കേരളത്തിന്റെ കോവിഡ് പ്രതിരോധം വിജയം : സീറോ പ്രിവലന്‍സ് സര്‍വേ

0
29

കേരളത്തിലെ കോവിഡ് പ്രതിരോധം വിജയകരമാണെന്ന് സീറോ പ്രിവലന്‍സ് സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ നടത്തിയ കേരള കോവിഡ് 19 സീറോ സര്‍വേ പ്രകാരം കേരളത്തിലെ സീറോ പ്രിവലന്‍സ് 10.76 ശതമാനം മാത്രമാണ്. പൊതുജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ ഉള്‍പ്പെടെ ആകെ 20,939 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ വളരെ കുറച്ച് പേര്‍ക്കാണ് കോവിഡ് വന്നുപോയത്.

മുതിര്‍ന്ന പൗരന്‍മാരുടെയിടയിലെ സീറോ പ്രിവിലന്‍സ് 8 ശതമാനം മാത്രമാണ്. സംസ്ഥാനം നടപ്പിലാക്കിയ റിവേഴ്‌സ് ക്വാറന്റൈന്‍ ഫലപ്രദമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലുള്ള സീറോ പ്രിവലന്‍സ് 10.5 ശതമാനം മാത്രമാണ്.

ആശുപത്രികളിലെ രോഗാണുബാധ നിയന്ത്രണ സംവിധാനവും പ്രതിരോധ സംവിധാനവും ശക്തിപ്പെടുത്തിയത് ഏറെ ഗുണം ചെയ്തുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കിടയിലുള്ള സീറോ പ്രിവലന്‍സ് 12 ശതമാനം മാത്രമാണ്. കേരളം നടത്തിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയവും വിജയകരവുമായിരുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

ദേശീയ തലത്തില്‍ 30 രോഗബാധിതരില്‍ ഒരാളെ മാത്രം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കേരളത്തിലത് രോഗാണുബാധയുള്ള 4 പേരില്‍ നിന്നും ഒരാളെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോവിഡ് രോഗികളെ ടെസ്റ്റിലൂടെ കണ്ടെത്തി ഫലപ്രദമായി ചികിത്സ നല്‍കാനുള്ള സംസ്ഥാനത്തിന്റെ ശ്രമഫലം കൂടിയാണിത്.

2020 മെയ് മാസത്തിലാണ് ഐസിഎംആര്‍ കേരളത്തില്‍ ആദ്യമായി സീറോ പ്രിവലന്‍സ് സര്‍വേ നടത്തിയത്. മൂന്നു ജില്ലകളിലായി നടത്തിയ ഈ സര്‍വേയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ സീറോ പ്രിവലന്‍സ് 0.3 ശതമാനവും അതേസമയം ദേശീയതലത്തിലേത് 0.73 ശതമാനവും ആയിരുന്നു.

ആഗസ്റ്റ് മാസത്തില്‍ വീണ്ടും സര്‍വേ നടത്തിയപ്പോള്‍ കേരളത്തിലേത് 0.8 ശതമാനവും ദേശീയ തലത്തില്‍ 6.6 ശതമാനവുമായി. ഇതേ മൂന്നു ജില്ലകളില്‍ തന്നെ ഡിസംബര്‍ മാസത്തില്‍ വീണ്ടും സര്‍വേ നടത്തിയപ്പോള്‍ കേരളത്തിലെ സീറോ പ്രിവലന്‍സ് 11.6 ശതമാനവും ദേശീയ തലത്തില്‍ 21 ശതമാനവും ആണെന്ന് കണ്ടെത്തി. ഐസിഎംആര്‍ സീറോ സര്‍വേകളില്‍ 1200 പേരെ മാത്രമാണ് സംസ്ഥാനത്തു നിന്നും പഠനവിധേയമാക്കിയത്. ആ സ്ഥാനത്താണ് സംസ്ഥാനം 20,000ലധികം പേരെ പഠനത്തില്‍ ഉള്‍പ്പെടുത്തിയത്.