കേന്ദ്രമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കെ കെ രാഗേഷ്

0
87

വയനാട്ടിലെ പരിസ്ഥിതിദുര്‍ബല പ്രദേശങ്ങള്‍ നിര്‍ണയിച്ച് വിജ്ഞാപനം ഇറക്കിയ വിഷയത്തില്‍ രാജ്യസഭയില്‍ അങ്ങേയറ്റം തെറ്റിദ്ധാരണജനകമായ മറുപടി നല്‍കിയ വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർക്കെതിരെ അവകാശലംഘന പ്രമേയത്തിനു കെ കെ രാഗേഷ് എംപി നോട്ടീസ് നല്‍കി.

കരട് വിജ്ഞാപനത്തില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം സമര്‍പ്പിച്ചില്ലെന്നാണ് മന്ത്രി കഴിഞ്ഞദിവസം മറുപടി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് കരട് വിജ്ഞാപനം ഇറക്കിയതെന്നും മന്ത്രി തെറ്റിദ്ധരിപ്പിച്ചു.

വിജ്ഞാപനം ഇറങ്ങിയ ശേഷം അതിനെ ശക്തമായി എതിര്‍ത്ത് മുഖ്യമന്ത്രി കത്തയച്ച കാര്യം മന്ത്രി മറച്ചുവയ്ക്കുകയും ചെയ്തു. സംസ്ഥാന വനം-വന്യജീവി വകുപ്പ് ഭേദഗതി നിര്‍ദേശം കേന്ദ്രസര്‍ക്കാരിനു യഥാസമയം സമര്‍പ്പിച്ചിട്ടുമുണ്ട്.

മന്ത്രിയുടെ മറുപടി തെറ്റിദ്ധാരണ പടര്‍ത്തുന്നതും നിജസ്ഥിതി അറിയാനുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതുമാണ്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദേശത്തിന്റെ കോപ്പി സഹിതമാണ് രാഗേഷ് മന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയത്.