ബോക്‌സിങ് ഇതിഹാസം മാര്‍വിന്‍ ഹാഗ്ലര്‍ അന്തരിച്ചു

0
80

ലോക മിഡില്‍വെയ്റ്റ് ബോക്‌സിങ് ഇതിഹാസവും നടനുമായ മാര്‍വിന്‍ ഹാഗ്‌ളര്‍ എന്ന മാര്‍വലസ് മാര്‍വിന്‍ ഹെഗ്‌ളര്‍ (66) അന്തരിച്ചു. ഭാര്യ കെയ് ജി ഹാഗ്‌ളറാണ് ഭര്‍ത്താവിന്റെ മരണവാര്‍ത്ത അറിയിച്ചത്. ന്യൂഹാംപ്ഷയറിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കെയ് കുറിച്ചു.

എഴുപതുകളിലും എണ്‍പതുകളിലും പ്രൊഫഷണല്‍ ബോക്‌സിങ് റിങ് അടക്കിവാണ ചോദ്യംചെയ്യപ്പെടാത്ത രാജാവായിരുന്നു ഹാഗ്‌ളര്‍. അറുപത്തിയേഴ് പോരാട്ടങ്ങളില്‍ അറുപത്തിരണ്ടിലും ഹാഗ്‌ളര്‍ക്കായിരുന്നു ജയം. ഇതില്‍ തന്നെ അമ്പത്തിരണ്ടെണ്ണം നോക്കൗട്ടുമായിരുന്നു.

മിഡില്‍വെയ്റ്റ് ബോക്‌സിങ്ങിൽ അക്കാലത്ത് ഹാഗ്‌ളറുടെ ഇടങ്കൈ പഞ്ചുകളെ നേരിടാന്‍ കെല്‍പുള്ളവര്‍ ഏറെയുണ്ടായിരുന്നില്ല. 1985ല്‍ ലാസ് വേഗാസിലെ സീസര്‍ പാലസില്‍ തോമസ് ഹിറ്റ്മാൻ ഹേണ്‍സിനെതിരായ ഹാഗ്‌ളറുടെ ബൗട്ട് ഏറെ പ്രശസ്തമായിരുന്നു. ഹാഗ്‌ളര്‍ എട്ട് മിനറ്റ് കൊണ്ട് ഹിറ്റ്മാനെ നിലംപരിശാക്കിയ ആ പോരാട്ടം ഇന്നും ബോക്‌സിങ് ചരിത്രത്തിലെ ഒരു ക്ലാസിക്കായാണ് കണക്കാക്കപ്പെടുന്നത്.

തുടര്‍ച്ചയായ പന്ത്രണ്ട് തവണയാണ് ഹാഗ്‌ളര്‍ വേള്‍ഡ് ബോക്‌സിങ് കൗൺസിലിന്റെയും വേള്‍ഡ് ബോക്‌സിങ് അസോസിയേഷന്റെയും ലോകകിരീടങ്ങള്‍ നിലനിര്‍ത്തിയത്. 1986ലാണ് ഹാഗ്‌ളറുടെ റിങ്ങിലെ അവസാന ജയം.

റിങ്ങിനോട് വിടപറഞ്ഞ് കമന്ററിയിലേയ്ക്കും അഭിനയത്തിലേയ്ക്കും തിരിഞ്ഞ ഹാഗ്‌ളറെ ഇന്റര്‍നാഷണല്‍ ബോക്‌സിങ് ഹാള്‍ ഓഫ് ഫെയിമിലും ഉള്‍പ്പെടുത്തി. ബോക്‌സിങ് ഇല്ലസ്‌ട്രേറ്റഡ് മാഗസിന്‍ 1980ല്‍ ഹാഗ്‌ളറെ ദശാബ്ദത്തിന്റെ പോരാളിയായാണ് വിശേഷിപ്പിച്ചത്. റിങ് മാഗസിന്‍ രണ്ട് തവണ ഫൈറ്റര്‍ ഓഫ് ദി ഇയര്‍ പട്ടവും സമ്മാനിച്ചിരുന്നു.

ന്യൂജെഴ്‌സിയിലെ കുപ്രസിദ്ധമായ നെവാക്ക് കലാപത്തിന്റെ തിക്തഫലം അനുഭവിച്ചാണ് ഹാഗ്‌ളര്‍ വളര്‍ന്നുവലാതായത്. വീട് നഷ്ടപ്പെട്ട് അനാഥാലയത്തില്‍ താമസിക്കുകയും പിന്നീട് മസാച്ചുസെറ്റ്‌സിലേയ്ക്ക് പലായനം ചെയ്യേണ്ടിയും വന്നിട്ടുമുണ്ട്.

ലിയോണാര്‍ഡിനോടേറ്റ വിഖ്യാതമായാ തോല്‍വിക്കുശേഷം റിങ് വിട്ട ഹാഗ്‌ളര്‍ പിന്നീട് അഭിനയത്തിലേയ്ക്ക് തിരിഞ്ഞു. ഹോളിവുഡിലെ ആക്ഷന്‍ ചിത്രങ്ങളില്‍ പിന്നീട് സജീവ സാന്നിധ്യമായി. ഇന്‍ഡിയോ, ഇന്‍ഡിയോ2, വെര്‍ച്വല്‍ വെപ്പണ്‍ തുടങ്ങിയവയായിരുന്നു ശ്രദ്ധേയമായ ചിത്രങ്ങള്‍.