ്ട്. അതിനായി നമ്മൾ ജാഗ്രതയോടുകൂടി മുന്നോട്ടു പോകണം.ജനാധിപത്യത്തിൽ ജനഹിതമാണ് നടപ്പാക്കേണ്ടത്. ജനഹിതം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അപ്പോൾ……..
. # ഉറപ്പാണ് എൽഡിഎഫ്……..
# ഉറപ്പാണ് തുടർഭരണം……..