നേതാക്കളുടെ കൂട്ടരാജി; ലീഗിലും ജോസഫിലും പ്രതിഷേധം, തമ്മിൽ തല്ലി യുഡിഎഫ്‌

0
65

കോൺഗ്രസിലെ സ്ഥാനാർഥിത്തർക്കം രൂക്ഷമാകുന്നു.മുതിർന്ന നേതാക്കൾ കൂട്ടത്തോടെ രാജിവെച്ചു. വിവിധ ജില്ലകളിൽ നൂറുകണക്കിന്‌ പേർ പരസ്യപ്രതിഷേധവുമായി തെരുവിലിറങ്ങി.

ഉപരോധവും രാപ്പകൽ സമരവും പൊട്ടിക്കരച്ചിലുകളും അരങ്ങേറിയതോടെ കോൺഗ്രസ്‌ പൊട്ടിത്തെറിയിലേക്ക്‌. കൊല്ലം, കാസർകോട്‌, എറണാകുളം, പാലക്കാട്‌ തുടങ്ങിയ ജില്ലകളിലെ ഡിസിസി സെക്രട്ടറിമാരും മണ്ഡലം ഭാരവാഹികളുമാണ്‌ രാജിവച്ചത്‌.

ഞായറാഴ്ച കോൺഗ്രസ്‌ സ്ഥാനാർഥിപ്പട്ടിക പുറത്തുവരുമെന്നാണ്‌ പ്രതീക്ഷ. അതിനു മുമ്പുതന്നെ നടന്ന പ്രകടനങ്ങളിൽ സ്ത്രീകളടക്കം അണിനിരന്നു.

കോൺഗ്രസിലും മുസ്ലിംലീഗിലും സ്ഥാനാർഥികൾക്കെതിരെ പ്രകടനങ്ങളും വെല്ലുവിളികളും ഉയർന്നപ്പോൾ, കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗത്തിൽ സീറ്റ്‌ കിട്ടാത്തതിൽ പ്രതിഷേധിച്ച്‌ മുതിർന്ന നേതാക്കൾ രംഗത്തുവന്നു.

തിരൂരങ്ങാടി, കൊടുവള്ളി, കോഴിക്കോട്‌ സൗത്ത്‌ മണ്ഡലങ്ങളിലെ ലീഗ്‌ സ്ഥാനാർഥികളെ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രവർത്തകർ സംഘടിച്ച്‌ പാണക്കാട്‌ എത്തി പ്രതിഷേധം അറിയിച്ചു.

തിരൂരങ്ങാടിയിൽ ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിനെയും കൊടുവള്ളിയിൽ എം കെ മുനീറിനെയും മാറ്റണമെന്നാണ്‌ ആവശ്യം. കളമശേരിയിൽ വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ ഗഫൂറിനെ അംഗീകരിക്കില്ലെന്ന്‌ അഹമ്മദ്‌ കബീർ വിഭാഗം പാണക്കാട്ട്‌ തങ്ങളെ അറിയിച്ചു.

പാലക്കാട്‌ മലമ്പുഴ മണ്ഡലത്തിലടക്കം സീറ്റ്‌ കച്ചവടം നടത്തിയെന്ന ആരോപണവുമായി സംസ്ഥാന നേതൃത്വത്തിനെതിരെ നേതാക്കളടക്കം രംഗത്തുവന്നു. കൊല്ലത്ത്‌ ഡിസിസി പ്രസിഡന്റ്‌ ബിന്ദു കൃഷ്‌ണയ്‌ക്ക്‌ സീറ്റ്‌ നിഷേധിച്ചതിൽ പ്രതിഷേധിച്ച്‌ ഡിസിസി ഭാരവാഹികളും മുഴുവൻ മണ്ഡലം ഭാരവാഹികളും രാജിവച്ചു.

തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ രാജിവയ്‌ക്കുമെന്ന്‌ ഡിസിസി ജനറൽ സെക്രട്ടറിമാർ മുന്നറിയിപ്പ്‌ നൽകി. ഇരിക്കൂറിൽ രണ്ട്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ രാപ്പകൽ സമരം തുടങ്ങി. കാസർകോട്‌ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധയോഗം ചേർന്നു. ഇവരെ ‘ഇരിക്കുന്ന കൊമ്പു മുറിക്കുന്നവർ’ എന്ന്‌ വിളിച്ച്‌ രാജ്‌മോഹൻ ഉണ്ണിത്താൻ ആക്ഷേപിച്ചു.

മുസ്ലിംലീഗിൽ നിശ്ചയിച്ച സ്ഥാനാർഥികളെ മാറ്റണമെന്ന്‌ ആവശ്യമുയരുന്നതും പാണക്കാട്‌ സംഘടിച്ചെത്തി പ്രതിഷേധിക്കുന്നതും ആദ്യമാണ്‌. സംസ്ഥാന ജനറൽ സെക്രട്ടറിയെ ചോദ്യംചെയ്‌ത്‌ പ്രവർത്തകരിറങ്ങിയത്‌ പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരെ ഞെട്ടിച്ചു. മുസ്ലിംലീഗിന്‌ നൽകിയ പേരാമ്പ്രയും കോങ്ങാടും പുനലൂരും കോൺഗ്രസ്‌ ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെട്ടും പ്രകടനം നടന്നു.

കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്‌ നൽകിയ പത്ത്‌ സീറ്റിൽ തിരുവല്ല, ഏറ്റുമാനൂർ മണ്ഡലങ്ങളിൽ നേതൃത്വം വഞ്ചിച്ചെന്നാണ്‌ ആക്ഷേപം. ജോണി നെല്ലൂർ, തിരുവല്ല സീറ്റ്‌ മോഹിച്ച ജോസഫ്‌ എം പുതുശ്ശേരി, വിക്‌ടർ എം തോമസ്‌ എന്നിവരാണ്‌ പി ജെ ജോസഫിനെതിരെ അമർഷവുമായി രംഗത്തുവന്നത്‌.