മുഖ്യമന്ത്രിയെ പ്രതിയാക്കാൻ ഇഡി കള്ളത്തെളിവുണ്ടാക്കാൻ ശ്രമിച്ചു, ക്രൈംബ്രാഞ്ച്‌ കേസെടുത്തേക്കും

0
119

സ്വർണക്കടത്ത്‌ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിയാക്കാൻ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) കള്ളത്തെളിവുണ്ടാക്കാൻ ശ്രമിച്ചതിനെതിരെ ക്രൈംബ്രാഞ്ച്‌ കേസെടുത്തേക്കും. മുഖ്യമന്ത്രിക്കെതിരെ കള്ളമൊഴി നൽകാൻ സ്വപ്‌ന സുരേഷിൽ ഇഡി സമ്മർദം ചെലുത്തിയത്‌ ഇത്തരത്തിൽ കള്ളക്കേസ് ഉണ്ടാക്കാനാണ്.

ഡയറക്ടർ ജനറൽ ഓഫ്‌ പ്രോസിക്യൂഷൻ (ഡിജിപി) കഴിഞ്ഞദിവസം ആഭ്യന്തര സെക്രട്ടറിക്ക്‌ നൽകിയ നിയമോപദേശം വ്യാജ തെളിവുണ്ടാക്കലും ഗൂഢാലോചനയും ശരിവയ്‌ക്കുന്നു. ഈ ഗുരുതര കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ഉൾപ്പെടുത്തി ഇഡിക്കെതിരെ ക്രൈംബ്രാഞ്ച്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യും. ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച്‌ തിങ്കളാഴ്‌ചതന്നെ കേസെടുത്തേക്കും.

ഇഡിക്കെതിരെ കേസെടുത്ത്‌ അന്വേഷണം നടത്താൻ ഡിജിപി മഞ്ചേരി ശ്രീധരൻ നായർ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറിക്ക്‌ കഴിഞ്ഞ ദിവസം നിയമോപദേശം നൽകിയിരുന്നു. ഐപിസി 116, 120 ബി, 167, 192, 193, 195 എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാനാണ്‌ നിയമോപദേശം. ജീവപര്യന്തംവരെ ശിക്ഷ കിട്ടാവുന്ന കള്ളത്തെളിവ്‌ സൃഷ്ടിക്കൽ, പൊതുസേവകൻ കള്ളരേഖ ചമയ്ക്കൽ, ഗൂഢാലോചന, പ്രേരണ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണിത്‌.

മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ സമ്മർദമുണ്ടെന്ന സ്വപ്‌നയുടെ ശബ്‌ദരേഖയിൽ ക്രൈംബ്രാഞ്ച്‌ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ശബ്‌ദരേഖ തന്റേത്‌ തന്നെയെന്ന്‌ സ്വപ്‌ന ക്രൈംബ്രാഞ്ചിന്‌ മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ പേര്‌ പറയിപ്പിക്കാൻ സ്വപ്‌നയിൽ ഇഡി സമ്മർദം ചെലുത്തിയതായി സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല്‌ വനിതാ ഉദ്യോഗസ്ഥരും മൊഴി നൽകി.

ഇതിൽ രണ്ടുപേരുടെ മൊഴി പുറത്ത്‌ വന്നു. സ്വപ്‌ന പറഞ്ഞത്‌ ശരിവയ്‌ക്കുന്ന തരത്തിൽ മറ്റൊരു പ്രതി സന്ദീപ്‌ നായർ ജയിലിൽനിന്ന്‌ മജിസ്‌ട്രേട്ടിനെഴുതിയ കത്തും പുറത്തുവന്നു. ഇതെല്ലാം വിശദമായി പരിശോധിച്ചാണ്‌ കള്ളത്തെളിവുണ്ടാക്കാൻ ഇഡി ശ്രമിച്ചതായ നിഗമനത്തിൽ ഡയറക്ടർ ജനറൽ ഓഫ്‌ പ്രോസിക്യൂഷൻ എത്തിയത്‌.

ഇതിനായി സ്വപ്‌നയുടെ ശബ്‌ദരേഖയുടെ ഡിജിറ്റൽ തെളിവുകളും ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ 18 പേരുടെ മൊഴിയും വിശദമായി പരിശോധിച്ചു. തുടർന്നാണ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാൻ ഡയറക്ടർ ജനറൽ ഓഫ്‌ പ്രോസിക്യൂഷൻ നിർദേശം നൽകിയത്‌.