ഹൈക്കമാൻഡ് ഫോർമുലയ്ക്ക് എതിരെ സംസ്ഥാന ഘടകം, നടപടിയാകാതെ കോൺഗ്രസ് സ്ഥാനാർഥി നിർണ്ണയം

0
69

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണ്ണയത്തിൽ കോൺഗ്രസിൽ വീണ്ടും തർക്കം. ഹൈക്കമാൻഡ് നിർദേശിച്ച ഫോർമുലയ്ക്ക് എതിരെ സംസ്ഥാന ഘടകം രംഗത്ത്. യാഥാർത്ഥ്യ ബോധത്തോടെ ഉള്ള നിർദ്ദേശങ്ങൾ ഹൈക്കമാൻഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആരോപിച്ചു.

ചേരിതിരിവ് അനുവദിക്കില്ലെന്നും ഗ്രൂപ്പ് വീതംവയ്പ് അംഗീകരിക്കില്ലെന്നും ആണ് ഹൈക്കമാൻഡിന്റെ നിലപാട്. നേത്യത്വത്തിന്റെ സന്ദേശം എഐസിസി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, താരിഖ് അൻവർ എന്നിവർ ആണ് സംസ്ഥാന ഘടകത്തെ അറിയിച്ചത്. പട്ടികയിൽ 60% പുതുമുഖങ്ങളും ബാക്കി സീറ്റുകളിൽ മുതിർന്നവരും എന്നതാകും ഫോർമുല എന്നും ഹൈക്കമാൻഡ് വ്യക്തമാക്കി.

എന്നാൽ ഇതിനെതിരെയാണ് നേതാക്കൾ രംഗത്തുവന്നത്.വിജയം ഉറപ്പുള്ള തങ്ങൾ നിർദ്ദേശിയ്ക്കുന്ന ആളുകളെ മത്സരിയ്ക്കാൻ അനുവദിക്കാത്തത് തിരിച്ചടിയ്ക്ക് കാരണം ആകും എന്നും സംസ്ഥാനത്തെ നേതാക്കൾ വാദിക്കുന്നുണ്ട്.

ഇന്നലെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേർന്ന് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനായിരുന്നു തിരുമാനിച്ചിരുന്നത്. ഇത് പക്ഷേ ഇന്നലെ നടന്നില്ല. പ്രതിസന്ധി ഇല്ലെന്ന് വരുത്താൻ സിറ്റിംഗ് എംഎൽഎമാർ അടങ്ങിയ 26 സീറ്റുകളിലെ ആദ്യഘട്ടപട്ടിക ഇന്ന് വൈകിട്ട് പുറത്തിറക്കാനാണ് ഇപ്പോഴത്തെ ശ്രമം.