കേരളത്തിന് ആശ്വാസമാകുന്നു : കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്; ആരോ​ഗ്യമേഖലയുടെ പ്രവർത്തനം മികച്ചതെന്ന് റിപ്പോർട്ട്

0
71

സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നു. രോഗത്തിന്റെ രണ്ടാം തരംഗമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നിലനിൽക്കെയാണ് രോഗികളുടെ എണ്ണം കഴിഞ്ഞ ഒരാഴ്ച യായി താഴുന്ന പ്രവണത കാണിക്കുന്നത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 32,174 ആണ്. ഒക്ടോബറിൽ ഇത് തൊണ്ണൂറ്റേഴായിരം കടന്നിരുന്നു. ഫെബ്രുവരി മധ്യത്തോടെയാണ് രോഗികളുടെ നിരക്ക് കുറഞ്ഞുതുടങ്ങിയത്.

രോഗമുക്തിനിരക്ക് 96.6 ശതമാനമാണിപ്പോൾ. കഴിഞ്ഞ ഒരാഴ്ചയായി രോഗികളുടെ എണ്ണത്തിലെ വളർച്ച 0.2 ശതമാനം മാത്രമാണ്. പോസിറ്റീവ് ആകുന്നവരുടെ നിരക്ക് കഴിഞ്ഞ ഒരാഴ്ച ശരാശരി 3.72 ശതമാനമാണ്. ഒരുഘട്ടത്തിൽ സംസ്ഥാന ശരാശരി 8.93 ശതമാനത്തിലെത്തിയിരുന്നു. ഏതാണ്ട് അരലക്ഷത്തോളം പരിശോധനകളാണ് ദിവസം നടത്തുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞദിവസംവരെ 12,73,856 പേർ ആദ്യ ഡോസ് കോവിഡ് പ്രതിരോധമരുന്ന് സ്വീകരിച്ചു. ഇതിൽ 2,64,844 പേർക്ക് രണ്ടാം ഡോസും നൽകിക്കഴിഞ്ഞു. അറുപതിനുമേൽ പ്രായമായവരിൽ 4,69,910 പേരാണ് വെള്ളിയാഴ്ച വരെ വാക്‌സിൻ സ്വീകരിച്ചത്. 45-നും 59-നും ഇടയിൽ പ്രായമായ ഗുരുതരരോഗബാധിതരായ 25,105 പേരും ആദ്യ ഡോസ് സ്വീകരിച്ചു. തിരഞ്ഞെടുപ്പുചുമതലയുള്ള 2,74,449 പേരും കുത്തിവെപ്പടുത്തു. സംസ്ഥാന ജനസംഖ്യയിൽ 3.48 ശതമാനം പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്.കോവിഡ് പ്രതിരോധത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്.