ഒരാഴ്ചയ്ക്കിടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 31 ശതമാനത്തിന്റെ കുറവ്: മുഖ്യമന്ത്രി

0
89

ആറ് മാസത്തെ കണക്കെടുത്താല്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് കേരളത്തില്‍ കോവിഡ് രോഗവ്യാപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്നിനും താഴേക്ക് വന്നു. ടെസ്റ്റ് പൊസിറ്റിവിറ്റി നിയന്ത്രിക്കുന്നതിനെ കേന്ദ്ര ആരോഗ്യ സെക്രട്ടറി അഭിനന്ദിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രോഗികളുടെ എണ്ണം കുറഞ്ഞിട്ടും ടെസ്റ്റുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തിയില്ല. അതുകൊണ്ടാണ് കുറഞ്ഞ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് നിലനിര്‍ത്താനായത്. ഒരാഴ്ചയായിട്ട് രോഗികളുടെ എണ്ണത്തില്‍ 31 ശതമാനത്തിന്റെ കുറവുണ്ടായി.

സംസ്ഥാനത്ത് 14 ലക്ഷത്തിലേറെ അളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.ജനസംഖ്യാനുപതികമായി നോക്കിയാല്‍, കേന്ദ്രം പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ഏറ്റവും വേഗത്തില്‍ ആളുകള്‍ക്ക് വാക്‌സിന്‍ കൊടുക്കുന്ന സംസ്ഥാനം കേരളമാണ്. ഏറ്റവുമധികം പേര്‍ കോവിഡ് പരിശോധന നടത്തിയ സംസ്ഥാനങ്ങളിലൊന്നും കേരളമാണ്. ഡല്‍ഹിയും ഗോവയും മാത്രമാണ് നമുക്ക് മുന്നിലുള്ളത്. വാക്‌സിനേഷന്റെ കാര്യത്തില്‍ ചെറിയ സംസ്ഥാനങ്ങളും കേരളത്തിന് പുറകിലാണ്.

ബ്രേക്ക് ദി ചെയിന്‍ ക്യാംപെയിന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. ബ്രേക്ക് ദി ചെയിന്‍ പദ്ധതി രോഗ പ്രതിരോധ പ്രവര്‍ത്തനം ഫലപ്രദമാക്കി. കൊവിഡിനെ ജാഗ്രതയോടെ പ്രതിരോധിക്കണം. ഉചിതമായ ചികിത്സയും സുരക്ഷയും നല്‍കാന്‍ ആവശ്യമായ ശേഷി നാം ആര്‍ജിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് ജനം പരസ്പരം ഇടപെടുന്ന തോത് വര്‍ധിക്കും. ഓരോ ഇടപെടലും ജാഗ്രതയോടെ വേണം. തന്നില്‍ നിന്ന് രോഗം പകരില്ലെന്ന നിര്‍ബന്ധബുദ്ധി ഓരോരുത്തരും കാണിക്കണം

അന്തരീക്ഷത്തില്‍ ചൂട് വര്‍ധിക്കുന്നു. പകല്‍ സമയത്ത് താപനില കൂടുതലാണ്. പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നത്തിന് കാരണമായേക്കും. ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയുള്ള തീരദേശ സംസ്ഥാനമാണ് കേരളം. സൂര്യാഘാതം, സൂര്യതാപം, നിര്‍ജ്ജലീകരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. പകല്‍ സമയത്ത് 11 മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. കുടിവെള്ളം കൈയ്യില്‍ കരുതണം, ശുദ്ധജലം കുടിക്കണമെന്നും അദ്ദേഹം പറഞ്ഞു.