താജ്മഹലിന്‍റെ പേര് രാംമഹല്‍ എന്നാക്കി മാറ്റുമെന്ന് ബി.ജെ.പി എം.എല്‍.എ

0
118

താജ്മഹലിന്‍റെ പേര് താമസിയാതെ രാംമഹല്‍ എന്നാക്കി മാറ്റുമെന്ന് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ്. ഉത്തര്‍പ്രദേശിലെ ബെയ്‌രിയ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് സുരേന്ദ്രസിംഗ്. ആഗ്രയിലെ താജ്മഹല്‍ മുന്‍പ് ശിവക്ഷേത്രമായിരുന്നുവെന്ന് ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ സുരേന്ദ്ര സിംഗ് പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കാലത്ത് തന്നെ പുനര്‍നാമകരണം നടത്തും. ആദിത്യനാഥ് ശിവജിയുടെ പിന്‍ഗാമിയാണെന്നാണ് സുരേന്ദ്ര സിംഗിന്‍റെ പക്ഷം. ശിവാജിയുടെ പിൻഗാമികൾ ഉത്തർപ്രദേശിൽ വന്നിട്ടുണ്ട്. സമർത് ഗുരു രാംദാസ് ശിവാജിയെ ഇന്ത്യക്ക് നൽകിയതുപോലെ, ഗോരഖ്‌നാഥ് ജി യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശിന് നൽകിയെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.

മൊറാദാബാദിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തില്‍ സുരേന്ദ്ര സിംഗ് ശക്തമായി അപലപിച്ചു. സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവിനും മറ്റ് 20 പാർട്ടി പ്രവർത്തകർക്കും എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിലൂടെ സമാജ്‍വാദി പ്രവര്‍ത്തകരുടെ യഥാര്‍ഥ സ്വഭാവം പുറത്തുവന്നുവെന്നും യോഗിയുടെ ഭരണകാലത്ത് ഇത് അംഗീകരിക്കില്ലെന്നും എം.എല്‍.എ പറഞ്ഞു. ദേശവിരുദ്ധ മനോഭാവമുള്ള ആളുകൾക്ക് ഒരു പരിഗണനയും നല്‍കില്ലെന്നും ഇന്ത്യയുടെ മഹത്വത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ മാത്രമേ നേതാക്കന്‍മാരാകൂവെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.

നേരത്തെയും സുരേന്ദ്ര സിംഗ് ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. പെണ്‍കുട്ടികളെ സംസ്കാരശീലരായി വളര്‍ത്തിയാല്‍ പീഡനമുണ്ടാകില്ലെന്നാണ് ഹാഥ്റാസ് സംഭവത്തെക്കുറിച്ച് സുരേന്ദ്ര സിംഗ് പറഞ്ഞത്.