തൃശൂർ നാട്ടികയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ ചരമ കോളത്തിൽ കയറ്റി ബിജെപി പത്രം. ജന്മഭുമി പത്രമാണ് സിപിഐ സ്ഥാനാർത്ഥി സി.സി. മുകുന്ദൻ മരിച്ചുവെന്ന് വാർത്ത നൽകിയത്.ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ജന്മഭൂമി തൃശൂർ എഡിഷനിലാണ് വാർത്ത വന്നത്. സംഭവം വിവാദമായതിനെ തുടർന്ന് പത്രത്തിന്റെ ഇ-പതിപ്പ് പിൻവലിച്ചിട്ടുണ്ട്. ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ അറിയിച്ചു.
കറുത്തവരേയും ഹിന്ദുത്വത്തിൻ്റെ ജാതി ശ്രേണിയിലെ താഴ്ന്നവരേയും കാണുമ്പോൾ ജന്മഭൂമിക്കുണ്ടാകുന്ന അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാകുന്നെതെന്ന് വ്യക്തം.
‘ഇത് അധസ്ഥിതൻ്റെ രാഷ്ട്രീയ മുന്നേറ്റത്തോടുള്ള ജന്മി നാടുവാഴിത്തത്തിൻ്റെ അസഹിഷ്ണതയുടെ പ്രകടനമാണ്. ശക്തമായ പ്രതിഷേധങ്ങൾ ഉയരണം.’ എന്ന് അശോകൻ ചെരുവിൽ പ്രതികരിച്ചു.
ജൻമഭൂമിയും ബിജെപി സംസ്ഥാന നേതൃത്വവും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. സഖാവ് പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് നേരത്തെ ജന്മഭൂമി കാർട്ടൂൺ വരച്ചിരുന്നു.
മാധ്യമ പ്രവർത്തനത്തിന്റെ അന്തസ്സിന് നിരക്കാത്ത പ്രവർത്തിയാണ് ജന്മഭൂമി ചെയ്തിരിക്കുന്നത്. ബിജെപി സ്ഥാനാർഥി നിർണ്ണയം പോലും പൂർണമാകാത്ത സാഹചര്യത്തിൽ ജന്മഭുമിയുടെ നീക്കം പരാജയം ഭയന്നിട്ട് ആണെന്ന് വ്യക്തം.
എത്രത്തോളം ഉത്തരവാദിത്വ രഹിതമായ രീതിയിലാണ് വാർത്തകൾ ജന്മഭൂമി കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നത് ഈ വാർത്ത. അടിസ്ഥാന രഹിതമായ വാർത്തകൾ നൽകുമ്പോൾ അത് പരിശോധിക്കാൻ പോലും ജന്മഭൂമി തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം.