ആര് ഭരിച്ചാലും ഒരുപോലെയോ …! അക്കമിട്ട് നിരത്താം അതുല്യ നേട്ടങ്ങൾ

0
84

– കെ വി –

ആര് ഭരിച്ചാലും ഒരുപോലെ – രാഷ്ടീയസംവാദങ്ങളിൽ ഉത്തരംമുട്ടുമ്പോൾ അതുമിതും പറയുന്നവർ ഒടുവിൽ കണ്ടെത്തുന്ന സമാശ്വാസവാക്യം. ഇടതുപക്ഷവിരുദ്ധ വാർത്താമാധ്യമങ്ങളും പ്രചാരകരും നേരിന് മറയിടാൻ അവലംബിക്കുന്ന പല പ്രയോഗങ്ങളിൽ ഒന്നാണിത്. എൽ ഡി എഫ് – യു ഡി എഫ് ഭരണകാലങ്ങൾ തമ്മിൽ താരതമ്യം ചെയ്താൽ ആർക്കും ബോധ്യമാവുന്ന ചില സത്യങ്ങളുണ്ട്.

എക്കാലവും മാതൃകാപരമായ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിലും അഴിമതിക്ക് അറുതി വരുത്തുന്നതിലും ഇടതുപക്ഷം കാണിച്ചുപോന്ന പ്രതിബദ്ധത സംസ്ഥാന ചരിത്രത്തിൽ ആദ്യന്തം തിളങ്ങിനില്ക്കുന്നതാണ്. സ്വകാര്യ സംഭാഷണത്തിലെങ്കിലും ഇത് സമ്മതിക്കാത്തവർ സാമാന്യബോധമുള്ളവരിൽ കുറവാണുതാനും.

നൂറ്റാണ്ടുകൾക്കിടയിൽ വല്ലപ്പോഴും സംഭവിക്കുന്ന അതിഘോരമായ പ്രകൃതിക്ഷോഭംവരെ – തുടർച്ചയായി രണ്ട് കൊടിയ പ്രളയങ്ങൾ – നേരിട്ട് നാടാകെ ഭയന്നുവിറച്ചുപോയ കാലമാണല്ലോ തൊട്ടുപിറകിൽ. അത് വിതച്ച താങ്ങാനാവാത്ത കെടുതികളിൽ നട്ടം തിരിയുമ്പോഴാണ് കോവിഡ് മഹാമാരിയും ലോക് ഡൗണും ജനജീവിതത്തെ വിറങ്ങലിപ്പിച്ചത്.

എന്നിട്ടും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ എൽ ഡി എഫ് സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും എത്രയെത്ര. മുൻ യു ഡി എഫ് ഭരണത്തിലേതിനേക്കാൾ എല്ലാ നിലയ്ക്കും മികച്ചവയല്ലേ ഈ നേട്ടങ്ങളൊക്കെ . അക്കമിട്ട് നിരത്താം ഇവിടെ ഓരോന്നും. അതൊന്ന് വായിക്കൂ. അതിനുശേഷമാവട്ടെ ആലോചന – ആര് ഭരിച്ചാലും ഒരുപോലെയോ എന്ന്.

 

പത്ത് കൊല്ലത്തിലധികം മുടങ്ങിക്കിടന്ന കൊച്ചി – മംഗാലാപുരം ഗെയിൽ പൈപ്പ് ലൈൻ പൂർത്തിയാക്കൽ, ദേശീയപാത വീതി കൂട്ടാനുള്ള ഭൂമി ഏറ്റെടുക്കൽ, സൗജന്യ ഇന്റർനെറ്റ് വ്യാപനത്തിനുള്ള കെ- ഫോൺ പദ്ധതി, സംസ്ഥാനത്തിന്റെ സ്വാശ്രയ ധനസമാഹരണ സംരംഭമായ കേരളാ ബാങ്ക്, രണ്ടരലക്ഷം പാവപ്പെട്ടവർക്ക് അടച്ചുറപ്പുള്ള വീട് നിർമിക്കാൻ ധനസഹായം, പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ചികിത്സാ സംവിധാന നവീകരണം, പൊതുവിദ്യാലയങ്ങളെ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തൽ , കൊച്ചി മെട്രോ റെയിൽപാതയും കണ്ണൂർ വിമാനത്താവളവും കാസർക്കോട് മെഡിക്കൽ കോളേജും പണിതീർക്കൽ , മുഖ്യ നഗരങ്ങളിലെല്ലാം ബൈപ്പാസും മേൽപ്പാലങ്ങളും , തരിശുഭൂമികളിൽ പരക്കെ കൃഷിയിറക്കൽ, രാജ്യത്ത് ആദ്യമായി കർഷക പെൻഷൻ, നെല്ലിനും റബ്ബറിനും പുറമെ 20 ഇനം പച്ചക്കറികൾക്ക് താങ്ങുവില , ഓൺലൈൻ പഠനരീതിയായ ഫസ്റ്റ് ബെൽ ആരംഭം , വിദ്യാർത്ഥികൾക്ക് വിലയിളവോടെ കംപ്യൂട്ടർ വാങ്ങാൻ കെ എസ് എഫ് ഇ വായ്പാ പദ്ധതി, പി എസ് സി മുഖേനയും പൊതുമേഖലാ സംരംഭങ്ങളിലുമായി റെക്കോർഡ് തൊഴിലവസര വർധന… പട്ടിക അങ്ങനെ നീളുകയാണ്. മലയോര ഹൈവേ, തീരദേശ ജലപാത സജ്ജമാക്കൽ, തിരുവാമ്പാടി – വയനാട് തുരങ്കപാത , വയനാട് മെഡിക്കൽ കോളേജ് നിർമാണം മുതലായ ഈയിടെ തുടക്കമിട്ട ഒട്ടേറെ പദ്ധതികൾ വേറെയും.

 

ക്ഷേമരാഷ്ട്ര സങ്കല്പത്തിലൂന്നിയ ജനക്ഷേമ നടപടികളോ – 600 രൂപയിൽനിന്ന് 1600 രൂപയാക്കി എല്ലാ ക്ഷേമ പെൻഷനുകളും ഉയർത്തി, അത് അർഹതയുള്ള 58 ലക്ഷത്തോളം പേർക്ക് മുടങ്ങാതെ മാസംതോറും ലഭ്യമാക്കി , പഞ്ഞമാസങ്ങളിൽ വരുമാനവ്യത്യാസം നോക്കാതെ 89. 80 ലക്ഷം റേഷൻ കാർഡുടമകൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം, ലോക് ഡൗൺ കാലത്ത് പ്രാദേശികതലത്തിൽ കമ്യൂണിറ്റി കിച്ചൺ തുറന്ന് അതിഥിത്തൊഴിലാളികൾക്കും അഗതികൾക്കും സൗജന്യ ഭക്ഷണം, അതിന്റെ തുടർച്ചയായി 20 രൂപയ്ക്ക് ഊൺ നൽകുന്ന ജനകീയ ഹോട്ടലുകൾ .

എന്തിനേറെ എൽ ഡി എഫ് പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570 – ഉം പാലിച്ചു. ഓരോ വർഷവും അതിന്റെ പ്രോഗ്രസ് റിപ്പോർട്ടും പ്രസിദ്ധീകരിച്ചു. ഇങ്ങനെ മറ്റേതെങ്കിലും സർക്കാർ മുമ്പെപ്പോഴെങ്കിലും ചെയ്തിട്ടുണ്ടോ . ഓർത്തുനോക്കൂ… മേൽപ്പറഞ്ഞ നിലവാരമുള്ള എന്തെങ്കിലും കാര്യം ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തിരുന്നോ ?

 

എന്നാൽ നിലവിലെ എൽ ഡി എഫ് സർക്കാരിന്റെ കണ്ണ് പതിയാത്ത, പരിഹാരം തേടാത്ത ഏതെങ്കിലും ഇടമുണ്ടോ സാധാരണ ജനജീവിതത്തിൽ …? ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയം പെയ്ത വിവരണാതീതമായ ദുരിതങ്ങളെ എന്തെല്ലാം സന്നാഹത്തോടെയും സ്ഥൈര്യത്തോടെയുമാണ് സർക്കാർ അതിജീവിച്ചത്.

ലോകമാകെ പകച്ചുനിന്നുപോയ കൊറോണ വൈറസ് ബാധിത നാളുകളിൽ എത്ര സാഹസികമായ പ്രതിരോധ – സുരക്ഷാ പ്രവർത്തനങ്ങളിലൂടെയാണ് കേരളം മറുനാടുകളെയൊക്കെ അതിശയിപ്പിച്ചത്. ഇക്കാര്യത്തിൽ ഇന്ത്യക്കെന്നല്ല മുഴുവൻ രാജ്യങ്ങൾക്കും വഴികാട്ടി ലോകാരോഗ്യ സംഘടനയുടെവരെ പ്രശംസ നേടാൻ ഈ കൊച്ചുസംസ്ഥാനത്തിന് സാധിച്ചത് എത്രയേറെ അഭിമാനകരമാണ്.

നമ്മുടെ നാടിന്റെ നാനാതുറകളിലുള്ള വളർച്ചയുടെയും വികസനത്തിന്റെയും ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കിയാലോ… സാമൂഹിക സുസ്ഥിതി മെച്ചപ്പെടുത്തിയ എല്ലാ നിർണായക ചുവടുവെപ്പുകളിലും ഇടതുപക്ഷത്തിന്റെ നിറഞ്ഞ സാന്നിധ്യം കാണാം.ഒട്ടേറെ രംഗങ്ങളിൽ അന്താരാഷ്ട്ര അംഗീകാരം പിടിച്ചുപറ്റിയ കൊച്ചുകേരളം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് പല നിലകളിലും വ്യത്യസ്തമാണ്. സാമൂഹ്യ-സാമ്പത്തിക പുരോഗതിയിൽ മാത്രമല്ല ഇത്.

 

ആളുകളുടെ തന്റേടം മുതൽ വിചാരവികാരധാരയിൽവരെ അത് വളരെ പ്രകടം. ജാതീയമായ തൊട്ടുകൂടായ്മയും ഉച്ചനീചത്വങ്ങളും കൊടികുത്തി വാണ – സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച – ദുരവസ്ഥയായിരുന്നു പഴയ കാലത്ത് ഇവിടെ. പുതിയ കേരളത്തിന് കഷ്ടിച്ച് മുക്കാൽ നൂറ്റാണ്ടോളമേ പ്രായമുള്ളൂ. മൺമറഞ്ഞുപോയ സാമൂഹ്യ പരിഷ്ക്കർത്താക്കളും നവോത്ഥാന നായകരും ക്രൈസ്തവ മിഷനറിമാരുമാണ് ആ മുന്നേറ്റത്തിന് ആദ്യവെളിച്ചം പകർന്നത്.

എന്നാൽ, 1957ൽ സംസ്ഥാനത്ത് അധികാരമേറ്റ ഇ എം.എസ്സിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് ഗവർമെണ്ടാണ് മണ്ണിന്റെയും വിയർപ്പിന്റെയും മണമുള്ള വികസന പാതയ്ക്ക് അടിത്തറയിട്ടത്. ഭരണത്തിലേറി നാലാം നാൾ കുടിയിറക്ക് തടഞ്ഞുകൊണ്ടുള്ള ഓർഡിനൻസ് … രാജ്യത്ത് ആദ്യമായിരുന്നു അത്തരമൊരു ഉത്തരവ്. അതു വരെ ജനങ്ങളിൽ വലിയൊരു പങ്ക് ആരാന്റെ പറമ്പിൽ പാർക്കുന്നവരായിരുന്നു. ഭൂമിയുടെ ഉടമസ്ഥത മുഴുവൻ സവർണ ജന്മി പ്രമാണിവർഗത്തിനായിരുന്നല്ലോ.

പാട്ടക്കാരും കുടിയാന്മാരുമായിരുന്നു മറ്റെല്ലാവരും. അവരെ ഏത് നേരത്തും കുടിയൊഴിപ്പിക്കാൻ ഭൂവുടമകൾക്ക് അവകാശമുണ്ടായിരുന്നു. അത് നിയമംമൂലം ഇല്ലാതാക്കിയതോടെയാണ് പാവപ്പെട്ടവർക്ക് തന്റേതായ ഇടം -തന്റേടം – ഉണ്ടായിത്തുടങ്ങിയത്. “ചത്താൽ കുഴിച്ചിടാൻ നാഴി മണ്ണുപോലും ” സ്വന്തമായില്ലാത്തവർക്ക് കിടപ്പാടം നേടിക്കൊടുത്തത് അന്ന് മന്ത്രി കെ ആർ ഗൗരിയുടെ നേതൃത്വത്തിൽ തുടക്കമിട്ട ഭൂപരിഷ്കരണ നടപടികളാണ്.

ജന്മിമാരുടെ മുമ്പിൽ തീണ്ടാപ്പാടകലെ ഓഛാനിച്ചും റാൻ മൂളിയും നിൽക്കേണ്ട പതിതനിലയിൽനിന്ന് മണ്ണിന്റെ മക്കളെ മോചിപ്പിച്ചത് സുപ്രധാന മാറ്റമായിരുന്നു. മലയാളികളെ ലോകത്തിന്റെ നാനാഭാഗത്തും എത്തിച്ച്, ജോലി നേടാൻ പ്രാപ്തരാക്കിയ നമ്മുടെ സാർവത്രിക സൗജന്യ പൊതുവിദ്യാഭ്യാസക്രമം ആരംഭിച്ചതും ആ ഭരണത്തിലാണ് – പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ നിയമത്തിലൂടെ.

അന്താരാഷ്ട്ര തലത്തിൽവരെ പിന്നീട് അഗീകാരം നേടിയ കേരള വികസന മാതൃകയുടെ അലകും പിടിയും അന്നത്തെ ആ രണ്ട് നിയമ നിർമാണങ്ങളായിരുന്നു. കേരള ജനതയെ പിൽക്കാലത്ത് രാജ്യത്തിന്റെ നെറുകയിലെത്തിച്ച മറ്റു മികവുറ്റ പദ്ധതികൾ നടപ്പാക്കിയതോ.

 

കാർഷിക പരിഷ്കാരത്തിന്റെ തുടർച്ചയായ ഭൂപരിധി നിർണയവും മിച്ചഭൂമി വിതരണവും, ജനലക്ഷങ്ങൾക്ക് പുത്തനുണർവ് സമ്മാനിച്ച സമ്പൂർണ സാക്ഷരതാ യജ്ഞം , ഓണംകേറാ മൂലയിൽ വരെ റോഡും വെള്ളവും വെളിച്ചവും പ്രദാനം ചെയ്ത ജനകീയാസൂത്രണ പദ്ധതി, തദ്ദേശ സ്വയംഭരണ സമിതികളിൽ സ്ത്രീകൾക്ക് 50 ശതമാനം പ്രാതിനിധ്യം, വിശ്വമെങ്ങും കീർത്തി പരത്തിയ കുടുംബശ്രീ പ്രസ്ഥാനം, കർഷകത്തൊഴിലാളി പെൻഷൻ, വിപുലമായ ഭക്ഷ്യസാധന പൊതുവിതരണ ശൃംഖല മുതലായ എത്രയെത്ര ക്ഷേമ പദ്ധതികൾ … ജനജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച ഇത്തരം ഭരണ നടപടികളിൽ ഇടതുപക്ഷ പാർട്ടികളുടെ അവിസ്മരണീയ പങ്ക് ആർക്ക് നിഷേധിക്കാനാകും..?