പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ ഓരോരുത്തരായി പിന്‍മാറുന്നു; വെട്ടിലായി ബിജെപി നേതൃത്വം

0
68

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും പലയിടങ്ങളിലും പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ പിന്‍മാറുന്നത് ബിജെപിയെ വെട്ടിലാക്കുകയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞതിന് തൊട്ടുപിന്നാലെ മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും തന്‍റെ അനുവാദം കൂടാതെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതെന്നും പറഞ്ഞ് മത്സരത്തില്‍ നിന്നും പിന്‍മാറിയത് ദേശീയ സംസ്ഥാന നേതൃത്വങ്ങളെ ഞെട്ടിച്ചിരുന്നു.

ജില്ലാ സംസ്ഥാന കമ്മിറ്റികള്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചത്. എന്‍ഡിഎയുടെ സഖ്യകക്ഷി നേതാവ് സികെ ജാനു മാനന്തവാടിയില്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബിജെപി സംസ്ഥാന പ്രസിഡണ്ട് തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മാനന്തവാടിയില്‍ സികെ ജാനുവിന് പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിച്ചത്.

മാനന്തവാടിക്ക് പിന്നാലെ കുന്നത്തുനാട്, മൂവാറ്റുപുഴ, തൃശൂര്‍, തിരുവല്ല എന്നീ സീറ്റുകളിലും സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. തൃശൂരില്‍ സുരേഷ് ഗോപിയാണ് ബിജെപി പട്ടികയില്‍ ഉള്ളത്. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് സുരേഷ് ഗോപി നേരത്തെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചെങ്കിലും മത്സരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. നേരത്തെ സിനിമാ തിരക്കുകള്‍ ഉണ്ടെന്നാണ് അറിയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞാണ് സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവല്ലയില്‍ ബിജെപി സ്ഥാനാര്‍ത്ഥി അശോകന്‍ കുളനടയും മത്സരത്തില്‍ നിന്നും പിന്‍മാറുന്നതായി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്നുണ്ടായ പരസ്യ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് തീരുമാനം. അമ്പലപ്പുഴയില്‍ മത്സരിക്കുന്ന യുവമോര്‍ച്ച ദേശീയ സെക്രട്ടറി അമ്പലപ്പുഴയില്‍ നിന്നും മാറി തിരുവല്ലയില്‍ നിന്നും മത്സരിച്ചേക്കുമെന്നാണ് വിവരം.

കുന്നത്തുനാടിലെയും മൂവാറ്റുപുഴയിലെയും ബിജെപി സ്ഥാനാര്‍ത്ഥികളും മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കുമെന്നാണ് വിവരം. അതേസമയം ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രന് സീറ്റ് നല്‍കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല. ക‍ഴക്കൂട്ടത്ത് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് വരുന്ന പ്രമുഖ നേതാവ് മത്സരിക്കുമെന്നുമാണ് വി മുരളീധരന്‍ നല്‍കുന്ന സൂചന. കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.