കിറ്റ് കേന്ദ്രത്തിന്റേതാണെങ്കിൽ എന്തുകൊണ്ട് അത് മറ്റ് സംസ്ഥാനങ്ങളിൽ വിതരണം ചെയ്തില്ല: മുഖ്യമന്ത്രി

0
86

കിറ്റ് കേന്ദ്രത്തിന്റേതാണെങ്കിൽ എന്തുകൊണ്ട് അത് മറ്റ് സംസ്ഥാനങ്ങളിൽ വിതരണം ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വിതരണംചെയ്ത പലവ്യഞ്ജന കിറ്റ് കേന്ദ്രത്തിന്റെ പദ്ധതിയാണെന്ന പ്രചാരണത്തിനെതിരെ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതമനുഭവിക്കുന്ന ആളുകൾക്ക് സർക്കാർ സൗജന്യമായി പലവ്യഞ്ജനകിറ്റ് വിതരണം ചെയ്തിട്ടുണ്ട്. അത് വലിയ കാര്യമല്ലെങ്കിലും കിറ്റ് മുടങ്ങാതെ വിതരണം ചെയ്യാൻ സാധിച്ചു. ഒരു വിവേചനവുമില്ലാതെയാണ് കിറ്റ് വിതരണം ചെയ്തത്. എന്നാൽ വിതരണം ചെയ്ത കിറ്റ് കേന്ദ്രസർക്കാർ നൽകിയതാണെന്നും പിന്നീട് അത് സംസ്ഥാനത്തിന്റേതാണെന്ന് അവകാശപ്പെടുകയാണെന്നുമാണ് പ്രചാരണം

കാര്യങ്ങൾ എങ്ങനെ വക്രീകരിക്കാം എന്നാണ് കേരളത്തിലെ ബിജെപി-കോൺഗ്രസ്-യുഡിഎഫ് നേതാക്കൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇത് സംസ്ഥാന സർക്കാരിന്റെ കിറ്റ് ആണെന്ന് ഞങ്ങളാരും കൊട്ടിഘോഷിക്കാൻ പോയിട്ടില്ല. അതുമായി ബന്ധപ്പെട്ട് കേരളത്തിൽ അനാവശ്യപ്രചാരണവും സർക്കാർ നടത്തിയിട്ടില്ല. പദ്ധതി സംസ്ഥാനത്തിന്റേതാണെന്നതാണ് വസ്തുത.

കിറ്റ് കേന്ദ്രസർക്കാരിന്റേതാണെന്ന് പറയുന്നവർ മറ്റ് സംസ്ഥാനങ്ങളിൽ ഇത് കൊടുക്കണ്ടേ? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ രാജ്യത്തില്ലേ, അല്ലാത്ത സംസ്ഥാനങ്ങളുമില്ലേ? എന്തുകൊണ്ടാണ് അവിടെയൊന്നും കിറ്റ് വിതരണം ചെയ്യാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു.