മണ്ണുത്തിയിൽ യുഡിഎഫ്‌ കൺവൻഷനിൽ കലഹം

0
93

കോൺഗ്രസിലെ ചേരിപോരിനെതുടർന്ന്‌ മണ്ണുത്തിയിൽ യുഡിഎഫ്‌ കൺവൻഷനിൽ ബഹളം. ഇറങ്ങിപോക്ക്‌. മുൻ മണ്ഡലം പ്രസിഡന്റ്‌ ജോസ്‌ പാലോക്കാരൻ ഉൾപ്പടെ നേതാക്കളും പ്രവർത്തകരുമാണ്‌ ഇറങ്ങിപ്പോയത്‌. വ്യാഴാഴ്‌ച രാത്രിയാണ്‌ സംഭവം. ഡിസിസി പ്രസിഡന്റ്‌ എംപി വിൻസന്റിന്റെ നേതൃത്വത്തിൽ തങ്ങളെ ഒതുക്കുന്നതായാണ്‌ ആക്ഷേപം.

ഒല്ലൂർ മണ്ഡലത്തിന്റെ ഭാഗമായ മണ്ണുത്തി ഭാഗത്ത്‌ പുതുതായി മണ്ഡലം കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവിടെ ഡോ. നിജി ജെസ്‌റ്റിനാണ്‌ ചുമതല നൽകിയത്‌. വിൻസന്റിന്റെ വിശ്വസ്‌തൻ മുത്തുവാണ്‌ ഭാരവാഹി പാനൽ തയ്യാറാക്കിയത്‌.

തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയിൽ തങ്ങളുടെ ഗ്രൂപ്പുകാരെമാത്രം തിരുകികയറ്റി. എതിർഗ്രൂപ്പുകാരെ പൂർണമായും തഴഞ്ഞു. ജോസ്‌ പാലോക്കാരൻ, യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി സുധീഷ്‌ തട്ടിൽ തുടങ്ങിയവർ ഇത്‌ ചോദ്യം ചെയ്‌തതോടെ ബഹളമായി. അസഭ്യവിളികൾ ഉയർന്നു. കൈയാങ്കളിയിലേക്ക്‌ നീങ്ങി. ഇതോടെ മൈക്ക്‌ ഓഫാക്കി.

വിൻസന്റും ടി എൻ പ്രതാപനും പത്മജയും ചേർന്ന്‌ ജില്ലയിലെ കൊൺഗ്രസിനെ തകർത്തതായി പ്രവർത്തകർ ആരോപിച്ചു. ജില്ലയിൽ പലയിടങ്ങളിലും പേയ്‌മെന്റ്‌ സീറ്റ്‌ നൽകിയതായും പ്രവർത്തകർ പറഞ്ഞു. കൺവൻഷൻ ഉദ്‌ഘാടനംചെയ്യാനെത്തിയ നേതാക്കളുടെ കൺമുന്നിലായിരുന്നു ബഹളം. ബഹളത്തിനൊടുവിൽ എഴുപേതോളം പ്രവർത്തകർ ഇറങ്ങിപോയി. കൺവൻഷനിൽ ശേഷിച്ചത്‌ പത്തുപേർമാത്രമായി.

മാടക്കത്തറയിലും ചേരിപോര്‌ രൂക്ഷമായി. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാവുന്ന മണ്ഡലം പ്രസിഡന്റുമാർ രാജിവക്കണമെന്ന്‌ കെപിസിസി സർക്കുലറുണ്ടായിരുന്നു. ഇതുപ്രകാരം മാടക്കത്തറ മണ്ഡലം പ്രസിഡന്റ്‌ ടി എസ്‌ മനോജ്‌ സ്ഥാനമൊഴിഞ്ഞു. ചുമതല വി എസ്‌ പ്രദീപിന്‌ നൽകി. എന്നാൽ മനോജ്‌ തെരഞ്ഞെടുപ്പിൽ തോറ്റു. ഇതോടെ വീണ്ടും മണ്ഡലം പ്രസിഡന്റായി സ്വയം ചുമതലയേറ്റു. ഇതിനെതിരെ മറുവിഭാഗം പ്രതിഷേധത്തിലാണ്‌.