തെരഞ്ഞെടുപ്പ് പ്രചാരണം: മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ,മൂന്നിടങ്ങളിൽ സംസാരിക്കും

0
129

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടിലെത്തും. ജില്ലയിലെ മൂന്ന് മണ്ഡലം കണ്‍വെന്‍ഷനുകളിലും മുഖ്യമന്ത്രി പങ്കെടുക്കും.

രാവിലെ മാനന്തവാടിയിലും ബത്തേരിയിലും ഉച്ചകഴിഞ്ഞ് മൂന്നിന് കല്‍പ്പറ്റയിലുമാണ് കണ്‍വെന്‍ഷന്‍.ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തേ പൂര്‍ത്തിയാക്കിയതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ ആദ്യഘട്ട പ്രചാരണ പരിപാടികളുടെ അവസാന ലാപ്പിലാണ്.

പ്രചാരണത്തിൽ എൽഡിഎഫ്‌ ബഹുദൂരം മുന്നിലാണ്‌. മുഖ്യമന്ത്രിയുടെ വരവോടെ ആവേശമേറും. ഒന്നരമാസം മുമ്പാണ്‌ മുഖ്യമന്ത്രി ജില്ലയിലെത്തി വയനാട്‌‌ പാക്കേജ്‌ പ്രഖ്യാപിച്ചത്‌. പ്രഖ്യാപനത്തിനൊപ്പംതന്നെ പദ്ധതികൾ നടപ്പാക്കാനുമാരംഭിച്ചു. ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തി. ജില്ലയുടെ സമഗ്രവികസനത്തിന്‌ ഏഴായിരം കോടിയുടെ പാക്കേജാണ്‌ പ്രഖ്യാപിച്ചത്‌.

സ്ഥാനാർഥികളായ ഒ ആർ കേളു(മാനന്തവാടി), എം എസ്‌ വിശ്വനാഥൻ(ബത്തേരി), എം വി ശ്രേയാംസ്‌കുമാർ(കൽപ്പറ്റ) എന്നിവർ ജനഹൃദയങ്ങൾ കീഴടക്കുകയാണ്‌. വലിയ സ്വീകാര്യതയാണ്‌ എല്ലായിടത്തും‌ ലഭിക്കുന്നത്‌. മുഖ്യമന്ത്രിയുടെ വരവോടെ ആത്മവിശ്വാസമേറും. എൽഡിഎഫ്‌ സർക്കാരിന്റെ വികസന തുടർച്ചയ്‌ക്കാണ്‌ വോട്ട്‌ തേടുന്നത്‌.

അഭ്യർഥിക്കാതെതന്നെ വോട്ട്‌ എൽഡിഎഫിനാണെന്ന മറുപടിയാണെല്ലാവരും നൽകുന്നത്‌. അഞ്ചുകൊല്ലത്തിൽ സംസ്ഥാന സർക്കാരിന്റെ വികസനമെത്താത്ത ഒരിടവുമില്ല. ഭരണത്തുടർച്ച നാട്‌ ആഗ്രഹിക്കുകയാണ്‌.