സർവമേഖലയിലും വികസനമെത്തിച്ചുവെന്ന് ഉറപ്പോടെ പറയാൻ കഴിയുന്നതാണ് എൽഡിഎഫ് സർക്കാരിന്റെ വിജയമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി കെ കെ ശൈലജ പറഞ്ഞു. വികസനമെന്ന പേരിൽ പദ്ധതികൾ പൂർത്തിയാക്കാതെ ഉദ്‌ഘാടന മഹാമഹം നടത്തിയ കാലമായിരുന്നു യുഡിഎഫിന്റേത്. പാലക്കാട് ജില്ലയില്‍ വിവിധ തെരഞ്ഞെടുപ്പ് റാലികൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കെ കെ ശൈലജ.
യുഡിഎഫ് ഭരണകാലയളവിൽ തരിശുഭൂമിയിൽ വിമാനം ഇറക്കി വിമാനത്താവളം ഉദ്‌ഘാടനം ചെയ്ത് മുങ്ങിയവരാണ്. ഈ നാണക്കേടിന്റെ പേരാണ് യുഡിഎഫ്. ഒന്നരവർഷത്തിനിപ്പുറം രാജ്യാന്തര നിലവാരത്തിലേക്ക് കണ്ണൂർ വിമാനത്താവളം ഉയർന്നു.
ആരോഗ്യമേഖലയിലും മറ്റ് മേഖലകളിലും വൻ വികസനമാണ് അഞ്ചുവർഷത്തിനിടെ ഉണ്ടായത്. ഇത് തുടരണമെന്നാണ് ജനങ്ങളുടെയും ആഗ്രഹം.മൂന്ന് മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളി. ഇത് എൽഡിഎഫിനെ തോൽപ്പിക്കാനുള്ള യുഡിഎഫ്–- ബിജെപി ധാരണയുടെ ഭാഗമാണെന്ന് സംശയിക്കണം.
കോലീബി സഖ്യം അതിനുള്ള പടയൊരുക്കത്തിലാണ്. എൽഡിഎഫ് ഭരണകാലത്തെ ജനക്ഷേമം അനുഭവിച്ച ജനത ഇതനുവദിക്കില്ല. യുഡിഎഫ് സർക്കാർ ഭരണത്തിൽ വന്നാൽ പിണറായി വിജയൻ സർക്കാർ ആവിഷ്കരിച്ച മിഷനുകൾ നിർത്തലാക്കുമെന്നാണ് പറഞ്ഞത്. ജനങ്ങളെ അങ്ങനെ വിരട്ടാൻ പറ്റില്ല.
ജനക്ഷേമ പ്രവർത്തനങ്ങൾക്ക് സഹായകരമായ കിഫ്‌ബി ഉൾപ്പെടെയുള്ളവയെ അധികാരമുപയോഗിച്ച് കേന്ദ്രവും ബിജെപിയും വേട്ടയാടുകയാണ്. ചെറിയൊരു നികുതി വിഹിതം മാത്രമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ഏതുവിധേനയും ജനോപകാര പ്രദമായ പദ്ധതികളെ തകർക്കുക എന്നതാണ് യുഡിഎഫിന്റെയും ബിജെപിയുടെയും ലക്ഷ്യമെന്നും കെ കെ ശൈലജ പറഞ്ഞു.