പുതുപ്പള്ളിക്കാരെകൊണ്ട്‌ പ്രതിഷേധ നാടകം കളിപ്പിച്ച്‌ ഉമ്മൻചാണ്ടി

0
91

പുതുപ്പള്ളിക്കാരെകൊണ്ട്‌ പ്രതിഷേധ നാടകം കളിപ്പിച്ച്‌ ഉമ്മൻചാണ്ടി തിരിച്ചെത്തി. ഉമ്മൻചാണ്ടിയെ പുതുപ്പള്ളിക്കാർ വിട്ടുതരില്ലെന്ന്‌ വിളിച്ചു പറയുന്ന അനുയായികൾക്കിടയിലേക്ക്‌ രാവിലെ പതിനൊന്ന്‌ മണിയോടെയാണ്‌ ഉമ്മൻചാണ്ടി ഡൽഹിയിൽ നിന്നും വന്നിറങ്ങിയത്‌.

ഉമ്മൻചാണ്ടിയെ നേമത്തേക്ക്‌ വിട്ടുകൊടുക്കില്ലെന്ന്‌ പറഞ്ഞ്‌ രാവിലെ തന്നെ ഒരാൾ ഉമ്മൻചാണ്ടിയുടെ വീടിന്‌ മുകളിൽ കയറി ആത്‌മഹത്യ ഭീഷണി മുഴക്കിയിരുന്നു. രാഹുൽഗാന്ധി പറഞ്ഞാലും ഉമ്മൻചാണ്ടിയെ വിട്ടുതരില്ലെന്ന്‌ പറഞ്ഞാണ്‌ പുരപ്പുറത്ത്‌ കയറിയിരുന്നത്‌. രാവിലെ മുതൽ ചാനലുകളും മത്സരിച്ച്‌ ഈ ദൃശ്യം കാണിച്ചുകൊണ്ടിരുന്നു. അതേസമയം തങ്ങളെ സഹോദരനെ എവിടേക്കും വിട്ടുകൊടുക്കില്ലെന്ന്‌ പറഞ്ഞ്‌ മഹിളാ പ്രവർത്തകരും ജാഥയായെത്തി വീടിന്‌ മുന്നിൽ കുത്തിയിരുപ്പ്‌ തുടങ്ങി.

ഉമ്മൻചാണ്ടിയുടെ വാഹനം തടഞ്ഞും പ്രതിഷേധക്കാർ രംഗം കൊഴുപ്പിച്ചു. വീടിന്‌ മുന്നിൽ പ്രകടന നടത്തുന്നവർക്ക്‌ ഇടയിലേക്ക്‌ ഉമ്മൻചാണ്ടിയെത്തിയതും ‘‘ഞങ്ങടെ കുഞ്ഞുഞ്ഞാ .. വിട്ടുതരില്ലെന്ന്‌’’ നിലവിളികളായി. ഇതിനിടെ കാറിൽനിന്നിറങ്ങിയ ഉമ്മൻചാണ്ടി പുതുപ്പള്ളി വിട്ടുപോവില്ലെന്ന്‌ അറിയിച്ചതോടെ കയ്യടികളായി. ഇത്‌കേട്ടതോടെ ആത്‌ഹത്യാ ഭീഷണിക്കാരനും നിലത്തിറങ്ങി. നേമത്ത്‌ മത്സരിക്കാൻ ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

അഞ്ചുദിവസമായി ഡൽഹിയിൽ സ്‌ക്രീനിങ് ചർച്ച നടത്തിയിട്ടും നേമമടക്കമുള്ള സ്‌റ്റുകളിൽ കോൺഗ്രസിന്‌ സ്‌ഥാനാർഥികളെ കണ്ടെത്താൻ കഴിയാതെ തിരിച്ചുവരുമ്പോഴാണ്‌ രംഗം കൊഴുപ്പിക്കാൻ പുതുപ്പള്ളിക്കാരെക്കൊണ്ട്‌ പ്രതിഷേധനാടകം നടത്തിയത്‌.

നേമത്ത്‌ ഉമ്മൻചാണ്ടി മത്സരിക്കുമെന്ന്‌ വാർത്തകളുണ്ടായിരുന്നു. പിന്നീട്‌ ചെന്നിത്തലയുടേയും ശശി തരൂരിനന്റെയും കെ സി വേണു ഗോപാലിന്റെയും പേരുകൾ പറഞ്ഞുകേട്ടു . ആരും മത്സരിക്കാൻ തയ്യാറാകാതിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും ഉമ്മൻചാണ്ടിയുടെ പേര്‌ ഉയർന്നുവന്നതോടെയാണ്‌ പുതുപ്പള്ളി ഉറപ്പിക്കാൻ പ്രതിഷേധ നാടകം നടത്തിയത്‌. കോട്ടയം ഡിസിസിയും ഉമ്മൻചാണ്ടിയെ പുതുപള്ളിയിൽ മത്സരിപ്പിക്കമെന്നാവശ്യപ്പെട്ട്‌ ഹൈക്കമാൻഡിന്‌ കത്തയച്ചിട്ടുണ്ട്‌.

അതേസമയം നേമത്ത്‌ മത്സരിപ്പിക്കാൻ കോൺഗ്രസ്‌ നോക്കിവെച്ചിരുന്ന കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ്‌ ഇന്നലെ രാജിവെച്ച്‌ ബിജെപിയിൽ ചേർന്നിട്ടുണ്ട്‌.