BREAKING: ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റായി കോൺഗ്രസ് മാറി: മുഖ്യമന്ത്രി

0
135

ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റായി കോൺഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 35 സീറ്റ് കിട്ടിയാൽ കേരളത്തിൽ ഭരിക്കുമെന്നാണ് ബി ജെ പിയുടെ നേതാവ് പറഞ്ഞത്. ബാക്കി ഞങ്ങൾ ഉണ്ടാക്കിക്കൊള്ളുമെന്നാണ്. ഭരണത്തിലെത്താൻ 71 സീറ്റ് കിട്ടേണ്ടയിടത്താണ് 35 കിട്ടിയാൽ ഭരിക്കുമെന്ന് പറയുന്നത് എങ്ങനെയാണ്.

അവിടെയാണ് കോൺഗ്രസിലുള്ള ബിജെപിയുടെ വിശ്വാസം. ഒരു ഫിക്സഡ് ഡെപ്പോസിറ്റായി കോൺഗ്രസ് ഇവിടെയുണ്ട്. ഈ ഫിക്സഡ് ഡെപ്പോസിറ്റുകളെ അയക്കണോയെന്ന് യുഡിഎഫിനെ പിന്തുണക്കുന്നവർ പോലും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. തങ്ങൾ വഞ്ചിതരാകരുതെന്നാണ് എല്ലാവരും ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസുകാരായി ജയിച്ചു വന്നവരെല്ലാം ബി ജെ പി ക്കാരായത് എത്ര സ്ഥലത്ത് കണ്ടു. കോൺഗ്രസിനെ ജയിപ്പിച്ചതുകൊണ്ടു മാത്രം നില നിൽക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി തന്നെയാണ് പറഞ്ഞത്. വലിയ ഭൂരിപക്ഷം ഉണ്ടായാലേ നിലനിൽക്കൂവെന്നല്ലേ പറഞ്ഞത്. എന്നിട്ടും നയത്തിൽ എന്തങ്കിലും പിഴവ് പറ്റിയോ എന്ന് നിങ്ങൾ പരിശോധിച്ചോ.

ബി ജെ പി ആകാൻ മടിയില്ല എന്ന് പരസ്യമായി പറയുന്ന കോൺഗ്രസ്‌ നേതാവ് ഇവിടെ ഇല്ലേ. എന്നിട്ട് പറയുകയാണ്, കോൺഗ്രസ്‌ ജയിച്ചില്ലെങ്കിൽ ബിജെപി വളരുമെന്ന്. എവിടെയെങ്കിലും നിങ്ങൾക്ക് ബിജെപിയെ ചെറുത്തു നിൽക്കാനായോ. മതനിരപേക്ഷ മനസുള്ളവരാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും. മതനിരപേക്ഷതയ്ക്ക് രാജ്യത്ത് വലിയ ആപത്ത് സംഭവിക്കുകയാണ്. ആർഎസ്‌എസ്‌ ആണ് ഭരണഘടനയെ തകർക്കാൻ എന്നും ശ്രമിച്ചത്. ഒരു കാലത്ത് രഹസ്യമായി ചെയ്തു.

ഇപ്പോൾ പരസ്യമായി ചെയ്യുന്നു. എല്ലാ രാഷ്ട്രങ്ങളും തള്ളിപ്പറഞ്ഞ ഹിറ്റ്‌ലർ മാതൃക ആർഎസ്‌എസ്‌ മാത്രമാണ് ഉൾക്കൊണ്ടത്. അവർക്ക് ശരിയെന്നു തോന്നുന്നത് അവർ ഇവിടെ നടപ്പാക്കുന്നു. മതനിരപേക്ഷ ശക്തികൾ ഇത്‌ ചോദ്യം ചെയ്യുന്നു. സംസ്ഥാന സർക്കാർ ഈ നിലപാടിൽ ഉറച്ചു നിൽക്കുന്നു. ഭരണഘടന സംരക്ഷിക്കാൻ ഈ നാട്ടിലെ ജനങ്ങൾ സംസ്ഥാന സർക്കാറിനോടൊപ്പം ചേർന്നു നിന്നു.

കേരളം ഇന്ന് സ്വീകരിക്കുന്ന നിലപാട് കൂടുതൽ ശക്തിപ്പെടണമെന്ന് മതനിരപേക്ഷത ആഗ്രഹിക്കുന്ന ജനങ്ങൾ ആഗ്രഹിക്കുന്നു. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. വർഗീയതയുടെ അടയാളം പേറുന്നവർക്ക് ഇതിന് കഴിയില്ല. പല വിഷയങ്ങളിലും വർഗീയതയുമായി സമരസപ്പെടുന്ന കോൺഗ്രസിനെയാണ് നാം കണ്ടത്.

കോൺഗ്രസ്‌ എന്ന പാർട്ടി ഇത്രയും ദുർബലമാകാൻ കാരണമെന്താണ്. നിരവധി വർഷം ഇന്ത്യ ഭരിച്ച പാർട്ടിയുടെ ഇന്നത്തെ സ്ഥിതി എന്താണ്. നേതാക്കൾ എവിടെയാണിപ്പോൾ. എത്രപേരാണ് ബി ജെ പിയിലെത്തിയത്. എന്നിട്ടും അനുഭവത്തിൽ നിന്നും പാഠം പഠിക്കാൻ കോൺഗ്രസ് തയ്യാറായോ.