ഉത്തർപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ യുവ കന്യാസ്‌ത്രീകൾക്കുനേരെ നടന്ന ബജ്‌രംഗ്‌ദൾ ആക്രമണത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. ആർഎസ്‌എസ് നിയന്ത്രിക്കുന്ന ബിജെപി ഭരണത്തിനു കീഴിൽ രാജ്യത്തിന്റെ മതനിരപേക്ഷത എത്രത്തോളം അപകടത്തിലായിരിക്കുന്നുവെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ് ഈ സംഭവം.
ഹിന്ദുത്വ തീവ്രവാദികളിൽനിന്ന് രക്ഷപ്പെട്ട് സംസ്ഥാനം വിടാൻ കന്യാസ്‌ത്രീകൾക്ക് സഭാവസ്‌ത്രംപോലും ഒഴിവാക്കേണ്ടിവന്നത് സംഘപരിവാർ നടപ്പാക്കുന്ന താലിബാനിസത്തിന് തെളിവാണ്. എത്രത്തോളം ക്രൂരമായാണ് മതന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നതെന്ന് ഈ സംഭവം വെളിവാക്കുന്നു.
തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ ഡൽഹി പ്രൊവിൻസിലെ നാല് കന്യാസ്‌ത്രീകൾക്ക്നേരെയാണ് ആക്രമണമുണ്ടായത്. ഒഡിഷക്കാരായ രണ്ടു യുവകന്യാസ്ത്രീകളെ വീട്ടിലെത്തിക്കാനാണ് മലയാളി ഉൾപ്പെടെ മറ്റ് രണ്ടുപേർ കൂടെ പോയത്. മതംമാറ്റാൻ പെൺകുട്ടികളെ കൊണ്ടുപോകുന്നതായി ആരോപിച്ച് ബഹളമുണ്ടാക്കിയ ബജ്‌രംഗ്‌ദൾ പ്രവർത്തകർ ത്സാൻസിയിൽ എത്തിയപ്പോൾ കന്യാസ്‌ത്രീകളെ ബലംപ്രയോഗിച്ച് പുറത്തിറക്കി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
തിരിച്ചറിയൽ രേഖകളെല്ലാം കാണിച്ചിട്ടും പൊലീസും മോശമായാണ് പെരുമാറിയത്. ഡൽഹിയിൽനിന്ന് അഭിഭാഷകർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടശേഷം പാതിരാത്രിയോടെയാണ് കന്യാസ്‌ത്രീകളെ മോചിപ്പിക്കാനായത്.
ഉത്തർപ്രദേശ് അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെയുള്ള ആക്രമണം അനുദിനം വർധിച്ചുവരികയാണ്. നിയമവാഴ്‌ച ഉറപ്പാക്കാൻ ബാധ്യതപ്പെട്ട പൊലീസ് സംവിധാനം മിക്കപ്പോഴും അക്രമികൾക്ക് ഒത്താശ ചെയ്യുന്നു.
ഗുജറാത്ത് വംശഹത്യ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടാണ്. പുരോഹിതനായ ഗ്രഹാം സ്‌റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ടു മക്കളെയും അക്രമികൾ ചുട്ടുകൊന്ന സംഭവം ഇന്നും നടുക്കുന്ന ഓർമയാണ്. ഒഡിഷയിലെ കന്ദമലിൽ ഉൾപ്പെടെ ക്രൈസ്‌തവ വിശ്വാസികൾക്കും ദേവാലയങ്ങൾക്കും നേരെ നടന്ന ആക്രമണപരമ്പര രാജ്യത്തെ ഞെട്ടിച്ചു. ഒരിടത്തും രക്ഷയില്ലാതെ ഓടിത്തളർന്ന ക്രൈസ്‌തവ വിശ്വാസികൾക്ക് അന്ന് സിപിഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ അഭയമൊരുക്കിയിരുന്നു.
ഏതൊരു പൗരനും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. ആ അവകാശത്തിന്റെ നഗ്നമായ ലംഘനമാണ് ബിജെപി ഭരണത്തിനുകീഴിൽ സംഘപരിവാർ നടത്തുന്നത്. രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം ഈ കാടത്തത്തിനെതിരെ രംഗത്തുവരണമെന്ന് പാർടി സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു.