രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

0
65

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു. 24 മണിക്കൂറിനിടെ 46,951 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നവംബർ ഏഴിന് ശേഷമുള്ള എറ്റവും ഉയർന്ന കണക്കാണ് ഇത്. മഹാരാഷ്ട്രയിൽ ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന വർധന രേഖപ്പെടുത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ആൾക്കൂട്ടങ്ങളാണ് രോഗ ബാധ വർധിക്കുന്നതിന് കാരണമെന്ന് എയിംസ് ഡയറക്ടർ റൺദീപ് ഗുലേരിയ പറഞ്ഞു.

നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കൊവിഡ് കണക്ക് ഉയരുകയാണ്. മഹാരാഷ്ട്രയിൽ മാത്രം ഇന്ന് 30,535 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ഇതുവരെ 53,399 പേർ കൊവിഡ് ബാധിച്ചു മരിച്ചു. ദില്ലിയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ 60 ശതമാനം വർധനയുണ്ടായ പശ്ചാത്തലത്തിൽ ലഫ്നെന്റ് ഗവർണർ അടിയന്തര യോഗം വിളിച്ചു. എന്നാൽ കൊവിഡ് സാഹചര്യം നേരിടാൻ സജ്ജമാണെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ വ്യക്തമാക്കി.

പഞ്ചാബ്, ഗുജറാത്ത്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. കുംഭമേള നടക്കുന്ന ഉത്തരാഖണ്ഡ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ 11 ദിവസത്തെ ലോക്ക്ഡൗണ്‍ തുടങ്ങി. രാജസ്ഥാൻ സർക്കാർ സംസ്ഥാനത്ത് രാത്രി കർഫ്യൂ പ്രഖ്യാപിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടുന്നതാണ് കൊവിഡ് ഇത്രയും രൂക്ഷമാകാനുള്ള കാരണമെന്നാണ് എയിംസ് ഡയറക്ടർ രൺദീപ് ഗുലേരിയയുടെ വിലയിരുത്തൽ. പരിശോധിച്ച്, സമ്പർക്കപട്ടിക തയ്യാറാക്കി, ക്വാൻ്റീൻ ചെയ്യുന്ന രീതി പല സംസ്ഥാനങ്ങളിലും നടപ്പാകുന്നില്ല. വാക്സിൻ വന്നതോടെ കൊവിഡ് അവസാനിച്ചു എന്ന് പലരു തെറ്റദ്ധരിച്ചു എന്നും അദ്ദേഹം പറഞ്ഞു.