മലപ്പുറം ജില്ലയിൽ ലീഗ് കോട്ടയെന്നവകാശപ്പെടുന്ന വണ്ടൂരിൽ ഇക്കുറി പോരാട്ടം തീപാറും.ലീഗിന്റെ സ്വാധീനമുള്ള പഞ്ചായത്തിൽ പ്രസിഡന്റായിരിക്കെ പഞ്ചായത്ത് ഹാളിന് ഇ എം എസ്സിന്റെ പേരിട്ട ഒരു യുവപോരാളിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി.
പി.മിഥുനക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് കന്നിയങ്കം. എൽഡിഎഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെങ്ങും ചർച്ചയായി വണ്ടൂർ മണ്ഡലത്തിലെ പി മിഥുനയുടെ സ്ഥാനാർത്ഥിത്വം. പ്രതിസന്ധികളിൽ തളരാതെ നിലപാടുകളുടെ കരുത്തും പക്വതയും കൊണ്ട് കേരളം രാഷ്ട്രീയത്തിൽ ശ്രധിക്കപെട്ട യുവതിയാണ് മിഥുന.
കൊണ്ടോട്ടി പള്ളിക്കൽ സ്വദേശികളായ പി ഷൺമുഖൻ – കെ മിനി ദമ്പതികളുടെ മകളാണ് മിഥുന. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബ പശ്ചാത്തലത്തിൽനിന്നാണ് പൊതുപ്രവർത്തനത്തിൽ എത്തുന്നത്. വണ്ടൂരിലെ സിറ്റിങ്ങ് എം.എൽ.എ ആയ എ പി അനിൽ കുമാറിനെതിരെയാണ് മിഥുന മത്സരിക്കുന്നത്.
മുസ്ലീം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച് കൊണ്ടോട്ടി പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് പ്രവർത്തിച്ചുപോന്നതാണ് മിഥുന . സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്നു അന്ന് .
മുസ്ലിം ലീഗിന്റെ സങ്കുചിത രാഷ്ട്രീയ സമീപനങ്ങൾക്കെതിരെ ശബ്ദമുയർത്തിയതോടെ മിഥുനയ്ക്ക് ലീഗിന്റെ കടുത്ത എതിർപ്പ് നേരിടേണ്ടി വന്നു. പക്ഷേ, ഒട്ടും കൂസാതെ മുന്നോട്ടുനീങ്ങി. അധികാരത്തിൽ രണ്ടുവർഷം പിന്നിട്ടപ്പോൾ മിഥുന ഇടതുപക്ഷ ആശയങ്ങൾക്കൊപ്പം ചുവടുറപ്പിച്ചു. മിഥുനയുടെ ധീരമായ തീരുമാനങ്ങൾ പലപ്പോഴും ലീഗിനും യു.ഡി.എഫിനും വെല്ലുവിളിയുയർത്തിയിരുന്നു.
ഇടതുപക്ഷ യുവജന സംഘടനകളുടെ പരിപാടികളിൽ മിഥുന പങ്കെടുക്കാൻ തുടങ്ങിയതോടെ ലീഗുകാരുടെ എതിർപ്പ് രൂക്ഷമായി. മന്ത്രി കെ ടി ജലീൽ പങ്കെടുത്ത കുടിവെള്ള പദ്ധതി ഉദ്ഘാടനച്ചടങ്ങിലും ലീഗിന്റെ വിലക്ക് ലംഘിച്ച് മിഥുന അധ്യക്ഷയായതും തർക്കം മൂർഛിപ്പിച്ചു. ഇതിനെത്തുടർന്ന് ലീഗ് മിഥുനയെ സസ്‌പെൻഡ് ചെയ്തു. ഭരകാലാവധിയുടെ അവസാന ഘട്ടത്തിലാണ് പഞ്ചായത്ത് ഹാളിന് ഇ.എം.എസിന്റെ പേര് നൽകി മിഥുന ഇടതുപക്ഷത്തിന്റെ ഉറച്ച പ്രവർത്തകയായി മാറിയത്.
സി.പി.ഐ -എമ്മിന്റെ പട്ടികയിലെ പ്രായം കുറഞ്ഞ സ്ഥാനാർത്ഥികളിൽ ഒരാൾകൂടിയാണ് മിഥുന. വലിയ വിവാദങ്ങൾക്കിടയിലും പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ നന്നായി പ്രവർത്തിച്ച അഞ്ചുവർഷത്തെ അനുഭവസമ്പത്താണ് മിഥുനയുടെ മികവ് . ലീഗിന്റെ നേരും നെറിയുമില്ലാത്ത രാഷ്ട്രീയ നിലപാടുകളെ തള്ളിപ്പറഞ്ഞാണ് മിഥുന ഇടതുപക്ഷ ത്തോടൊപ്പം ചേർന്നത്.
അഴിമതിയും സ്വജന പക്ഷപാതവും ശീലമാക്കിയ ലീഗ് രാഷ്ട്രീയത്തെ ജനങ്ങൾക്കിടയിൽ തുറന്നുകാട്ടാൻ മിഥുനയുടെ പോരാട്ടത്തിന് കഴിയും. വണ്ടൂർ മണ്ഡലത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ കിടയറ്റ നേതൃശേഷിയും യുവ സഹജമായ കർമോത്സുകതയുമുള്ള സ്ഥാനാർഥിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് എൽ ഡിഎഫ്.
ലീഗിന്റെ കോട്ടയിൽപൊരുതിനിന്നവീറോടെ മിഥുന…
Recent Comments