കോ-ലീ-ബിയെന്ന രഹസ്യ കൂറു മുന്നണി ചരിത്രവും വർത്തമാനവും

0
180

ആർ അരുൺരാജ്

1991ലാണ് കേരളത്തിലെ രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന കോലീബി കൂട്ടുകെട്ട് രൂപപ്പെട്ടത്. ബിജെപി നേതാവ് കെ ജി മാരാരിന്റെ ജീവചരിത്രത്തിലുടെയാണ് കോലീബി സംഖ്യത്തിന്റെ കഥകൾ ലോകമറിഞ്ഞത്. നിർണ്ണായകമായ 91ലെ തെരഞ്ഞടുപ്പിൽ പരാജയം മണത്ത യുഡിഎഫ് നേതൃത്വം ബിജെപിയുമായി ഒരു രഹസ്യ ധാരണ ഉണ്ടാക്കി.

നിരവധി സംഖ്യങ്ങൾ കണ്ട കേരളത്തിന് ചിന്തിക്കാൻ കഴിയുന്നതായിരുന്നില്ല മാരാരുടെ ആത്മക്കഥയിലൂടെ പുറംലോകമറിഞ്ഞ ആ ചങ്ങാത്തം.അക്കാലത്ത് കാര്യമായ വേരോട്ടം കേരളത്തിൽ ഇല്ലാത്ത ബി ജെ പി യ്ക്ക് സംഖ്യം ഗുണം ചെയ്തുവെന്ന് ബിജെപിയുടെ കേരളത്തിലെ ആദ്യത്തെ എംഎൽഎയും അന്ന് സംഖ്യത്തിന് ചുക്കാൻ പിടിക്കുകയും ചെയ്ത ഒ രാജഗോപാൽ തുറന്നു സമ്മതിക്കുന്നു.

ബിജെപിയുടെ സംഘടനാതലത്തിലെ സംവിധാനം കുറ്റമറ്റതാക്കാനുള്ള തീരുമാനങ്ങളുടെ ഭാഗമായി ആർ എസ് എസ് ഇടപെടൽ ഉണ്ടാകുന്ന കാലഘട്ടം.നിയമസഭാ ലോകസഭാ തെരെഞ്ഞെടുപ്പ് മുറതെറ്റാതെ മൽസരിക്കുന്ന ബിജെപിയെ ജയം കടാക്ഷിക്കാത്തതിൽ നിന്നാണ് 1991 ൽ ഏത് വിധേനയും വിജയിക്കണമെന്ന തീരുമാനം ആർ എസ് എസ് ദേശീയ നേതൃത്വം കൈക്കൊള്ളുന്നത്.ആരുമായും ചേർന്ന് ലക്ഷ്യം നേടണമെന്നായിരുന്നു തീരുമാനം.

മാർക്‌സിസ്റ്റ് വിരോധo കൊടുമ്പിരി കൊണ്ടുനിൽക്കുന്ന കാലത്ത് ബിജെപി- സി പി ഐ എം ബന്ധത്തിന് സാധ്യതയില്ലെന്ന് ഉറപ്പാക്കിയ ആർ എസ് എസ് നേതൃത്വം അങ്ങനെയാണ് ഐക്യമുന്നണിയുമായി അടുക്കുന്നത്.കൂട്ടുകെട്ട് രൂപപ്പെടുത്തുന്നതിന് മുൻപായി സംഘടന തലത്തിൽ അഴിച്ചുപണി നടത്തിയ ആർ എസ് എസ്,പ്രചാരകനായിരുന്ന പി പി മുകുന്ദനെ ബിജെപിയുടെ സംഘടനാ സെക്രട്ടറിയായി നിയോഗിച്ചു.കെ രാമൻ പിള്ളയെ സംസ്ഥാന പ്രസിഡൻ്റും കെ ജി മാരാരെ ജനറൽ സെക്രട്ടറിയുമാക്കി.അജഡ നടപ്പിലാക്കാൻ ആർ എസ് എസ് നടത്തിയ അഴിച്ചുപണിയുടെ കൂടിഭാഗമായിരുന്നു ഇത്.

കേരളത്തിലാകെ യുഡിഎഫിന് പിന്തുണ. പ്രതിഫലമായി മഞ്ചേശ്വരം നിയമ സഭമണ്ഡലത്തിൽ നിന്ന് ബി ജെ പി സ്ഥാനർത്ഥി കെ ജി മാരാരെ വിജയിപ്പിക്കുക.ഇതിന് ദുർബലനായ സ്ഥാനാർത്ഥിയെ യുഡിഎഫ് മഞ്ചേശ്വരത്ത് നിർത്തുകയും വോട്ടു മറിച്ചുനൽകി കെ ജി മാരാരെ വിജയിപ്പിക്കുകയും ചെയ്യുക. ഇതായിരുന്നു ആ രഹസ്യ ധാരണ.

കൂടാതെ ബേപ്പൂർ നിയമ സഭ മണ്ഡലത്തിലും വടകര ലോക് സഭ മണ്ഡലത്തിലും പൊതുസ്വതന്ത്രർ എന്ന ധാരണയും സംഖ്യത്തിൻ്റെ ഭാഗമായി ഉണ്ടായിരുന്നു. ധാരണ പ്രകാരം സ്വതന്ത്ര സ്ഥാനാർത്ഥിയായി ബേപ്പൂരിൽ ഡോ. കെ മാധവൻകുട്ടിയെ നിർത്താനും വടകര ലോകസഭാ മണ്ഡലത്തിൽ അഡ്വ. രത്‌നസിംഗിനെ പൊതുസ്ഥാനാർഥിയായി മൽസരിപ്പിക്കാനും തീരുമാനിച്ചു.

മഞ്ചേശ്വരത്ത് കെ ജി മാരാർ, തിരുവനന്തപുരം ഈസ്റ്റിൽ കെ രാമൻ പിള്ള, തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ഓ രാജഗോപാൽ എന്നിവർക്ക് ഐക്യമുന്നണി പിന്തുണ നൽകാൻ ധാരണയിലെത്തിയിരുന്നുവെന്നും പിന്നീട് പുറത്തു വന്ന രഹസ്യ ബാന്ധവത്തിൻ്റെ കഥകൾ യാഥാർത്ഥ്യപ്പെടുത്തുന്നു. കെ ജി മാരാർക്ക് ജയിക്കാനാവശ്യമായ വോട്ട് കോൺഗ്രസ്സും ലീഗും നൽകുമെന്ന് നേതാക്കൾ തന്നെ ഉറപ്പു നൽകി . അതിനായി ഓരോ മുതിർന്ന നേതാക്കളെതന്നെ കോൺഗ്രസും ലീഗും ചുമതലപ്പെടുത്തി.

തിരുവനന്തപുരത്ത് കോൺഗ്രസ്സും എൻഎസ്എസ്സും ബിജെപി സ്ഥാനാർത്ഥികളെ ജയിപ്പിക്കാമെന്നായിരുന്നു ധാരണ. എത്ര സീറ്റിലാണോ യുഡിഎഫ് വോട്ട് ലഭിക്കുന്നത് അത്രയും സീറ്റിൽ തിരിച്ചും വോട്ട് ചെയ്യുമെന്ന് ബിജെപിയും ഉറപ്പുനൽകി. അതനുസരിച്ചുള്ള ലിസ്റ്റും നേതൃത്വങ്ങൾ കൈമാറി. നേതൃത്വത്തിന്റെ എല്ലാതലത്തിലും ചർച്ച നടത്തിയെടുത്ത തീരുമാനം പൂർണമായും നടപ്പിലാക്കാൻ ബിജെപിക്കു കഴിഞ്ഞു.

തിരുവനന്തപുരവും എറണാകുളവും മലപ്പുറവും തൃശൂരും കോഴിക്കോടും രഹസ്യബാധവത്തിൻ്റെ ചർച്ചകൾക്ക് വേദികളായി. കോൺഗ്രസ് മാത്രമല്ല മുസ്ലിം ലീഗും കേരളാ കോൺഗ്രസ്സും ബിജെപിയുമായുള്ള ധാരണയിൽ വലിയ ആത്മവിശ്വാസത്തിലായിരുന്നു. ലീഗും ബിജെപിയും തമ്മിലടുക്കുമോ എന്ന സംശയമായിരുന്നു കോൺഗ്രസിലെ ചിലർക്ക്. എന്നാൽ ലീഗ് നേതാക്കളും ബിജെപി പ്രതിനിധികളും നിരവധി തവണ ചർച്ച നടത്തി. മറ്റു കക്ഷികളേക്കാൾ സഹകരണ സമീപനം അവരിൽ നിന്നുണ്ടായിയെന്നുള്ളതാണ് യാഥാർത്ഥ്യം.

കോൺഗ്രസിൽ ആന്റണിയും മറ്റും ധാരണ പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാകുമെന്ന നിലപാടിലായിരുന്നുവെങ്കിൽ ബിജെപി സഹകരണം ഉറപ്പിക്കുന്നതിൽ കെ കരുണാകരൻ അത്യുത്സാഹം കാട്ടി. വിജയപ്രതീക്ഷ തീരെയില്ലെന്ന് കണക്കുകൂട്ടി ഐക്യമുന്നണിയിലെ കക്ഷികളും നിൽക്കുമ്പോഴാണ് ബി ജെ പി ബാന്ധവത്തിനായി എത്തുന്നത്. ബിജെപിയുമായി ബന്ധപ്പെടുന്നതിൽ തെറ്റില്ലെന്ന കരുണാകരൻ്റെ വാദത്തോട് കോൺഗ്രസിലെ പല പ്രമുഖ നേതാക്കളും അനുകൂലനിലപാട് എടുത്തു. ജയിക്കണമെന്ന ചിന്തയ്ക്ക് അപ്പുറം ബിജെപിയ്ക്ക് ഒന്നും ഉണ്ടായിരുന്നില്ല.

അങ്ങനെയാണ് പരമ്പരാഗത വൈരം പോലും മറന്ന് ലീഗ് – കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വോട്ടുനൽകാൻ ബിജെപി പ്രവർത്തിക്കാൻ തീരുമാനിക്കുന്നത്. തങ്ങൾക്ക് നൽകുന്ന വോട്ട് പാഴാക്കില്ലെന്നും ബിജെപി സ്ഥാനാർഥികളായ കെ ജി മാരാർ, ഓ രാജഗോപാൽ, കെ രാമൻപിള്ള എന്നിവർക്ക് യുഡിഎഫ് വോട്ട് നൽകി ജയിപ്പിക്കുമെന്നും അവർ ഉറച്ചു വിശ്വസിച്ചു.പക്ഷേ തെരെഞ്ഞെടുപ്പ് ഫലം മറിച്ചായിരുന്നു. ധാരണയനുസരിച്ചു ബിജെപി പ്രവർത്തിച്ചെങ്കിലും അതുപോലുള്ള സഹകരണം യുഡിഎഫിൽ നിന്ന് ഉണ്ടായില്ല. പ്രത്യേകിച്ച് കോൺഗ്രസിൽ നിന്ന് ബിജെപി സ്ഥാനാർത്ഥികളെ അവസാന നിമിഷം അവർ തന്ത്രപൂർവം തോൽപ്പിച്ചു.

കൂട്ടുകെട്ട് രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം പോലും അറിയില്ലായിരുന്ന ബിജെപിയെ കോൺഗ്രസ് ചതിച്ചുവെന്ന് പറയുന്നതാകും ശരി. കേരളത്തിൽ ഇ കെ നായനാർ സർക്കാരിന് ഭരണത്തുടർച്ചയെന്ന ശങ്കക്ക് അന്ത്യം കുറിച്ച ഇരുകൂട്ടരും തമ്മിലുള്ള രാഷ്ട്രീയ ബാന്ധവത്തിന് കളമൊരുക്കിയത് രണ്ട് പത്രപ്രവർത്തകരാണെന്നതും ചരിത്രം.

ബി ജെ പി നേതാവ് കെജി മാരാരുടെ ജീവ ചരിത്രത്തിലെ പാഴായപരീക്ഷണം എന്ന അധ്യായത്തിലാണ് ഇക്കാര്യം ആദ്യം വ്യക്തമാക്കുന്നത്.
അവസാന നിമിഷത്തിൽ ബിജെപി യെ കൈവിടാനുള്ള കാരണങ്ങൾ കോൺഗ്രസിന് ഉണ്ടായിരുന്നു.കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് രാഷ്ട്രീയാന്തരീക്ഷത്തെയാകെ മാറ്റിമറിച്ചുവെന്നു കോൺഗ്രസിന് അനുകൂലമായ സഹതാപതരംഗമുണ്ടായെന്നും മനസിലാക്കിയായിരുന്നു ഒടുവിൽ അവരുടെ ഏകപക്ഷീയമായ പിൻമാറ്റം.

അത്ര അനുകൂലമായ സാഹചര്യത്തിൽ ബി ജെ പി യെ എന്തിന് വിജയിപ്പിക്കണം എന്ന ചിന്തയാണ് സംഖ്യത്തിൻ്റെ വിജയം ഒരു പക്ഷത്തിന് മാത്രമാകാനുള്ള കാര്യവും.തെരഞ്ഞെടുപ്പിൽ യുഡിഎഫ് 91 സീറ്റ് നേടി വിജയിക്കുകയും ചെയ്തു.30 വർഷത്തിന് ഇപ്പുറം കോ ലീ ബി സഖ്യം മറ്റൊരു വിധത്തിൽ ആവർത്തിക്കുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം 1991 ന് ഏതാണ്ട് സമാനമായാണ് നിലനിൽക്കുന്നതാണ് ഈ ചോദ്യം വീണ്ടും സജീവമാകാനുള്ള കാരണം.