BREAKING : ഇഡിക്ക് കുരുക്ക് മുറുകുന്നു, മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകാൻ സമ്മർദം; ജഡ്ജിക്ക് സന്ദീപ് നായരുടെ കത്ത്

0
93

സ്വര്‍ണക്കടത്ത് കേസിൽ ഇഡിക്ക് കുരുക്ക് മുറുകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ എതിരെ മൊഴി നൽകാൻ ഇഡി ചെലുത്തിയെന്ന് സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സന്ദീപ് നായർ.

ജയിലിൽ നിന്ന്‌ എറണാകുളം ജില്ലാ സെഷൻസ്‌ ജഡ്‌ജിക്ക്‌ അയച്ച കത്തിലാണ്‌ സന്ദീപ്‌ നായരുടെ വെളിപ്പെടുത്തൽ.സ്വര്‍ണക്കടത്തിലെ പണനിക്ഷേപം അന്വേഷിച്ചില്ലെന്നും ഇല്ലാക്കഥകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും കത്തിലുണ്ട്.

മന്ത്രിമാരുടേയും ഉന്നതരുടേയും പേരുപറഞ്ഞാൽ ജാമ്യം കിട്ടാൻ സഹായിക്കാമെന്ന്‌ ഇഡി ഉറപ്പുനൽകിയെന്നും കത്തിൽ പറയുന്നു. ഉന്നത നേതാവിന്റെ മകനെതിരെ മൊഴി നൽകാനും സമ്മർദ്ദമുണ്ടായി. തന്റെ ജീവന്‌ ഭീഷണിയുണ്ടെന്നും സന്ദീപ്‌ നായർ കത്തിൽ വ്യക്‌തമാക്കി.അന്വേഷണ ഉദ്യോഗസ്ഥനായ രാധാകൃഷ്ണനെതിരെയാണ്‌ ആരോപണം.

കേസിൽ നിരുത്തരവാദപരമായ അന്വേഷണമാണ്‌ നടക്കുന്നത്‌. സ്വർണക്കടത്തിലെ പണനിക്ഷേപം അന്വേഷിച്ചില്ല.ഇല്ലാ കഥകൾ മാധ്യമങ്ങൾക്ക്‌ നൽകി. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിച്ചു.

അവര്‍ പറയുന്ന ചില കമ്പനികള്‍ തനിക്ക്‌ അറിയില്ലെങ്കിലും അവയിലെല്ലാം മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ പങ്കുണ്ടെന്ന് താന്‍ മൊഴിനല്‍കണമെന്ന്‌ നിര്‍ബന്ധിച്ചതായും സ്വന്തം കൈപ്പടയിലെഴുതിയ കത്തില്‍ പറയുന്നു.

സന്ദീപ് നായരുടെ അഭിഭാഷകന്‍ വഴിയാണ് കത്ത് സെഷന്‍സ് ജഡ്ജിക്ക് കൈമാറിയത്. നേരത്തെ സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌നയും ഇഡിക്കെതിരെ സമാനമായ ആരോപണമുന്നയിച്ചിരുന്നു.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കുന്നവെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ആരോപണങ്ങള്‍ വെളിവാകുന്ന കൂടുതല്‍ തെളിവുകളും വസ്തുതകളും പുറത്തുവരുന്നത്.