ജീവന്റെ തുടിപ്പുമായി കൊച്ചിയിലേയ്ക്ക് എയർ ആംബുലൻസ് വീണ്ടും പറന്നു

0
84

കന്യാകുമാരി സ്വദേശി അരവിന്ദിന്റെ ജീവന്റെ തുടിപ്പുമായി ഹെലികോപ്റ്റർ കൊച്ചിയിൽ വ്യാഴാഴ്ച വൈകിട്ട് പറന്നിറങ്ങി. അരവിന്ദിന്റെ ഹൃദയവും കരളും വൃക്കകളും നാലുപേർക്ക് പുതുജീവിതം നൽകും.

സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നേതൃത്വത്തിൽ പൂർത്തിയാകുന്ന 319-ാമത്തെ അവയവദാനമാണിത്. കന്യാകുമാരി അഗസ്തീശ്വരം വെസ്റ്റ് സ്ട്രീറ്റ് 12/219 എ-യിൽ ആദിലിംഗം-സുശീല ദമ്പതികളുടെ മകൻ അരവിന്ദി (24) ന്റെ ഹൃദയുവും കരളുമായി കൊച്ചിയിലേക്ക് എത്തിച്ചത്.

വാഹനാപകടത്തിലാണ് അരവിന്ദന് ഗുരുതരമായി പരിക്കേറ്റത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ബന്ധുക്കളുടെ ആഗ്രഹപ്രകാരമായിരുന്നു അവയവദാനം. ഹൃദയം എറണാകുളം ലിസി ആശുപത്രിയിലും കരൾ ആസ്റ്റർ മെഡിസിറ്റിയിലും വൃക്കകൾ കിംസ് ആശുപതിയിലെ രോഗികൾക്കുമാണ് നൽകിയത്.

യുവാവിന്റെ ബന്ധുക്കൾ അവയവദാനത്തിനുള്ള സന്നദ്ധത മൃതസഞ്ജീവനി നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിനെ അറിയിക്കുകയായിരുന്നു. അദ്ദേഹവും മൃതസഞ്ജീവനി സംസ്ഥാന കൺവീനറും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ. സാറ വർഗീസ്, കിംസ് ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് പൊക്യുവർമെന്റ് മാനേജർ ഡോ. മുരളീധരൻ എന്നിവർ ചേർന്ന് അവയവദാന പ്രക്രിയ ഏകോപിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെ ശസ്ത്രക്രിയ നടത്തി അവയവങ്ങൾ പുറത്തെടുത്തു. കേരള പൊലീസിന്റെ എയർ ആംബുലൻസിലാണ് ഹൃദയവും കരളും കൊച്ചിയിലേക്ക് കൊണ്ടുവന്നത്.

വ്യാഴാഴ്ച വൈകിട്ട് 6.15ന് ബോൾഗാട്ടി ഹോട്ടൽ ഗ്രാന്റ് ഹയാത്ത് ഹെലിപ്പാഡിലെത്തിയ ഹൃദയം എസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. തുടർന്ന് ആംബുലസുകളിൽ ഹൃദയം ലിസി ആശുപത്രിയിയേ്ക്കും കരൾ ആസ്റ്റർ മെഡ്സിറ്റിയിലേയ്ക്കും കൊണ്ടു പോയി. ആംബുലസുകൾ കടന്ന് പോകുന്നതിന് ഗതാഗതക്രമീകരണം ഒരുക്കിയിരുന്നു.

കായംകുളം സ്വദേശി സൂര്യനാരായണനാണ് (18) ഹൃദയം വച്ചു പിടിപ്പിക്കുന്നത്. വൈകിട്ട് 6.19ന് ലിസി ആശുപത്രിയിൽ ഹൃദയമെത്തി. ഉടൻ ശസ്ത്രക്രിയ ആരംഭിച്ചു. ബുധനാഴ്ച രാത്രിയാണ് സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതി ഏകോപിപ്പിക്കുന്ന സംവിധാനമായ കെഎൻഒഎസിൽ നിന്ന് ഹൃദയം ലഭ്യമാണെന്ന് ലിസി ആശുപത്രിയിൽ സന്ദേശമെത്തിയത്.

ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലായിരുന്ന പി രാജീവ് വഴി മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് ഹെലിക്കോപ്റ്റർ ദൗത്യത്തിന് ലഭ്യമായത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്.

കരൾ 6.38ന് ആസ്റ്ററർ മെഡ്സിറ്റിയിലെത്തി, തുടർന്ന് എട്ടു മണിക്കൂർ നീളുന്ന ശസ്ത്രക്രിയ ആരംഭിച്ചു. അടിയന്തരമായി അവയവം മാറ്റിവയ്‌ക്കേണ്ട മൃതസഞ്ജീവനിയുടെ ലിസ്റ്റിൽ ഉൾപ്പെട്ട (സൂപ്പർ അർജന്റ് ലിസ്റ്റഡ് പേഷ്യന്റ്) എറണാകുളം സ്വദേശിയായ നാൽപത്തിയാറുകാരനാണ് കരൾ സ്വീകരിക്കുന്നത്.

അരവിന്ദിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കാരത്തിനായി നാട്ടിലേയ്ക്ക് കൊണ്ടുപോയി. ജഗൻ, ആനന്ദ്, മുരുഗേശ്വരി എന്നിവർ അരവിന്ദിന്റെ സഹോദരങ്ങളാണ്.