മുഖ്യമന്ത്രി പിണറായി വിജയന് നാമനിര്‍ദേശ പത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്കാണ് പിണറായി വിജയന് വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണര്‍ മുമ്പാകെ പത്രിക നൽകിയത്.
എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം കലക്ടറേറ്റിലെത്തിയാണ് നാമനിര്‍ദേശ പത്രിക സമർപ്പിച്ചത്. കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തിയുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചായിരുന്നു പത്രികാ സമര്‍പ്പണം.
രണ്ടു സെറ്റ് പത്രികകളാണ് നൽകിയത്.ഒന്നിൽ സിപി ഐ എം നേതാവും ധർമടം മണ്ഡലത്തിലെ മുഖ്യമന്ത്രിയുടെ പ്രതിനിധിയുമായ പി ബാലനും മറ്റൊന്നിൽ സി പി ഐ ദേശീയ കൗൺസിൽ അംഗം സി എൻ ചന്ദ്രനും നിർദേശിച്ചു.
സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സിപിഐ ദേശീയ കൗൺസിൽ അംഗം സി എൻ ചന്ദ്രൻ എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പമുണ്ടായത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എൽ ഡി എഫ് ജില്ലാ കൺവീനർ കെ പി സഹദേവൻ, നേതാക്കളായ എൻ ചന്ദ്രൻ , കെ കെ രാജൻ, അഡ്വ. എ ജെ ജോസഫ് , രാജേഷ് പ്രേം എന്നിവരും കലക്ടറേറ്റിൽ എത്തിയിരുന്നു.
ജനങ്ങളിൽ നിന്നു ലഭിക്കുന്ന ആത്മാർത്ഥമായ പിന്തുണ നൽകുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മത്സരിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.
‘പൊതുനന്മയ്ക്കായി കഴിഞ്ഞ അഞ്ച് വർഷങ്ങൾ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുമായി കൂടുതൽ മികവോടെ ഞങ്ങൾ മുന്നോട്ടു പോകും. ജനങ്ങളെ ചേർത്തു നിർത്തിക്കൊണ്ട് കേരളത്തിൻ്റെ ശോഭനമായ ഭാവിയ്ക്കായി ഇടതുപക്ഷം പ്രവർത്തിക്കും. ആ ഉറപ്പ് ഞങ്ങൾ കാത്തു സൂക്ഷിക്കും.’ പിണറായി പറഞ്ഞു.